- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് അരങ്ങേറാൻ പോകുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം'; കപ്പ് നിലനിർത്തുന്നത് എൽഡിഎഫ്; ഇടതിന് 73 മുതൽ 78 വരെ സീറ്റ് പ്രവചിക്കുമ്പോൾ യുഡിഎഫിന് 60 മുതൽ 65 സീറ്റ് വരെ; മുഖ്യമന്ത്രിയായി പിണറായി തുടരണമെന്ന് ഭൂരിപക്ഷം പേരും; ജോസ് കെ മാണി വന്നത് എൽഡിഎഫിനും മുരളീധരൻ നേമത്ത് വന്നത് യുഡിഎഫിനും ഗുണം: മീഡിയവൺ-പൊളിറ്റിക്യു മാർക്ക് സർവേ
തിരുവനന്തപുരം: അഭിപ്രായ സർവേകൾക്ക് കാതോർക്കുകയും, കണ്ണ് കൂർപ്പിക്കുകയും ചെയ്യരുതെന്ന് രാഷ്ട്രീയ പാർട്ടികൾ പറഞ്ഞാലും തിരഞ്ഞെടുപ്പ് കാലത്ത് അവ പൊടിപൊടിക്കുകയാണ്. മിക്ക സർവേകളും ഇടതുമുന്നണിക്ക് ഭരണത്തുടർച്ചയാണ് പ്രവചിക്കുന്നത്. മീഡിയവൺ-പൊളിറ്റിക്യു മാർക്ക് സർവേയും വ്യത്യസ്തമല്ല. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ എൽഡിഎഫ് സർക്കാർ കേരളത്തിൽ അധികാരം നിലനിർത്തുമെന്നാണ് പ്രവചനം.
140 മണ്ഡലങ്ങളിലും സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയ ശേഷം നടന്ന സർവേയിൽ നാൽപ്പത് ശതമാനം പേരാണ് എൽ.ഡി.എഫിന് ജയം പ്രവചിച്ചത്. യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ചത് 35 ശതമാനം പേരാണ്. സർവേയിൽ പങ്കെടുത്ത 11 ശതമാനം ആളുകൾ ബിജെപിക്ക് സാധ്യത കൽപ്പിച്ചു.എൽ.ഡി.എഫിന് 73- 78 വരെ സീറ്റുകൾ ലഭിക്കും. 60-65 സീറ്റുകൾ യു.ഡി.എഫും 0-2 സീറ്റുകൾ എൻ.ഡി.എക്കും ലഭിക്കും. മറ്റുള്ളവർക്ക് 0-1 സീറ്റുകളും ലഭിക്കും.
50 ശതമാനം പേർ കേരളത്തിൽ ഭരണമാറ്റം ആവശ്യമില്ലെന്ന് പ്രതികരിച്ചു. 47 ശതമാനം പേർ ഭരണമാറ്റം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ മൂന്നു ശതമാനം പേർ പ്രതികരിച്ചില്ല. ഭരണമാറ്റം വേണമെന്ന് കൂടുതലും ആവശ്യപ്പെട്ടത് മുസ്ലിംകളാണ്, 62 ശതമാനം പേർ. 36 ശതമാനം പേർ ആവശ്യമില്ലെന്ന് അഭിപ്രായപ്പെട്ടു. രണ്ടു ശതമാനം പേർ പ്രതികരിച്ചില്ല.
തെക്കൻ കേരളത്തിലെ 48 സീറ്റുകളിൽ എൽ.ഡി.എഫിന് 23-27 വരെ സീറ്റുകൾ കിട്ടും. യു.ഡി.എഫിന് 20-23 വരെ സീറ്റുകളും കിട്ടും. എൻ.ഡി.എക്ക് 0-1. മധ്യകേരളത്തിൽ എൽ.ഡി.എഫിന് 23-27 സീറ്റും യു.ഡി.എഫിന് 18-21 സീറ്റും മറ്റുള്ളവർക്ക് 0-1 സീറ്റും ലഭിക്കും.വടക്കൻ കേരളത്തിൽ എൽഡിഎഫിന് 25 മുതൽ 29 സീറ്റ് വരെയും, യുഡിഎഫിന് 20 മുതൽ 23 വരെയും എൻഡിഎക്ക് ഒരുസീററും.
മുഖ്യമന്ത്രിയായി പിണറായി പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരണമെന്നാണ് 40 ശതമാനം പേരും അഭിപ്രായപ്പെട്ടത്. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് രണ്ടാം സ്ഥാനത്ത്; 25 ശതമാനം പേരുടെ പിന്തുണ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവണമെന്ന് 10 ശതമാനം പേർ അഭിപ്രായം പ്രകടിപ്പിച്ചു. ബിജെപിയിൽ ചേർന്ന മെട്രോമാൻ ഇ ശ്രീധരൻ മുഖ്യമന്ത്രിയാകണമെന്ന് അഞ്ച് ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന് ഒരു ശതമാനമാളുകളുടെ പിന്തുണ ലഭിച്ചു. 19 ശതമാനം പേർ മറ്റുള്ളവരെയാണ് പിന്തുണച്ചത്.
ബിജെപിയും ഇടതുമുന്നണിയും തെരഞ്ഞെടുപ്പിൽ ധാരണയുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് അഭിപ്രായപ്പെട്ടത് 52 ശതമാനം പേരാണ്. ഉണ്ടെന്ന് 21 ശതമാനം പേർ അഭിപ്രായപ്പെട്ടു. 27 ശതമാനം പേർ പ്രതികരിച്ചില്ല.സർവേയിൽ പങ്കെടുത്ത 59 ശതമാനം പേരും പ്രതികരിച്ചത് ബിജെപിയെ നേരിടാൻ മികച്ച മുന്നണി എൽ.ഡി.എഫ് എന്നാണ്. 35 ശതമാനം പിന്തുണ മാത്രമാണ് യു.ഡി.എഫിന് കിട്ടിയത്. അഞ്ചു ശതമാനം പേർ പ്രതികരിച്ചില്ല.
ബിജെപിയുടെ സിറ്റിങ് മണ്ഡലമായ നേമത്ത് കെ മുരളീരന്റെ സ്ഥാനാർത്ഥിത്വം യു.ഡി.എഫിന് ഗുണകരമാകുമോ എന്ന ചോദ്യത്തിന് 27 ശതമാനം പേർ ഗുണംചെയ്യുമെന്നും, 26 ശതമാനം പേർ ചിലപ്പോൾ ഗുണം ചെയ്‌തേക്കാമെന്നും അഭിപ്രായപ്പെട്ടു. മുരളീധരൻ നേമത്ത് വരുന്നത് കാര്യമായ മാറ്റം കൊണ്ടുവരില്ലെന്ന് 28 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. 19 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.
ജോസ് കെ മാണിയുടെ വരവ് എൽ.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് 56 ശതമാനം പേരും അഭിപ്രായപ്പെട്ടത്. 37 ശതമാനം പേർ ഗുണം ചെയ്യില്ല എന്ന് പ്രതികരിച്ചപ്പോൾ ഏഴു ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.
മറുനാടന് മലയാളി ബ്യൂറോ