ന്യൂഡൽഹി: ഏകീകൃത മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്-നാഷണൽ എലിജിബിളിറ്റി കം എൻട്രൻസ് ടെസ്റ്റ്) ഈ വർഷം തന്നെ നടത്താൻ സുപ്രീംകോടതി അനുമതി നൽകി. രണ്ട് ഘട്ടമായാണ് പരീക്ഷ നടത്തുന്നത്.

മെയ് ഒന്നിന് നടക്കുന്ന അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയെ ആദ്യഘട്ടമായി കണക്കാക്കും. ജൂലൈ 24ന് രണ്ടാംഘട്ട പരീക്ഷ നടത്തും. രണ്ട് ഘട്ടങ്ങളുടേയും ഫലം ഒരുമിച്ച് ഓഗസ്റ്റ് 17ന് പ്രഖ്യാപിക്കും.

ഇതോടെ സംസ്ഥാന സർക്കാരുകൾ നടത്തിയ മെഡിക്കൽ പ്രവേശന പരീക്ഷകൾ അസാധുവായിരിക്കുകയാണ്. ജസ്റ്റിസ് അനിൽ ആർ. ദവെ അദ്ധ്യക്ഷനായ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. കേരളത്തിൽ സംസ്ഥാന സർക്കാർ നടത്തിയ പ്രവേശന പരീക്ഷ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് വിധി വന്നത്. ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും ഡീംഡ് സർവകലാശാലകൾക്കും ഉത്തരവ് ബാധകമാണെന്ന് കോടതി പറഞ്ഞു.

ഈ വർഷംതന്നെ പൊതുപ്രവേശന പരീക്ഷ നടത്താൻ തയാറാണെന്നു കേന്ദ്രസർക്കാരും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും (എം.സി.ഐ) സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. സമയക്രമം വ്യാഴാഴ്ച അറിയിക്കാൻ കോടതി നിർദേശിച്ചിരുന്നു.

സപ്തംബർ 30ന് പ്രവേശനം പൂർത്തിയാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അതേസമയം, ഇത്തവണ മെഡിക്കൽ ബിരുദ പ്രവേശനത്തിന് മാത്രമാകും നീറ്റ് നടപ്പിലാക്കുന്നത്. സമയപരിമിതി മൂലം നീറ്റിൽ പിജി കോഴ്സുകൾ അടുത്ത വർഷമേ ഉൾപ്പെടുത്തൂ.