റിയാദ്: സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും മെഡിക്കൽ ഇൻഷ്വറൻസ് നിർബന്ധമാക്കി ആരോഗ്യ ഇൻഷ്വറൻസ് സഭ വിജ്ഞാപനം പുറപ്പെടുവിച്ചു. സ്വദേശികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസ് നൽകാത്ത സ്ഥാപനങ്ങൾക്ക് പുതിയ പോളിസി എടുക്കാനോ നിലവിലുള്ളത് പുതുക്കാനോ സാധിക്കില്ല. അതിനാൽ വിദേശി ജോലിക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് പുതുക്കലിനെയും നിയമം പ്രതികൂലമായി ബാധിക്കുമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പതിനേഴു വർഷം മുമ്പ് പുറത്തിറക്കിയ രാജവിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം നടപ്പാക്കുന്നത്. ഇതോടെ ഒരു വർഷത്തിനകം രാജ്യത്തെ മുഴുവൻ താമസക്കാർക്കും ഇൻഷ്വറൻസ് പരിരക്ഷ നൽകാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത ജനുവരി മുതൽ നിയമം പ്രാബല്യത്തിൽ വരും.

ഭാര്യമാർ, വിവാഹം കഴിക്കാത്ത പെൺമക്കൾ, 25 വയസിന് താഴെ പ്രായമുള്ള ആൺമക്കൾ എന്നിവരാണ് കുടുംബാംഗങ്ങളുടെ ഗണത്തിൽ വരുന്നതെന്നും ഇൻഷുറൻസ് സഭ വ്യക്തമാക്കി. സ്വദേശികൾക്കും കുടുംബത്തിനും ഇൻഷുറൻസ് നൽകാത്ത സ്ഥാപനങ്ങളുടെ പോളിസി പുതുക്കാനാവില്ലെന്ന് ഇൻഷുറൻസ് സഭ സ്ഥാപനങ്ങൾക്ക് സർക്കുലറും അയച്ചിട്ടുണ്ട്.