ദോഹ: നൂതനങ്ങളായ പരസ്യ ഉൽപന്നങ്ങളും സേവനങ്ങളും മുഖ മുദ്രയാക്കി ഖത്തറിലെ പരസ്യ രംഗത്തും ഈവന്റ് മാനേജ്‌മെന്റ് രംഗത്തും സാന്നിധ്യം അടയാളപ്പെടുത്തിയ മീഡിയ പ്ലസ് പത്താം വാർഷികം ആഘോഷിക്കുന്നു. പത്താം വാർഷികത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ദോഹയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മീഡിയ പൽസ് സിഇഒ. അമാനുല്ല വടക്കാങ്ങര വിശദീകരിച്ചു.

ഗൾഫ് മേഖലയിലെ ഡയറക്ടറികളുടെ ചരിത്രത്തിൽ വേറിട്ട പാത വെട്ടിതെളിയിച്ച് രംഗ പ്രവേശം ചെയ്ത ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയുടെ പത്താമത് എഡിഷൻ കൂടുതൽ പുതുമകളോടെ മെയ് മാസം പുറത്തിറങ്ങും. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സജീവ പങ്കാളിത്തത്തോടെയായിരിക്കും ഡയറക്ടറിയുടെ പത്താമത് എഡിഷൻ പുറത്തിറങ്ങുക. ഇതിനായി സൗദി അറേബ്യയിൽ ഫ്രണ്ട്‌സ് ക്രിയേഷൻസ്, ഒമാനിൽ ടോപ് ആഡ് അഡ്‌വർട്ടൈസിങ്, യു.എ.ഇയിൽ ഫജർ അൽ അറബ്, ബഹ്‌റൈനിൽ ഓപൽ കൺസൾട്ടന്റ് എന്നീ സ്ഥാപനങ്ങളുമായി ധാരണാ പത്രത്തിൽ ഒപ്പുവച്ചു കഴിഞ്ഞു. ഇന്തോ, ഗൾഫ് ബിസിനസ് പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഇന്ത്യയിലെ ചില സ്ഥാപനങ്ങൾ ഈ ഡയറക്ടറിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഏത് മേഖലയിലും അനുകരണങ്ങൾ ഒഴിവാക്കുകയും പുതുമകൾ അവതരിപ്പിക്കുകയും ചെയ്യുമ്പോൾ പൊതു സമൂഹം സ്വീകരിക്കുമെന്നതാണ് ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയും തെളിയിക്കുന്നത്. വിവിധ ഭാഷകളിൽ നിരവധി ഡയറക്ടറികളും ഓൺലൈൻ സൈറ്റുകളും സജീവമായ കാലത്താണ് ഉപഭോക്താവും സംരംഭകരും തമ്മിൽ നേരിട്ട് ബന്ധം സ്ഥാപിക്കുവാൻ സഹായകമായ ബിസിനസ് കാർഡ് ഡയറക്ടറി എന്ന ആശയവുമായി 2006 ൽ മീഡിയാ പ്ലസ് ടീം രംഗത്തു വന്നത്. പല കോണുകളിൽ നിന്നും ഇത്തരമൊരു പ്രസിദ്ധീകരണത്തിന്റെ പ്രസക്തിയെക്കുറിച്ച് ആശങ്കകളുയർന്നെങ്കിലും തികഞ്ഞ ആത്മ വിശ്വാസത്തോടെയാണ് ഞങ്ങൾ ഗോദയിലിറങ്ങിയത്. ഖത്തറിലെ നല്ലവരായ ബിസിനസ് സമൂഹം ഞങ്ങളുടെ ആശയം അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്തതോടെ ഓരോ വർഷവും ഡയറക്ടറിയുടെ രൂപ ഭാവത്തിലും കനത്തിലും ആശാവഹമായ മാറ്റങ്ങളുണ്ടായി. ഉപഭോക്താക്കളുടേയും ഗുണകാംക്ഷികളുടേയും അഭിപ്രായം മാനിച്ച് ഡയറക്ടറിയുടെ ഓൺലൈൻ എഡിഷൻ കൂടി നിലവിൽ വന്നതോടെ ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്ന ഡയറക്ടറികളിൽ സ്ഥാനമുറപ്പിക്കുവാൻ സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.

പത്താം വാർഷികത്തോടനുബന്ധിച്ച് ഡയറക്ടറിയുടെ മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി കഴിഞ്ഞു. ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന രൂപത്തിലാണ് മൊബൈൽ ആപ്ലിക്കേഷൻ സംവിധാനിച്ചിരിക്കുന്നത്.

ഇതിനകം തന്നെ ഖത്തറിലേക്ക് വരുന്ന ഏതൊരു സംരംഭകന്റേയും ഒഴിച്ചുകൂടാനാവാത്ത റഫറൻസ് ഗ്രന്ഥമായി മാറിയ ഡയറക്ടറി വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുന്നതോടെ ഗൾഫ് രാജ്യങ്ങൾ തമ്മിലെ വ്യാപാരത്തിന്റെ പുതിയ വാതിലുകൾ തുറക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തർ മലയാളി മാന്വലിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് പത്താം വാർഷികത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്ത മറ്റൊരു പ്രധാന പരിപാടി. ജീവിതത്തിന്റെ വിവിധ തുറകളിൽ ശ്രദ്ധേയമായ സംഭാവനകളർപ്പിക്കുന്ന മുഴുവൻ മലയാളികളേയും ഉൾപ്പെടുത്തി സമഗ്രമായ ഒരു മാന്വൽ എന്നതാണ് ഞങ്ങളുടെ സ്വപ്‌നം. പുതുമയുള്ള ഒന്നു രണ്ട് കലാപരിപാടികളാണ് പത്താം വാർഷികത്തിന്റെ മറ്റൊരു പ്രത്യേകത.

മീഡിയ പ്ലസ് സിഇഒ. അമാനുല്ല വടക്കാങ്ങരക്ക് പുറമേ ഓപറേഷൻസ് മാനേജർ റഷീദ പുളിക്കൽ, സെയിൽസ് മാനേജർ ഷറഫുദ്ധീൻ തങ്കയത്തിൽ, മാർക്കറ്റിങ് കോർഡിനേറ്റർമാരായ അബ്ദുൽ ഫത്താഹ് നിലമ്പൂർ, ഫൗസിയ അക്‌ബർ, ഒമാനിലെ ടോപ്ആഡ് അഡ്‌വർട്ടൈസിങ് മാനേജിങ് ഡയറക്ടർ സുറൂർ റഹ്മാൻ, ജനറൽ മാനേജർ റഹ്മതുല്ല പി. സിദ്ധീഖ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.