തിരുവനന്തപുരം: സംസ്ഥാന മെഡിക്കൽ പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കണ്ണൂർ സ്വദേശി വിവി മുഹമ്മദ് മുനവറിന് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക്. തിരുവനന്തപുരത്ത് നിന്നുള്ള ലക്ഷിൺ ദേവാണ് രണ്ടാം റാങ്ക് നേടിയത്. എറണാകുളം സ്വദേശിയായ ബെൻസൻ ജെയ്കിനാണ് മൂന്നാം റാങ്ക്. മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതിയവരിൽ ആകെ 10,4087 പേർ യോഗ്യത നേടി.

വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, ആരോഗ്യമന്ത്രി കെ.കെ.ശൈലജ, പ്രവേശന പരീക്ഷ ജോയിന്റ് കമ്മിഷണർ മാവോജി എന്നിവർ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്.

റമീസ ജഹാൻ എംപി (മലപ്പുറം), കെവിൻ ജോയി പുല്ലൂക്കര, അജയ്.എസ്.നായർ (എറണാകുളം), ആസിഫ് അബാൻ കെ, ഹരികൃഷ്ണൻ കെ. (കോഴിക്കോട്), അലീന അസ്റ്റിൻ (കോട്ടയം), നിഹല.എ (മലപ്പുറം) എന്നിവർക്കാണ് നാലുമുതൽ പത്ത് വരെ റാങ്ക് ലഭിച്ചത്.

എസ്.സി വിഭാഗത്തിൽ ബിപിൻ.ജി.രാജും അരവിന്ദ് രാജനും ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കി. സാങ്കേതിക കാരണങ്ങളാൽ എസ്.ടി വിഭാഗത്തിലെ ഒന്നാംറാങ്ക് പ്രഖ്യാപിച്ചിട്ടില്ല. കാസർകോട് നിന്നുള്ള മേഘ്‌ന വി.ക്കാണ് രണ്ടാം റാങ്ക്.

പ്രവേശന പരീക്ഷയുടെ ചുമതലയുള്ള വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്, മെഡിക്കൽ, ഡെന്റൽ കോളജുകളുടെ ചുമതലയുള്ള ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കു റാങ്കും മറ്റും വിവരങ്ങളും കൈമാറിയാണു പ്രകാശനം നടത്തിയത്. ഏപ്രിൽ 27, 28 തീയതികളിലാണു പരീക്ഷ നടന്നത്.