- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ആശുപത്രിയിൽ ഓപ്പറേഷനിടെ അടൂർ വില്ലേജ് ഓഫീസർ മരിച്ചസംഭവം; സർജറി നടത്തിയത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ; ആരോപണ വിധേയനായ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർക്ക് സസ്പെൻഷൻ; വകുപ്പുതല അന്വേഷണത്തിനും തീരുമാനം
തിരുവനന്തപുരം: അടൂർ ഹോളിക്രോസ് ആശുപത്രിയിൽ തൈറോയിഡ് ഓപ്പറേഷനിടെ രോഗി മരിച്ച സംഭവത്തിൽ ആരോപണവിധേയനായ തിരുവനന്തപുരം മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജയൻ സ്റ്റീഫന് സസ്പെൻഷൻ. സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിനും ഡയറക്ടർ ഡോ. എ റംല ബീവി ഉത്തരവിട്ടു. മരിച്ച എസ്. കലയുടെ ഭർത്താവ് വിവി ജയകുമാറിന്റെ പരാതിയിലാണ് നടപടി.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് അടൂർ വില്ലേജ് ഓഫീസർ കലയപുരം വാഴോട്ടുവീട്ടിൽ എസ്. കല ഹോളി ക്രോസ് ആശുപത്രിയിൽ തൈറോയ്ഡ് ഓപ്പറേഷനിടെ മരിക്കുന്നത്. ബന്ധുക്കൾ ചികിത്സാ പിഴവ് ആരോപിച്ച് അടൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണ ചുമതല അടൂർ ഡിവൈഎസ്പിക്കാണ്. മെഡിക്കൽ കോളേജ് പ്രൊഫസർമാർക്ക് സ്വകാര്യ പ്രാക്ടീസ് പാടില്ലെന്ന ഉത്തരവ് നിലനിൽക്കുമ്പോഴാണ് ഡോ. ജയൻ സ്റ്റീഫൻ ഹോളി ക്രോസ് ആശുപത്രിയിൽ ചികിൽസ നടത്തിയിരുന്നത്. ജയൻ സ്റ്റീഫന്റെ ചികിൽസയിലായിരുന്ന കലയ്ക്ക് അദ്ദേഹം തന്നെയായിരുന്നു ഓപ്പറേഷൻ വേണമെന്ന് നിർദ്ദേശിച്ചതും. തഹസീൽദാറായി പ്രമോഷൻ കിട്ടിയ കല ചുമതല ഏറ്റെടുക്കും മുമ്പ് ഓപ്പറേഷൻ നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ ഒൻപതിനാണ് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ കല ശസ്ത്രക്രിയക്ക് വിധേയയായത്. തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റി. ഇതിനു ശേഷം വൈകിട്ട് കലയുടെ ഭർത്താവ് ജയകുമാറിനെ ഒരു തവണ മാത്രം കാണിച്ചു. അപ്പോൾ കലയ്ക്ക് ബോധമുണ്ടായിരുന്നില്ല. പിന്നീട് കലയെ ബന്ധുക്കളെ ആരേയും കാണിച്ചിരുന്നില്ല.
വെള്ളിയാഴ്ച രാത്രിയിൽ കലയ്ക്ക് അസ്വസ്ഥതകൾ ഉണ്ടായതായി ആശുപത്രി അധികൃതർ ശനിയാഴ്ച പുലർച്ചെ ജയകുമാറിനോട് പറഞ്ഞു. ഡോക്ടർ പരിശോധന നടത്തിയെന്നും ആരോഗ്യനിലയിൽ കുഴപ്പമില്ലെന്നും അറിയിച്ചു. എന്നാൽ 5.30-ന് കലയ്ക്ക് ഹൃദയസ്തംഭനമുണ്ടായെന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വിവരം അറിയിച്ചുവെന്നും അവിടെ നിന്നും മെഡിക്കൽ സംഘം ഉൾപ്പെടുന്ന ഐ.സി.യു ആംംബുലൻസ് വരുമെന്നും അവിടേക്ക് മാറ്റണമെന്നും അറിയിച്ചു.
എന്നാൽ രണ്ടു മണിക്കൂറിനു ശേഷവും വാഹനം എത്താതായതോടെ ബന്ധുക്കൾ ആശുപത്രി അധികൃതരുമായി വീണ്ടും ബന്ധപ്പെട്ടു.തുടർന്ന് സമീപത്തുള്ള സാധാരണ ആംബുലൻസാണ് എത്തിയത്. ബന്ധുക്കളുടെ നിർബന്ധപ്രകാരം അശുപത്രിയിൽ നിന്നും ഒരു ഡോക്ടറും നഴ്സും കൂടി കൊല്ലത്തെ ആശുപത്രിയിലേക്ക് കലയ്ക്കൊപ്പം പോയി. ശനിയാഴ്ച രാവിലെ 10.30-ന് വില്ലേജ് ഓഫീസർ മരണപ്പെട്ടതായി കൊല്ലത്തെ സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചു.
ഡോ. ജയൻ സ്റ്റീഫന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ നടന്നതെന്ന് ബന്ധുക്കൾ മൊഴിയിൽ പറയുന്നു. എന്നാൽ അദ്ദേഹത്തിന്റെ പേര് രേഖകളിൽ ഉൾപ്പെടുത്താത്ത ആശുപത്രി അധികൃതർ ഡോ. സുരേഷ് ബാബു, ഡോ. ജോർജ് എന്നിങ്ങനെ രണ്ട് ഡോക്ടർമാരാണ് ഓപ്പറേഷന് നേതൃത്വം നൽകിയതെന്നാണ് വിശദീകരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ