മെഡിക്കൽ കോളേജ് കോഴ ആരോപണത്തിൽ പാർലമെന്റിൽ ഇന്നും പ്രതിപക്ഷ ബഹളം. പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. വിഷയം ഉന്നയിക്കാൻ സ്പീക്കർ ഇന്നും അനുമതി നൽകിയില്ല. കോഴ ആരോപണത്തിൽ മറുപടി നൽകാതെ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ഒഴിഞ്ഞുമാറി.

ചോദ്യോത്തര വേളയിൽ എ സമ്പത്ത് എംപി മെഡിക്കൽ കോളേജ് അനുവദിക്കുന്നതിന് ബിജെപി നേതാക്കൾ കോഴ വാങ്ങിയ സംഭവം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും സ്പീക്കർ അനുവദിച്ചില്ല. തുടർന്ന് വിഷയം ഉന്നയിക്കാൻ അനുമതി നൽകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. നേരത്തെ അടിയന്തിര പ്രമേയത്തിന് എംബി രാജേഷ് എംപി നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ അനുമതി നൽകിയിരുന്നില്ല. തുടർന്നാണ് ഇടതുപക്ഷ എംപിമാരും കോൺഗ്രസ് എംപിമാരും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്.

ഇന്നലെയും ഈ വിഷയം ഉന്നയിക്കാൻ സ്പീക്കർ അനുവദിച്ചിരുന്നില്ല. എന്നാൽ പാർലമെന്ററി കാര്യമന്ത്രി അനന്തകുമാർ എംബി രാജേഷിൽ നിന്നും വിഷയത്തെ കുറിച്ച് ചോദിച്ചറിഞ്ഞിരുന്നു. ശൂന്യവേളയിൽ വിഷയം ഉന്നയിക്കാൻ അനുവദിക്കുമോ എന്നാണ് പ്രതിപക്ഷം നോക്കുന്നത്. മെഡിക്കൽ കോളേജ് അഴിമതിയും കർഷക പ്രശ്നങ്ങളും ഉയർത്തിയാണ് പ്രതിപക്ഷം ലോകസഭയിൽ ബഹളം വെച്ചതോടെ സഭ തടസപെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.