ന്യൂഡൽഹി: ഉത്തരസൂചക ചോർന്നെന്ന ആരോപണത്തെത്തുടർന്ന് സുപ്രീംകോടതി റദ്ദാക്കിയ അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ ജൂലായ് 25 ന് നടത്തുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. മെയ് മൂന്നിന് നടത്തിയ മെഡിക്കൽ പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനിരിക്കെയായിരുന്നു കോടതി പരീക്ഷ റദ്ദാക്കിയത്. പരീക്ഷ വീണ്ടും നടത്തി ഫലം ഓഗസ്റ്റ് 17 ന് പ്രസിദ്ധീകരിക്കണമെന്ന് കോടതി സി.ബി.എസ്.ഇ ക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കോടതിയോട് തീയ്യതി നിശ്ചയിക്കുന്നതിൽ സാവകാശം തേടിയെങ്കിലും കർശന നിർദ്ദേശം നൽകുകയാണ് കോടതി ചെയ്തത്.

രാജ്യത്താകെ 6.3 ലക്ഷം വിദ്യാർത്ഥികളായിരുന്നു പരീക്ഷയെഴുതിയത്. വിവിധ സംസ്ഥാനങ്ങളിലെയും സർവകലാശാലകളിലെയും 15 ശതമാനം മെഡിക്കൽ സീറ്റുകളിലെ പ്രവേശനത്തിനായാണ് അഖിലേന്ത്യാ പ്രീമെഡിക്കൽ പ്രവേശനപ്പരീക്ഷ നടത്തുന്നത്.

ചോദ്യപ്പേപ്പറുകൾ ചോർന്ന സാഹചര്യത്തിൽ പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് തൻവി സർവാൽ, ജാൻവി ശങ്കർ എന്നിവരും മറ്റു വിദ്യാർത്ഥികളും ചേർന്ന് നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് നടപടി. പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ ചോർത്തുകയും മൊബൈലിലൂടെയും വാട്ട്‌സ് ആപ്പിലൂടെയും ഉത്തരങ്ങൾ ലഭ്യമാക്കുകയും ചെയ്‌തെന്നാണാരോപണം. 44പേർ ഇതിന്റെ പ്രയോജനംനേടിയതായി കോടതി കണ്ടെത്തുകയുംചെയ്തു.