കോപ്പൻഹാഗൻ: മാറാരോഗികൾക്ക് ചികിത്സയ്ക്കായി മരിജുവാന നിയമവിധേയമാക്കാൻ ഡെന്മാർക്കും ഒരുങ്ങുന്നു. 2018 മുതൽ മെഡിക്കൽ ആവശ്യങ്ങൾക്കായി ഡോക്ടർമാർക്ക് മരിജുവാന നിർദേശിക്കാമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. തുടക്കത്തിൽ നാലു വർഷത്തോളം മെഡിക്കൽ മരിജുവാന ട്രയൽ എന്ന രീതിയിലായിരിക്കും ഉപയോഗപ്പെടുത്തുക.

മൾട്ടിപ്പിൾ സ്‌ക്ലീറോസിസ്, ക്രോണിക് പെയ്ൻ, നട്ടെല്ലിനു സംഭവിക്കുന്ന ക്ഷതങ്ങൾ, കീമോതെറാപ്പി എന്നിവയ്ക്കുള്ള ചികിത്സയ്ക്കായിരിക്കും മരിജുവാന തുടക്കത്തിൽ ഉപയോഗിക്കുകയെന്ന് ഡാനിഷ് മെഡിസിൻ അഥോറിറ്റി വ്യക്തമാക്കി. 2018 ജനുവരി ഒന്നു മുതൽ ഈ ട്രയൽ സംവിധാനം നിലവിൽ വരും.

മെഡിക്കൽ, റിക്രിയേഷണൽ ഉപയോഗത്തിന് മരിജുവാന ഉപയോഗിക്കുന്നതിന് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്ന രാജ്യമാണ് ഡെന്മാർക്ക്. എന്നാൽ പുതിയ ഉത്തരവോടെ പരമ്പരാഗതമായി തുടർന്നുപോന്ന നിലപാട് തിരുത്താനുള്ള ശ്രമത്തിലാണ് സർക്കാരെന്നു വ്യക്തമായിട്ടുണ്ട്. മെഡിക്കൽ മരിജുവാനയ്ക്ക് പിന്തുണയേകി 88 ശതമാനം പൗരന്മാരും മുന്നോട്ടു വന്നിരുന്നു. റിക്രിയേഷണൽ ഉപയോഗത്തിന് നേരിയ ശതമാനം പേരും പിന്തുണ നൽകിയിട്ടുണ്ട്.