- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ദളിത് വിഭാഗത്തിനായി ആരംഭിച്ച ധന്വന്തരി സെന്ററിനോട് അവഗണന; രണ്ട് വർഷമായി സെക്രട്ടറി പോലുമില്ലാതെ നാഥനില്ല കളരി; മെഡിക്കൽ എക്സറേ യൂണിറ്റ് പോലുമില്ലാതെ രോഗികൾ ദുരിതത്തിൽ
തിരുവനന്തപുരം: ദിനംപ്രതി ആയിരക്കണക്കിന് രോഗികളെത്തുന്ന മെഡിക്കൽ കോളേജുകളിൽ മികച്ച സേവനം ലഭ്യമാക്കുന്നതിനും എസ്സി/എസ്ടി വിഭാഗത്തിൽ പെട്ടവർക്ക് തൊഴിൽ ലഭിക്കുന്നതിനും 35 വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളിൽ സർക്കാർ സഹായത്തോടെ ആരംഭിച്ച സ്ഥാപനമാണ് ധന്വന്തരി സെന്ററുകൾ. എന്നാൽ സംസ്ഥാനത്ത് ഏറ്റവുമധികം രോഗികളെത്തുന്ന തലസ്ഥാനത്തെ മെഡിക്കൽ കോളേജിലെ ധന്വന്തരി സെന്റർ കഴിഞ്ഞ രണ്ട് വർഷമായി നാഥനില്ലാകളരിയാണ്.
കഴിഞ്ഞ രണ്ട് വർഷമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ധന്വന്തരി സെന്ററിന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി കൂടുകയോ പ്രവർത്തനം വിലയിരുത്തുകയോ ചെയ്തിട്ടില്ല. കുറച്ചുകാലമായി കുത്തഴിഞ്ഞ നിലയിലാണ് ധന്വന്തരി സെന്ററിന്റെ പ്രവർത്തനം. മെഡിക്കൽ കോളേജ് അധികൃതർക്ക് താൽപര്യമില്ലാത്ത നിലയിലാണ് സെന്ററിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.
2010 ൽ 52 ജീവനക്കാർ ഉണ്ടായിരുന്നത് ഇപ്പോൽ 21 പേരിലേയ്ക്ക് ചുരുങ്ങിയിട്ടുണ്ട്. നിർധനരായ രോഗികൾക്ക് ഉപയോഗിക്കാൻ കഴിയുംവിധം കുറഞ്ഞ നിരക്കിൽ പ്രവർത്തിച്ചിരുന്ന രണ്ട് ആംബുലൻസ് സർവ്വീസുകളും നിർത്തലാക്കിയിട്ട് കാലം കുറച്ചായി. ധന്വന്തരി സെന്ററിൽ മൊബൈൽ എക്സറേ യൂണിറ്റുണ്ടായിരുന്നത് തകരാറിലായി. ഇപ്പോഴത് പ്രവർത്തിക്കുന്നില്ല. നിലവിൽ ആശുപത്രിയിലെ മെഡിസിൻ വിഭാഗത്തിലെ പോർട്ടബിൾ എക്സറേ മിഷ്യനാണ് വാർഡുകളിലും ഐസിയുകളിലും അത്യവശ്യഘട്ടങ്ങളിൽ ഉപയോഗിക്കുന്നത്.
നിലവിൽ ഇസിജി, ഷുഗർ, തൈറോയിഡ് തുടങ്ങിയവയുടെ ടെസ്റ്റുകൾ നാമമാത്രമായാണ് ലാബിൽ നടക്കുന്നത്. കോഫി, സ്റ്റേഷനറി, ഫോട്ടോസ്റ്റാറ്റ് എന്നിവയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഇപ്പോൾ സ്ഥാപനം പ്രവർത്തിച്ചു വരുന്നത്. അതേസമയം രോഗികൾക്ക് നൽക്കുന്ന സേവനങ്ങൾക്ക് രസീത് നൽകാതെ പണം വാങ്ങുന്നതായും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.
മുൻകാലങ്ങളിൽ എസ്സി വിഭാഗത്തിലെ ഒരു ഡോക്ടർ സെക്രട്ടറിയായി ധന്വന്തരി സെന്ററിനൊരു എക്സിക്യൂട്ടീവ് കമ്മിറ്റി ഉണ്ടായിരുന്നു എന്നാൽ നാശത്തിലേയ്ക്ക് വഴുതിവീണ ഈ സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുക്കാൻ ഡോക്ടർമാരും മുന്നോട്ടുവരാത്ത അവസ്ഥയായി. തുടർന്ന് ജില്ലാ പ്ലാനിങ് ഓഫീസർക്കും ജില്ലാ എസ്സി ഓഫീസർക്കും ഈ സ്ഥാപനത്തിന്റെ ചുമതല നൽകിയെങ്കിലും പ്രവർത്തനം മുന്നോട്ട് പോയില്ല.
ആശുപത്രി സൂപ്രണ്ടിന് സെക്രട്ടറിയുടെ ചാർജ് നൽകി ഇതിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് ജില്ലാ കളക്ടർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും അക്കാര്യത്തിലും തീരുമാനങ്ങളൊന്നുമായിട്ടില്ല. ധന്വന്തരി സെന്ററിനോടുള്ള അവഗണനയ്ക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കെടുകാര്യസ്ഥതയും അഴിമതിയും കൊണ്ട് തകർന്ന ഈ സ്ഥാപനത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് ആരോഗ്യ മന്ത്രിയുടേയും പട്ടികജാതി ക്ഷേമ മന്ത്രിയുടേയും അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് മെഡിക്കൽ കോളേജ് മുൻ കൗൺസിലർ ജിഎസ് ശ്രീകുമാർ ആവശ്യപ്പെട്ടു.