ന്റർനെറ്റ് ഉപയോഗ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നെറ്റ് ന്യൂട്രാലിറ്റി സമരത്തിന് പിന്തുണയേറിയതോടെ, രാജ്യത്തെ പ്രമുഖ വെബ്‌സൈറ്റുകൾ ഇന്റർനെറ്റ് ഡോട്ട് ഓർഗിൽനിന്ന് പിന്മാറുന്നു. വമ്പൻ മാദ്ധ്യമ ഗ്രൂപ്പായ ടൈംസ് ഓഫ് ഇന്ത്യയാണ് പിന്മാറ്റത്തിന് തുടക്കമിട്ടത്. ടൈസ് ഗ്രൂപ്പും അതിന്റെ പ്രാദേശിക ഭാഷാ വെബ്‌സൈറ്റുകളായ നവ്ഭാരത് ടൈംസ്, മഹാരാഷ്ട്ര ടൈംസ്, ഇ സമയ്, നവ് ഗുജറാത്ത് സമയ് തുടങ്ങിയ വെബ്‌സൈറ്റുകളും ഇന്റർനെറ്റ് ഓർഗിൽനിന്ന് പിന്മാറുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്.

ടൈംസ് ജോബ്‌സ്, മഹാരാഷ്ട്ര ടൈംസ് എന്നിവ ഇന്റർനെറ്റ് ഓർഗിൽനിന്ന് പിന്മാറുന്നുവെന്നും ടൈസ് ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മാദ്ധ്യമരംഗത്തെ മുഖ്യ എതിരാളികളായ ഇന്ത്യ ടുഡേ, എൻഡിടിവി, ഐബിഎൻ ലൈവ്, ന്യൂസ്ഹണ്ട്, ബിബിസി എന്നിവയും ഇന്റർനെറ്റ് ഓർഗിൽനിന്ന് പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും അവർ സൂചിപ്പിച്ചു. ദൈനിക് ജാഗരൺ, ആജ്തക്ക്, അമർ ഉജാല, മലൈ മലർ, റോയിട്ടേഴ്‌സ്, ക്രിക്ഇൻഫോ തുടങ്ങിയ വെബ്‌സൈറ്റുകളോടും ഇന്റർനെറ്റ് ഓർഗിൽനിന്ന് പിന്മാറാനും നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ അണിചേരാനും ടൈംസ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.

ഇന്റർനെറ്റ് എങ്ങനെ ഉപയോഗിക്കണമെന്ന് യാതൊരു സാഹചര്യത്തിലും ഇന്റർനെറ്റ് സേവനദാതാക്കൾ നിയന്ത്രിക്കാൻ പാടില്ല എന്നുള്ളതാണ് നെറ്റ് ന്യൂട്രാലിറ്റി എന്നതുകൊണ്ട് അടിസ്ഥാനപരമായി ഉദ്ദേശിക്കുന്നത്. സ്വതന്ത്രവും തുല്യവുമായ ഇന്റർനെറ്റിനുവേണ്ടിയുള്ള ആശയം നെറ്റ്‌ന്യൂട്രാലിറ്റി ലോകം മുഴുവൻപടർന്ന ആശയമാണ്. യു.എസ്. ചിലി, നെതർലൻഡ്‌സ്, ബ്രസീൽ എന്നീ രാജ്യങ്ങളിൽ ഇതിനോടകം നെറ്റ് ന്യൂട്രാലിറ്റി സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയിലുംഅതേവഴിക്ക് നീങ്ങാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നതാണ് അതിനുവേണ്ടി ഉയർന്ന പ്രതിഷേധം.

ഡാറ്റ എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉപയോക്താക്കൾക്കായിരിക്കണം എന്ന ആവശ്യമാണ് നെറ്റ് ന്യൂട്രാലിറ്റി ഉയർത്തുന്നത്. എല്ലാ വെബ്‌സൈറ്റുകളും ഒരേ വേഗതയിലും ചെലവിലും ഉപയോഗിക്കാൻ സാധിക്കണം. ഒരു വെബ്‌സൈറ്റിനും മറ്റൊരു വെബ്‌സൈറ്റിനേക്കാൾ പ്രാധാന്യം നൽകാൻ പാടില്ല. ചില വെബ്‌സൈറ്റുകൾ സൗജന്യമാക്കുകയും വേഗം കൂട്ടുകയും ചെയ്താൽ വൻതോതിൽ മുതൽമുടക്കാൻ ശേഷിയുള്ളവർ കാര്യക്കാരാകുന്ന സ്ഥിതിവരും. ഇത് ഇന്റർനെറ്റ് എന്ന ആശയത്തെത്തന്നെ തകർക്കും.

എയർടെൽ അടുത്തിടെ കൊണ്ടുവന്ന എയർടെൽ സീറോ എന്ന പദ്ധതി അത്തരത്തിലൊന്നാണ്. എയർടെല്ലുമായി കരാറിലേർപ്പെട്ടിട്ടുള്ള ചില പ്രത്യേക ആപ്ലിക്കേഷനുകൾക്ക് പണം നൽകേണ്ടതില്ല എന്നതാണ് ഈ പദ്ധതിയുടെ രീതി. ഇത്തരത്തിൽ, ഇന്റർനെറ്റ് ദാതാവും വെബ്‌സൈറ്റുകളുമായുണ്ടാക്കുന്ന കരാറുകൾ ഡാറ്റ ഉപയോഗത്തെ നിയന്ത്രിക്കുന്ന രീതിയാകും ഇതിലൂടെ വരിക. ഇതിനെതിരെയാണ് നെറ്റ് ന്യൂട്രാലിറ്റി മുന്നേറ്റമുണ്ടായത്.

വലുതും ചെറുതുമായ കമ്പനികൾക്ക് ഇന്റർനെറ്റ് ലോകത്ത് ഒരേ സാധ്യതകൾ സമ്മാനിക്കുന്നതുകൊണ്ടാണ് നെറ്റ് ന്യൂട്രാലിറ്റിക്കുവേണ്ടി നിലകൊള്ളുന്നതെന്ന് ടൈംസ് ഗ്രൂപ്പ് വ്യക്തമാക്കി. പക്ഷേ, അതിന് മറ്റ് പ്രമുഖ സ്ഥാപനങ്ങളും തയ്യാറാകണം. വാട്‌സ്ആപ്പ്, വൈബർ, സ്‌കൈപ്പ് തുടങ്ങിയ സർവീസുകൾ സൗജന്യ ഫോൺകോളുകളുമായി രംഗത്തുവന്നതോടെ, ഇന്റർനെറ്റ് ദാതാക്കൾക്ക് നഷ്ടമുണ്ടാകുന്നു വെന്ന ടെലിക്കോം കമ്പനികളുടെ വാദമാണ് ഇന്റർനെറ്റ് ഓർഗിന്റെയും അതിനെതിരെ നെറ്റ് ന്യൂട്രാലിറ്റി മുന്നേറ്റത്തിന്റെയും വരവിന് കാരണമായത്.