ദോഹ: ലോകത്തെമ്പാടും അനാരോഗ്യത്തിന്റെ മുഖ്യ കാരണങ്ങളിലൊന്നായി വിഷാദം മാറിയിരിക്കുകയാണെന്നും വിഷാദമകറ്റി സമാധാനപരമായി ജീവിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നമുക്ക് വിഷാദം സംബന്ധിച്ച് സംസാരിക്കാം എന്ന പ്രമേയത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് മീഡിയ പ്‌ളസും ഫ്രന്റ്‌സ് കൾചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സ്വസ്ഥതയും സമാധാനവും സന്തോഷവും കൊണ്ട് ഓരോ ദിവസും ആഘോഷമാക്കി മാറ്റുവാനാണ് നാം ശ്രമിക്കേണ്ടതെന്ന് സെമിനാർ ഓർമിപ്പിച്ചു.

കുടുംബത്തിന്റേയും കൂട്ടുകാരുടേയും സ്‌നേഹപൂർണവും സൗഹാർദപരവുമായ പ്രവർത്തനങ്ങൾക്ക് ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കുവാൻ കഴിയുമെന്നും ഈ രംഗത്തുണ്ടാകുന്ന വീഴ്ചകൾ പരിഹരിക്കുവാനുള്ള ശ്രമങ്ങൾ അത്യാവശ്യമാണെന്നും സെമിനാറിൽ വിഷയമവതരിപ്പി്ച്ച് സംസാരിച്ച ഡോ. യാസർ അഭിപ്രായപ്പെട്ടു. തങ്ങളെ കേൾക്കുവാനും തങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടുവാനും ആരെക്കൊയോ ഉണ്ടെന്ന സാമൂഹ്യ ബോധം സൃഷ്ടിക്കുന്നതിലൂടെ വിഷാദരോഗവും അനുബന്ധ പ്രശ്‌നങ്ങളും ഒരു പരിധിവരെ പരിഹരിക്കുവാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം വൈസ് പ്രസിഡണ്ട് പി. എൻ. ബാബുരാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ആശയും പ്രതീക്ഷയും പകർന്നുനൽകി മാനമസികാരോഗ്യം ശക്തിപ്പെടുത്തേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.

മീഡിയ പ്‌ളസ് സിഇഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ഓയിൽ ഗ്യാസ് മറൈൻ പബ്‌ളിക്കേഷൻസ് മാനേജിങ് ഡയറക്ടർ രേണു ഗിഹാർ, എല്യാസ് ജേക്കബ്, ഷാജി മോനായ്, അൽ സുൽത്താൻ മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ അബ്ദുൽ സമദ്, പി.കെ. സ്റ്റാർ മാനേജിങ് ഡയറക്ടർ പി.കെ. മുസ്തഫ എന്നിവർ സംസാരിച്ചു. ലോകാരോഗ്യ സംഘടനയുടെ ബോധവൽക്കരണ ഫിലിമുകളുടെ പ്രദർശനത്തോടെയാണ് പരിപാടി ആരംഭിച്ചത്.