- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഫാൽ ഇടപാടിൽ 65 കോടി രൂപ കോഴ നൽകി; പണം കൈമാറാനായി ദസ്സോ ഏവിയേഷൻ ഉപയോഗിച്ചത് വ്യാജ ഇൻവോയിസ്; തെളിവുണ്ടായിട്ടും അന്വേഷണം നടത്തിയില്ല; വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ട്
ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിൽ 65 കോടി രൂപയുടെ കൈക്കൂലി ഇടനിലക്കാരന് ദസോ ഏവിയേഷൻ നൽകിയെന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ട്. വ്യാജ ഇൻവോയിസ് ആണ് പണം കൈമാറാനായി ദസ്സോ ഏവിയേഷൻ ഉപയോഗിച്ചത്. 2018ൽ തന്നെ കൈക്കൂലി കൈമാറിയതിന്റെ തെളിവുകൾ ലഭിച്ചിട്ടും അന്വേഷിക്കുന്നതിൽ അന്വേഷണ ഏജൻസികൾക്ക് വീഴ്ച സംഭവിച്ചതായും മീഡിയപാർട്ട് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഫ്രാൻസിലെ ദസ്സോ ഏവിയേഷനിൽ നിന്ന് 36 യുദ്ധവിമാനങ്ങൾ വാങ്ങിയതിൽ കോഴ ലഭിച്ചുവെന്ന ആരോപണത്തിലാണ് കൂടുതൽ വെളിപ്പെടുത്തൽ മീഡിയപാർട്ട് നടത്തിയിരിക്കുന്നത്. 7.5 കോടി മില്യൺ യൂറോ ഇടനിലക്കാരൻ സുഷെൻ ഗുപ്തക്ക് ദസോ ഏവിയേഷൻ നൽകിയെന്നാണ് റിപ്പോർട്ടിൽ. കൈക്കൂലി നൽകാൻ വ്യാജരേഖകൾ ഉപയോഗിച്ചു.
മൗറീഷ്യസ് ആസ്ഥാനമായ ഇന്റർസ്റ്റെല്ലാർ ടെക്നോളജീസ് എന്ന കമ്പനി മുഖേനെയാണ് കോഴപ്പണം കൈമാറിയിരിക്കുന്നത്. ഐടി കരാറുകളുടേയും മറ്റ് ബില്ലുകളുടേയും മറവിലാണ് സുഷിൻ ഗുപ്ത എന്ന ഇടനിലക്കാരന് പണം കൈമാറിയത്. ഇവയെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജമാണെന്ന് കണ്ടെത്തിയ ബില്ലുകളിൽ ദസ്സോ എന്ന വാക്കുപോലും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2018 ഒക്ടോബർ 11ന് മൗറീഷ്യസിലെ അറ്റോണി ജനറലിന്റെ ഓഫീസ് വഴി ഇടനിലക്കാരന് കോഴ നൽകിയതിന്റെ എല്ലാ രേഖകളും ഇടനിലക്കാരന് ലഭിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഇത് കൈമാറി. ഈ വിവരം സിബിഐക്ക് ലഭിക്കുമ്പോൾ റഫാൽ ഇടപാട് അന്വേഷിക്കണമെന്ന പരാതി സിബിഐക്ക് മുന്നിലുണ്ടായിരുന്നു.
വിവരങ്ങൾ ലഭിച്ചിട്ടും അന്വേഷിക്കാൻ സിബിഐയോ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റോ തയ്യാറായില്ലെന്ന് മീഡിയപാർട്ട് ആരോപിക്കുന്നു. കോഴ കൈമാറിയതിന്റെ വിവരങ്ങൾ ലഭിച്ച് 13 ദിവസം കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടർ അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. അർധരാത്രിയിറങ്ങിയ ഉത്തരവ് പ്രകാരം ജോയിന്റ് ഡയറക്ടർ നാഗേശ്വർ റാവുവിന് താൽക്കാലിക ചുമതല നൽകി. റഫാൽ ഇടപാടിൽ അന്വേഷണം നടന്നേക്കുമെന്ന സൂചനകളെ തുടർന്നായിരുന്നു അലോക് വർമയെ നീക്കം ചെയ്തതെന്ന് പ്രതിപക്ഷം അന്ന് ആരോപിച്ചിരുന്നു.
റഫാൽ യുദ്ധവിമാന ഇടപാടിലെ അഴിമതി ആരോപണത്തെ തുടർന്ന് ഫ്രാൻസിൽ അന്വേഷണം പ്രഖ്യാപിച്ചതായി റമീഡിയപാർട്ട് റിപ്പോർട്ട് ചെയ്തിരുന്നു. ഫ്രഞ്ച് പ്രൊസിക്യൂഷൻ സർവീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് അന്വേഷിക്കുന്നത്. സ്പെഷ്യൽ ജഡ്ജിയുടെ നേതൃത്വത്തിൽ ജൂൺ 14 മുതൽ അന്വേഷണം ആരംഭിച്ചു. അഴിമതി നടന്നോ എന്ന സംശയത്തെ തുടർന്നാണ് അന്വേഷണമെന്ന് ദേശീയ ധനകാര്യ പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ഫ്രഞ്ച് എൻജിഒ ഷെർപയുടെ പരാതിയിലാണ് നടപടി. കരാറിൽ അഴിമതി നടന്നതായും സ്വാധീനം ചെലുത്തപ്പെട്ടതായും ഷെർപ ആരോപിച്ചിരുന്നു.
2021 ഏപ്രിൽ മുതൽ മീഡിയാപാർട്ട് വെബ്സൈറ്റ് റഫാൽ ഇടപാടിൽ നിരവധി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. നേരത്തെ ഇടനിലക്കാർക്ക് 8000 കോടി രൂപ കൈക്കൂലി നൽകിയെന്നും വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിരുന്നു. പബ്ലിക് പ്രൊസിക്യൂഷൻ സർവീസ് മുൻ മേധാവി എലിയാന ഹൗലട്ടിയാണ് അന്വേഷണം നടത്തുന്നത്. ആരോപണങ്ങളിലെ സത്യം പുറത്തുവരണമെന്ന് അവർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്