ബെർലിൻ: കഞ്ചാവിനെ ഔഷധപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ഇനി മുതൽ ഫാർമസികളിലൂടെ കഞ്ചാവ് വില്പന ആരംഭിക്കും. മെഡിക്കൽ ആവശ്യങ്ങൾക്ക് ഫാർമസികൾ വഴി കഞ്ചാവ് വില്ക്കാം എന്ന തരത്തിൽ നിയമനിർമ്മാണ ബിൽ ആരോഗ്യമന്ത്രി ഹെർമാൻ ഗ്രോഹെ പാർലമെന്റിൽ അവതരിപ്പിച്ചു. ഗുരുതരമായ രോഗം ബാധിച്ചവർക്ക് ആശ്വാസം പകരാനാണ് കഞ്ചാവിനെ ഔഷധപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനോടു കൂടി ചെല്ലുന്നവർക്ക് മെഡിക്കൽ സ്‌റ്റോറുകൾ വഴി കഞ്ചാവ് ലഭ്യമാകും.

2017 സമ്മർ മുതലാണ് നിയമം പ്രാബല്യത്തിലാകുക. മെഡിക്കൽ മരിജുവാനയ്ക്ക് വേണ്ടിയുള്ള മുറവിളി ആരംഭിച്ച് ഏറെ നാളായിരുന്നു. അതിന്റെ ഫലമായിട്ടാണ് സർക്കാർ ഇതുസംബന്ധിച്ച് നിയമനിർമ്മാണം നടത്തിയിരിക്കുന്നതും.

എച്ച്‌ഐവി, എയ്ഡ്‌സ്, കാൻസർ, ഗ്ലോക്കോമ, ഹെപ്പടൈറ്റിസ് സി, പാർക്കിൻസൺസ് തുടങ്ങിയ തീരാരോഗങ്ങൾ മൂലം അവശത അനുഭവിക്കുന്നവരെ സഹായിക്കാനാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. കഞ്ചാവുതോട്ടങ്ങൾ വച്ചുപിടിപ്പിക്കാൻ നിയമം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി പാർലമെന്റിൽ പുതിയ ബില്ല് അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ ഇറക്കുമതിയിലൂടെയാണ് രാജ്യത്തു കഞ്ചാവ് ലഭ്യമാക്കുന്നത്. നിലവിൽ ഉറുഗ്വേ, ചിലി, ഇറ്റലി, ചെക്ക് റിപ്പബ്ലിക്, യുഎസിലെ ചില സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ മെഡിക്കൽ മരിജുവാന നിയമവിധേയമാണ്. ഇതിന്റെ ചുവടു പിടിച്ചാണ് ജർമനിയും കഞ്വാവ് ഔഷധമായി വിതരണം ചെയ്യാൻ തീരുമാനിച്ചത്.