ഡബ്ലിൻ: ജിപിമാരുടെ അടുത്തുള്ള തിരക്ക് ഒഴിവാക്കുന്നതിനായി മെഡിക്കൽ കാർഡ് ഉള്ളവർക്ക് ചെറിയ അസുഖങ്ങൾക്ക് ഫാർമസികളിൽ ചികിത്സ തേടാം എന്ന സംവിധാനം വരുന്നു. അടുത്ത മാർച്ച് മുതലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ജിപിമാരുടെ അടുത്തെത്തുന്ന രോഗികളിൽ 18 ശതമാനം പേരും ചെറുകിട അസുഖങ്ങളുമായാണ്. ഫാർമസികളിൽ ഇത്തരക്കാർക്ക് ചികിത്സ നൽകിയാൽ ഇതുമൂലമുണ്ടാകുന്ന തിരക്ക് ഒരുപരിധി വരെ ഒഴിവാക്കാം എന്നാണ് കരുതുന്നത്.

ജനറൽ മെഡിക്കൽ സർവീസസ് സ്‌കീമുമായി സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്. പദ്ധതി പ്രകാരം അവരുടെ ലോക്കൽ ഫാർമസികളിൽ മെഡിക്കൽ കാർഡ് ഹോൾഡർമാർക്ക് സൗജന്യമായി ചികിത്സ ലഭിക്കുമെന്നാണ് പറയുന്നത്. മൈനർ എയിൽമെന്റ് സ്‌കീം എന്ന പേരിലാണ് ഇതിനായി പദ്ധതി ഒരുക്കുന്നത്. ജലദോഷം മൂലമുള്ള അസ്വസ്ഥതകൾ, അലർജികൾ, ഡയറിയ, ചെറിയ സ്‌കിൽ പ്രശ്‌നങ്ങൾ, സോറിയാസിസ്, സ്‌കാബിസ്, വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ തുടങ്ങിയ അസുഖങ്ങൾക്ക് ലോക്കൽ ഫാർമസിയിൽ ചികിത്സ നേടാം.

രോഗവുമായി ഫാർമസിയിൽ എത്തുന്ന രോഗികളുടെ രോഗവിവരങ്ങൾക്ക് മെഡിക്കേഷൻ കാർഡിൽ ഉൾപ്പെടുത്തേണ്ട ഉത്തരവാദിത്വം ലോക്കൽ ഫാർമസിക്കുണ്ട്. ജിപികളുടെ സേവനം നിലവിൽ അയർലണ്ട് നേരിടുന്ന പ്രശ്‌നങ്ങളിലൊണന്നാണെന്നും ഇത്തരത്തിൽ ലോക്കൽ ഫാർമസികളുടെ സേവനം പ്രയോജനപ്പെടുത്തിയാൽ ജിപികളുടെ തിരക്ക് ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.