ദോഹ: മിസൈമീറിൽ വിദേശതൊഴിലാളികൾക്കുള്ള ഹെൽത്ത് സെന്റർ തുറന്നു. പ്രതിദിനം 300 പേർക്ക് ചികിത്സാ സൗകര്യം ലഭ്യമാകുന്ന തരത്തിലാണ് ആരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നതെന്ന് ആരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി ഉദ്ഘാടനം ചെയ്യവേ വ്യക്തമാക്കി. ഹെൽത്ത് സെന്ററിനോട് അനുബന്ധിച്ച് മെഡിക്കൽ കമ്മീഷനും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 

ആരോഗ്യകേന്ദ്രത്തിൽ 32,000 കേസുകളും മെഡിക്കൽ കമ്മീഷനിൽ 11,000 കേസുകളും പരിശോധിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. മെഡിക്കൽ കമ്മീഷന്റെ സഹകരണത്തോടെയും അംഗീകാരത്തോടെയും ഖത്തർ റെഡ്ക്രസന്റാണ് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

തനിച്ചു കഴിയുന്ന വിദേശ തൊഴിലാളികളുടെ ചികിത്സയ്ക്ക് പ്രാധാന്യം നൽകി തുടങ്ങിയിരിക്കുന്ന രണ്ടാമത്തെ ഹെൽത്ത് സെന്ററാണിത്. രാജ്യത്തെ മുഴുവനാളുകൾക്കും ഉന്നതമായ ആരോഗ്യ പരിരക്ഷയാണ് നൽകുന്നതെന്നും തൊഴിലാളികൾ ഏറ്റവും മുന്തിയ ആരോഗ്യപരിരക്ഷയാണ് അർഹിക്കുന്നതെന്നും ആരോഗ്യമന്ത്രി ഡോ. ഹനാൻ കുവാരി പറഞ്ഞു.

രാജ്യത്തെ തൊഴിലാളികൾക്കായി ആരോഗ്യമന്ത്രാലയം നടപ്പാക്കുന്ന നിരവധി പദ്ധതികളിൽ ഒന്നാണിത്. ഭാവിയിൽ തൊഴിലാളികൾക്കായി നാല് ആരോഗ്യ കേന്ദ്രങ്ങളും മൂന്ന് അത്യാധുനിക സൗകര്യത്തോടെയുള്ള ആശുപത്രികളും സജ്ജമാക്കും. ഇത് കൂടാതെ മറ്റൊരു മെഡിക്കൽ കമീഷൻ യൂനിറ്റും ആരോഗ്യമന്ത്രാലയം തുറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.