ലദോഷവും പനിയും വന്നയുടൻ അതിനുള്ള മരുന്നുകൾ കഴിക്കുന്നത് മിക്കവരുടെയും ശീലമാണ്. എന്നാൽ ഇത്തരം മരുന്നുകൾ തലച്ചോറിന്റെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുമെന്നാണ് ഗവേഷകർ മുന്നറിയിപ്പേകുന്നത്. അതിനാൽ നിവൃത്തിയുണ്ടെങ്കിൽ ഇത്തരം മരുന്നുകൾ കഴിക്കുന്നത് ഒഴിവാക്കണമെന്നും ഗവേഷകർ നിർദ്ദേശിക്കുന്നു. നെഞ്ചെരിച്ചിനും ഉറക്കത്തിനും കഴിക്കുന്ന ഗുളികകളും ഇത്തരത്തിലുള്ള ദോഷമുണ്ടാക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ചിന്താശേഷിയെ മന്ദീഭവിപ്പിക്കാനും ഇത്തരം മരുന്നുകൾ കാരണമാകും.പ്രായമായവർക്കാണ് ഇത്തരം മരുന്നുകൾ കൂടുതൽ ബാധിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ടാബ്ലറ്റുകളിൽ അടങ്ങിയിരിക്കുന്ന ആന്റി-ചോലിനെർജിക് ഡ്രസ്ഗസിന്റെ പാർശ്വഫലങ്ങൾ ഒരു മാസത്തിനകമുണ്ടാകുന്നതാണെന്നും പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. തലച്ചോറുമായി ബന്ധപ്പെട്ട പ്രക്രിയകൾ സാവധാനത്തിലാകുന്നതാണ് ഇതിന്റെ പ്രധാനപ്പെട്ട പാർശ്വഫലങ്ങളിലൊന്ന്.

നെഞ്ചെരിച്ചിന് കഴിക്കുന്ന സാന്റാകിൽ പ്രോമെത്താസിനും ഉറക്കഗുളികയായ നൈറ്റോളിൽ ഡിഫെൻഹൈഡ്രാമിനും അടങ്ങിയിട്ടുണ്ടെന്നും ഇവ കടുത്ത പ്രത്യാഘാതങ്ങളാണുണ്ടാക്കുകയെന്നും ഗവേഷകർ മുന്നറിയിപ്പേകുന്നു. നാഡീകോശങ്ങൾക്കിടയിലുള്ള ഇലക്ട്രിക്കൽ ഇംപൽസസ് ട്രാൻസ്മിഷനിൽ ഇടപെടുന്ന രാസവസ്തുവായ അകെടൈൽകോളിനെ ഇത്തരം മരുന്നുകൾ

തടസപ്പെടുത്തുന്നുവെന്നും വ്യക്തമായിട്ടുണ്ട്. പാർക്കിസൻസ് രോഗം, അധികം പ്രവർത്തിക്കുന്ന ബ്ലാഡർ,തലകറക്കം, ഛർദി, ഉറക്കപ്രശ്നങ്ങൾ, ഉയർന്ന രക്തസമ്മർദം, ബുദ്ധിഭ്രമം തുടങ്ങിയ ബുദ്ധിമുട്ടുകൾ മാറാൻ വേണ്ടി കഴിക്കുന്ന മെഡിസിനുകളും ഇത്തരത്തിൽ തലച്ചോറിന് പ്രശ്നമുണ്ടാക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.പകരം മറ്റ് ചികിത്സാരീതികൾ ലഭ്യമാണെങ്കിൽ പ്രായമായ രോഗികൾക്ക് ആന്റി-ചോലിനെർജിക് മരുന്നുകൾ നൽകാതിരിക്കുകയാണ് നല്ലതെന്നും ഗവേഷകർ നിർദ്ദേശിക്കുന്നു.

ധാരണക്കുറവ്, മേധാക്ഷയം, തുടങ്ങിയവയുമായി വയോധികർ കഴിക്കുന്ന മരുന്നുകൾക്ക് അഭേദ്യമായ ബന്ധമുണ്ടെന്ന് മുൻ പഠനങ്ങളിൽ തന്നെ തെളിഞ്ഞ വസ്തുതയാണ്. എന്നാൽ ഇന്ത്യാന യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ നടത്തിയ പുതിയ പഠനം ഈ മേഖലയിലേക്ക് കൂടുതൽ വെളിച്ചം വീശുന്നുണ്ട്.ഇത്തരത്തിലുള്ള മരുന്നുകൾ തലച്ചോറിനെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്നും ധാരണക്കുറവിനും മേധാക്ഷയത്തിനും എങ്ങനെയാണ് സാധ്യത വർധിപ്പിക്കുന്നതെന്നും ഈ പഠനത്തിലൂടെ കൂടുതൽ വ്യക്തമായിട്ടുണ്ടെന്നാണ് യൂണിവേഴ്സിറ്റിയിലെ റേഡിയോളജി ആൻഡ് ഇമേജിങ് സയൻസസിലെ അസിസ്റ്റന്റ് പ്രഫസറായ ഡോ. ഷാനൻ റിസാച്ചർ പറയുന്നത്. ഇത്തരം മരുന്നുകൾ തുടർച്ചയായി കഴിച്ചാൽ അത് ശക്തമായ ആന്റി-ചോലിനെർജിക് എഫക്ടിന് കാരണമാകുമെന്നും 90ദിവസങ്ങൾ
തുടർച്ചയായി കഴിച്ചാൽ അത് ധാരണക്കുറവിന് കാരണമാകുന്നുണ്ടെന്നും 2013ൽ നടത്തിയ ഒരു പ ഠനത്തിലൂടെ കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

451 പേരെ ഉൾപ്പെടുത്തിയാണ് പുതിയ പഠനം നടത്തിയിരിക്കുന്നത്. ഇതിൽ 60 പേർ മീഡിയം അല്ലെങ്കിൽ ഉയർന്ന തോതിൽ ആന്റി-ചോലിനെർജിക് ആക്ടിവിറ്റിയുള്ള ഒരു മരുന്നെങ്കിലും കഴിക്കുന്നവരായിരുന്നു. ഇത്തരം മരുന്നുകൾ കഴിക്കുന്നവരുടെ ഓർമകളും ചിന്താശേഷിയും അത് കഴിക്കാത്തവരുടേതിനേക്കാൾ വേഗത്തിൽ ക്ഷയിക്കുന്നതായി ഈ പഠനത്തിലൂടെ തളിഞ്ഞിട്ടുണ്ട്. ആന്റി-ചോലിനെർജിക് മരുന്നുകൾ കഴിക്കുന്നവരുടെ ഗ്ലൂക്കോസ് മെറ്റബോളിസത്തിന്റെ താഴ്ന്ന നിലയാണ് പ്രകടമാക്കിയിരുന്നത്.

തലച്ചോറിന്റെ പ്രവർത്തനത്തെ സൂചിപ്പിക്കുന്ന ഒരു ബയോമാർക്കറാണിത്.തലച്ചോറിന്റെ ഘടനയും ഇത്തരം മരുന്നുകളുടെഉപയോഗവും തമ്മിലുള്ള ബന്ധം ഗവേഷകർ എംആർഐ സ്‌കാനുകളിലൂടെ തെളിയിച്ചിട്ടുണ്ട്.ആന്റി-ചോലിനെർജിക് മരുന്ന് കഴിക്കുന്നവരുടെ തലച്ചോറിന്റെ വലുപ്പം കുറഞ്ഞതായി തെളിഞ്ഞിട്ടുണ്ട്. പുതിയ പഠനം ജേണൽ ജാമ ന്യൂറോളജിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.