- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിജിക്കാരുമായി ചർച്ചയ്ക്കില്ലെന്ന് തീർത്ത് പറഞ്ഞ ആരോഗ്യ വകുപ്പ്; മെഡിക്കൽ കോളേജുകളിലെ പ്രതിസന്ധി കൈവിട്ടതോടെ ഇടപെട്ട് സിപിഎം; പാർട്ടി ശാസനയിൽ ചർച്ചയ്ക്ക് സന്നദ്ധമായി സർക്കാർ സംവിധാനം; സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള നീക്കമെന്ന ആക്ഷേപം ഗൗരവത്തോടെ കണ്ടു; മെഡിക്കൽ കോളേജിലെ ദുരിതം ഉടൻ തീർന്നേക്കും
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിലെ പിജി ഡോക്ടർമാർ 13 ദിവസമായി തുടരുന്ന സമരവും ഹൗസ് സർജന്മാർ നടത്തിയ സൂചനാ സമരവും ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചതോടെ പ്രശ്‌നത്തിൽ ഇടപെട്ട് സിപിഎം. പിജി ഡോക്ടർമാരുമായി ചർച്ചയ്ക്കില്ലെന്ന് പരസ്യ നിലപാട് എടുത്ത ആരോഗ്യ വകുപ്പിനെതിരെ പാർട്ടി ശക്തമായ നിലപാട് എടുത്തുവെന്നാണ് സൂചന. ഇതോടെയാണ് ആരോഗ്യമന്ത്രി വീണാ ജോർജ് നിലപാട് മയപ്പെടുത്തിയത്. ഹൗസ് സർജന്മാരുമായി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ചർച്ച നടത്തി. സമരം ഒത്തുതീർപ്പാക്കാൻ ഇന്നു പിജി ഡോക്ടർമാരെ കാണാനുള്ള സന്നദ്ധതയും അറിയിച്ചു. പിജി ഡോക്ടർമാരോടു ചർച്ചയില്ലെന്നായിരുന്നു മുൻ നിലപാട്.
എന്നാൽ ആശുപത്രികളിലെ ദുരിതം സമാനതകളില്ലാത്തതാണെന്നും സ്വകാര്യ ആശുപത്രികൾക്ക് വേണ്ടിയാണ് സമരം നീട്ടിക്കൊണ്ടു പോകുന്നതെന്ന ചർച്ച പൊതു സമൂഹത്തിൽ സജീവമായി. ഇതോടെയാണ് സിപിഎം ഇടപെട്ടത്. അടിയന്തര നടപടികൾ എടുക്കാൻ മന്ത്രിയോട് സർക്കാർ നിർദ്ദേശിച്ചു. എകെജി സെന്ററിലെ പഴയ സെക്രട്ടറി കൂടിയായ സജീവനെ ഇക്കാര്യത്തിൽ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചതായാണ് സൂചന. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ ഈ വിഷയത്തിൽ ഇടപെട്ടു. ഇതോടെയാണ് പിജി ഡോക്ടർമാരുമായി ചർച്ചയ്ക്ക് ആരോഗ്യമന്ത്രിയുടെ ഓഫീസ് തയ്യാറായത്. ഈ ചർച്ചയോടെ പ്രശ്‌ന പരിഹാരം സാധ്യമാകും. പിജി ഡോക്ടർമാർ സമരം അവസാനിപ്പിക്കുകയും ചെയ്യും.
പിജി ഡോക്ടർമാരുമായി ചർച്ചയ്ക്കില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. എന്നാൽ സിപിഎം ശാസന വന്നതോടെ സമരം ചെയ്യുന്ന പിജി ഡോക്ടർമാരുടെ ആവശ്യം ന്യായമാണെന്നു മന്ത്രി വീണാ ജോർജ് വിശദീകരിച്ചു. പക്ഷേ ഒന്നാം വർഷ പിജി പ്രവേശനം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ സർക്കാരിനു മാത്രമായി ഒന്നും ചെയ്യാനാവില്ല. ജോലിഭാരം കുറയ്ക്കാൻ 372 നോൺ അക്കാദമിക് ജൂനിയർ റസിഡന്റുമാരെ നിയമിക്കാൻ നടപടി തുടങ്ങി. 4% സ്‌റ്റൈപ്പൻഡ് വർധന ധനസ്ഥിതി മെച്ചപ്പെടുമ്പോൾ പരിഗണിക്കാമെന്ന് ഉറപ്പു നൽകിയെന്നും വിശദീകരിച്ചു. ഇതാണ് അനുനയത്തിന്റെ സാഹചര്യം ഒരുക്കിയത്.
പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും ഒരുമിച്ചു സമരരംഗത്തായത് ഇന്നലെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം താറുമാറാക്കിയിരുന്നു. പിജി ഡോക്ടർമാരുടെ സമരംമൂലമുള്ള അധികജോലി അസി.പ്രഫസർമാർ ചെയ്യണമെന്ന തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള ഗവൺമെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ടീച്ചേഴ്‌സ് അസോസിയേഷൻ രാവിലെ 8 മുതൽ 11 വരെ ഒപി ബഹിഷ്‌കരിച്ചതു സ്ഥിതി രൂക്ഷമാക്കി. താമസിയാതെ എല്ലാ സംഘടനകളും സമരം അനിശ്ചിതകാലത്തേക്ക് തുടങ്ങുമെന്ന സ്ഥിതിയും അങ്ങനെ വന്നാൽ ഉണ്ടാകുന്ന പൊതുജന പ്രതിഷേധം സിപിഎം തിരിച്ചറിയുകയായിരുന്നു.
അതേസമയം, കെജിഎംഒഎയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന നിൽപുസമരം തുടരുകയാണ്. തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ മെഡിക്കൽ കോളജുകളിലെ അദ്ധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ ആരോ?ഗ്യ സെക്രട്ടറിക്കു കത്തു നൽകി. സർക്കാർ ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നു ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവൽ കോശി, സെക്രട്ടറി ഡോ.ജോസഫ് ബെനവൻ എന്നിവർ ആവശ്യപ്പെട്ടു.
ഡോക്ടർമാരുടെ സമരത്തെ തുടർന്ന് ഇന്നലെ തൃശൂർ മെഡിക്കൽ കോളജിൽ ഒപി ഭാഗികമായി മുടങ്ങി. കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണു നടത്തിയത്. കോട്ടയം മെഡിക്കൽ കോളജിൽ വിവിധ യൂണിറ്റുകളിലെ ഡോക്ടർമാരെ വിളിച്ചുവരുത്തിയാണു ഒപി വിഭാഗത്തിൽ രോഗികളെ പരിശോധിച്ചത്. ശസ്ത്രക്രിയകളുടെ പകുതി മാത്രമാണ് നടന്നത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മുതിർന്ന ഡോക്ടർമാർ പുതിയ കേസുകൾ എടുക്കാൻ തയാറാകുന്നില്ലെന്നു പരാതിയുണ്ട്.
മന്ത്രി സജി ചെറിയാന്റെ ഗൺമാൻ അനീഷ്‌മോൻ വനിതാ ഹൗസ് സർജനെ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് ഇന്നലെ മുതൽ ഹൗസ് സർജന്മാരും സമരത്തിലാണ്. പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഇന്നുമുതൽ കോവിഡ് ഡ്യൂട്ടിയും ബഹിഷ്‌കരിക്കുമെന്ന് ഹൗസ് സർജൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഡിസ്ചാർജുകൾ വൈകി.
മെഡിക്കൽ കോളേജുകളിൽ മൂന്നിലൊന്ന് ഡോക്ടർമാർപോലും ഒ.പി.യിൽ ഇല്ലായിരുന്നു. നിലവിലുള്ള മുതിർന്ന ഡോക്ടർമാരെ നിയോഗിച്ചാണ് ഒ.പി. പ്രവർത്തിച്ചത്. മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നതിനാൽ ദൂരസ്ഥലങ്ങളിൽനിന്നെത്തിയ പലർക്കും ഡോക്ടർമാരെ കാണാതെ മടങ്ങേണ്ടിവന്നു.
മറുനാടന് മലയാളി ബ്യൂറോ