- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അന്തർസംസ്ഥാന ഓക്സിജൻ നീക്കം തടസപ്പെടരുത്; വാഹനങ്ങൾ കടത്തി വിടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജൻ വിതരണം നിരോധിച്ചു
ന്യൂഡൽഹി: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മെഡിക്കൻ ഓക്സിജന് ക്ഷാമം നേരിടുന്നതിനിടെ ഓക്സിജൻ വിതരണം സുഗമമാക്കാൻ ഉത്തരവിറക്കി കേന്ദ്രസർക്കാർ. അന്തർ സംസ്ഥാന മെഡിക്കൽ ഓക്സിജൻ വിതരണത്തിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. ഓക്സിജനുമായി എത്തുന്ന വാഹനങ്ങളെ തടസമില്ലാതെ കടത്തി വിടണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. കേന്ദ്രം ഇത് സംബന്ധിച്ച പുതിയ ഉത്തരവ് പുറത്തിറക്കി.
തങ്ങളുടെ സംസ്ഥാനത്തേക്കുള്ള ഓക്സിജൻ വിതരണം അയൽ സംസ്ഥാനങ്ങൾ തടയുന്നുവെന്ന് ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തുടനീളം ഓക്സിജൻ വിതരണം തടസപ്പെടാതിരിക്കാൻ കേന്ദ്രം ഉത്തരവിറക്കിയത്.
വ്യവസായിക ആവശ്യങ്ങൾക്കുള്ള ഓക്സിജൻ വിതരണം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായും ഉത്തരവിൽ പറയുന്നു.ഏപ്രിൽ 22 മുതൽ വ്യാവസായിക ആവശ്യത്തിന് ഓക്സിജൻ വിതരണം ചെയ്യുന്നത് നിർത്തിവച്ചുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പല സംസ്ഥാനങ്ങളിലും ആവശ്യത്തിന് ഓക്സിജൻ ലഭിക്കുന്നില്ലെന്നും ചില സംസ്ഥാനങ്ങൾക്ക് മാത്രമായി കൂടുതൽ ഓക്സിജൻ അനുവദിക്കുന്നുവെന്നും ആരോപണം ഉയർന്നിരുന്നു. ഓക്സിൻ ലഭ്യതക്കുറവ് വൈകാരികവത്കരിക്കരുതെന്നും കേന്ദ്രം ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടു. ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതി വാദം കേൾക്കുന്നതിനിടെയാണ് കേന്ദ്രം ഇങ്ങനെ പ്രതികരിച്ചത്.
അതാത് സംസ്ഥാനങ്ങളിലെ ആശുപത്രികൾക്ക് മാത്രം ഓക്സിജൻ വിതരണം പരിമിതപ്പെടുത്തിയാൽ മതിയെന്ന നിയന്ത്രണങ്ങൾ ഓക്സിജൻ നിർമ്മാതാക്കൾക്കും വിതരണക്കാർക്കും നൽകിയിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു. തങ്ങളുടെ ജില്ലയിലൂടെയോ പ്രദേശങ്ങളിലൂടെയോ മറ്റിടങ്ങളിലേക്ക് ഓക്സിജനുമായി കടന്നുപോകുന്ന വാഹനങ്ങളെ പിടിച്ചെടുക്കാൻ ബന്ധപ്പെട്ട കേന്ദ്രങ്ങൾ ശ്രമിക്കരുതെന്നും ഉത്തരവിൽ നിർദ്ദേശിച്ചു.
ഓക്സിജൻ ലഭ്യത വർധിപ്പിച്ചിട്ടുണ്ടെന്ന് ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ബംഗാൾ, ഒഡീഷ, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലാണ് പല ഓക്സിജൻ പ്ലാന്റുകളും ഉള്ളത്. ഹരിയാനയിലേയും യുപിയിലേയും പ്ലാന്റുകളിൽ നിന്നും ഓക്സിജൻ എത്തിക്കാൻ നീക്കം തുടങ്ങി. എന്നാൽ ബാക്കിയുള്ള സ്ഥലങ്ങളിൽ നിന്നും എത്തിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുവെന്നും ഡൽഹി സർക്കാർ അറിയിച്ചു.
ന്യൂസ് ഡെസ്ക്