മെൽബൺ: തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ മെഡികെയർ സംബന്ധിച്ച് പുറത്തുവരുന്ന അഭ്യൂഹങ്ങൾ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ നിഷേധിച്ചു. മെഡികെയർ ഒരു കാരണവശാലും സ്വകാര്യവത്ക്കരിക്കില്ലെന്നും അത് സർക്കാർ തലത്തിൽ തന്നെ മുന്നേറുമെന്നുമാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

നിലവിലുള്ള കൂട്ടുകക്ഷി മന്ത്രിസഭ മെഡികെയർ സ്വകാര്യവത്ക്കരണത്തിന് ഒരുങ്ങുന്നു എന്ന് ലേബർ പാർട്ടി അടുത്തകാലത്തായി പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ് ഇതിനു വിശദീകരണവുമായി പ്രധാനമന്ത്രി എത്തിയത്. നിലവിൽ മെഡികെയർ കൈകാര്യം ചെയ്യുന്ന ഹെൽത്ത് ഏജൻസിയുടെ കീഴിൽ തന്നെയായിരിക്കും മെഡികെയർ തുടരുകയെന്നും പേയ്‌മെന്റുകൾ സംബന്ധിച്ച അവലോകനം നടത്തുന്നതിന് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിനുള്ളിൽ തന്നെ അഞ്ചു മില്യൺ ഡോളറിന്റെ ഒരു പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും മാൽക്കം ടേൺബുൾ വ്യക്തമാക്കി.

മെഡികെയർ ഒരിക്കലും സ്വകാര്യവത്ക്കരിക്കാൻ പദ്ധതിയില്ലെന്നും അത് തികച്ചും സർക്കാർ സർവീസ് ആയി തന്നെ തുടരുകയും ചെയ്യുമെന്നാണ് ടേൺബുൾ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, മെഡികെയർ സംബന്ധിച്ച ചെറിയ കാര്യങ്ങൾ പോലും സർക്കാരിന്റെ പരിധിയിൽ പെടുമെന്നും അറിയിച്ചിട്ടുണ്ട്. മെഡികെയറിന്റെ പേരു പറഞ്ഞ് വോട്ട് തട്ടിയെടുക്കാനുള്ള ലേബറിന്റെ തന്ത്രമാണിതെന്നും ടേൺബുൾ ആരോപിക്കുന്നു.