കൊച്ചി: മീഡിയവൺ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി മരവിപ്പിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി തിങ്കളാഴ്ച വരെ നീട്ടി. തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കുന്നത് വരെ മീഡിയവണിന് സംപ്രേഷണം തുടരാം.

ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് അടക്കം പുറപ്പെടുവിച്ച ഉത്തരവുകളും രേഖകളും കോടതിക്ക് പരിശോധിക്കേണ്ടതുണ്ട്. കൂടുതൽ രേഖകൾ ഹാജരാക്കാൻ കേന്ദ്ര സർക്കാർ സമയം തേടി. തുടർന്ന് തിങ്കളാഴ്ച വീണ്ടും ഹർജി പരിഗണിക്കാനായി മാറ്റുകയായിരുന്നു. അതുവരെ ചാനൽ അനുമതി റദ്ദാക്കിയത് മരവിപ്പിച്ച നടപടി നിലനിൽക്കുമെന്ന് ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി.

ചാനൽ പ്രവർത്തനത്തിന് 10 വർഷത്തേക്ക് അനുമതി നൽകിയിരുന്നെങ്കിലും തുടർഅനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ കേസ് പരിഗണിക്കവെ വ്യക്തമാക്കി. അനുമതിക്ക് വേണ്ട നടപടിക്രമങ്ങളുടെ ഭാഗമായി ആഭ്യന്തര വകുപ്പിൽ നിന്ന് അനുമതി തേടിയെങ്കിലും സുരക്ഷാ കാരണങ്ങളാൽ നിഷേധിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം കാരണംകാണിക്കൽ നോട്ടീസ് നൽകുകയും അതിന് മറുപടി ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സുരക്ഷാ കാരണങ്ങൾ എന്താണെന്ന് കോടതിയിൽ പരസ്യമായി വെളിപ്പെടുത്താനാകില്ലെന്നും കോടതിക്ക് മുദ്രവെച്ച കവറിൽ നൽകുന്ന രേഖകൾ പരിശോധിക്കാമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

അതേസമയം, കേന്ദ്രാനുമതിയോടെ പ്രവർത്തിക്കുന്ന ചാനലിന് അനുമതി പുതുക്കേണ്ട സമയത്ത് ആദ്യം മുതലുള്ള നടപടിക്രമങ്ങൾ ആവശ്യമില്ലെന്ന് ഹർജിക്കാർ വ്യക്തമാക്കി. അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ചട്ടങ്ങളും ലംഘിക്കപ്പെട്ടാലല്ലാതെ അനുമതി റദ്ദാക്കാനോ പുതുക്കി നൽകാതിരിക്കാനോ സാധ്യമല്ല. അത്തരം ആരോപണങ്ങളോ പരാതികളോ ചാനലിനെതിരെ നേരത്തെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ മാധ്യമസ്വാതന്ത്ര്യത്തെ മാത്രമല്ല മൗലികാവകാശം കൂടിയാണ് കേന്ദ്ര സർക്കാർ ലംഘിക്കുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

ജമാ അത്തെ ഇസ്ലാമിയുടെ ഉടമസ്തതയിലുള്ള മീഡിയ വൺ ചാനലിന് ഇത് രണ്ടാം തവണയാണ് കേന്ദ്രം വിലക്കേർപ്പെടുത്തുന്നത്.