തിരുവല്ല: ആറുമാസം തികയുംമുൻപേ കേവലം 460 ഗ്രാം തൂക്കവുമായി ജനിച്ച കുഞ്ഞ് പൂർണ ആരോഗ്യം വീണ്ടെടുത്തത് ജീവിതത്തിലേക്ക്. 23 ആഴ്ചമാത്രം ഗർഭപാത്രത്തിൽ കഴിഞ്ഞ കുഞ്ഞ് ആരോഗ്യപൂർണമായ ജീവിതത്തിലേക്കെത്തുന്നത് അപൂർവ സംഭവമാണ്. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിക്കാണ് ഈ നേട്ടത്തിന്റെ ക്രെഡിറ്റ് അത്രയും


തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലെ നിയോ നേറ്റോളജി വിഭാഗത്തിന്റെ വിദഗ്ധപരിചരണത്തിലാണ് 'ഹരിണി' ജീവിതത്തിന്റെ പച്ചപ്പിലേക്ക് പിച്ചവെയ്ക്കുന്നത്. പുല്ലുവഴി കുറുങ്ങാട്ടു വീട്ടിൽ സുധീഷ് നായരുടെയും പാർവതിയുടെയും ആദ്യപുത്രിയാണ് ഹരിണി. പല തവണ ഗർഭഛിദ്രം ഉണ്ടായതിനു പുറമേ ഇത്തവണയും ചില അസ്വസ്ഥതകൾ ഉണ്ടായതോടെ 21 ആഴ്ചകൾ പൂർത്തിയായപ്പോൾ തന്നെ പാർവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിശുവിനെ എങ്ങനെയും സംരക്ഷിക്കുകയെന്നതായിരുന്നു ആശുപത്രി അധികൃതരുടെ ശ്രദ്ധയത്രയും.

പ്രസവശേഷം ശിശുവിനെ നിയോ നേറ്റോളജി വിഭാഗത്തിലേക്ക് മാറ്റി. അവിടെ ഡോ. നെൽബി ജോർജ് മാത്യുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം ഗർഭാശയ സമാനമായ അന്തരീക്ഷം ഐ.സി.യുവിൽ സൃഷ്ടിച്ചെടുത്തു. സ്വയം ശ്വസിക്കാൻ ശ്വാസകോശം പക്വമാകാത്തതിനാൽ ശിശുവിനെ വെന്റിലേറ്ററിലേക്ക് മാറ്റി. അകാലജനനം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ, പകർച്ചവ്യാധികൾക്കെതിരേയുള്ള മുൻകരുതൽ. അനിശ്ചിതത്വത്തിന്റെ 18 രാപകലുകളായിരുന്നു പിന്നീട്.

ഡോ.റോണി ജോസഫ്, ഡോ.മെർലിൻ തോമസ്, ഡോ.റോസ് ജോളി, ബീന ഉമ്മൻ എന്നിവരടങ്ങിയ നിയോ നേറ്റോളജി ടീമിന്റെ മേൽനോട്ടത്തിൽ 80 ദിവസങ്ങൾ തുടർന്ന പരിചരണം. ആരോഗ്യം വീണ്ടെടുത്ത് 97 ദിവസത്തിന് ശേഷം വീട്ടിലേക്കു പോകുമ്പോൾ 2.16 കിലോഗ്രാമായി ശിശുവിന്റെ തൂക്കം വർധിച്ചിരുന്നു.