കുവൈറ്റ് സിറ്റി: സർക്കാർ ആശുപത്രികൾ സ്വദേശികൾക്കു മാത്രമായി നിജപ്പെടുത്താൻ നീക്കം നടത്തുന്നതിനിടെ വിദേശികളിൽ നിന്ന് മരുന്നിന് പണം വാങ്ങുന്ന നിർദേശത്തിന് പിന്തുണയുമായി ഹെൽത്ത് അധികൃതർ രംഗത്തെത്തി. വിദേശികളിൽ നിന്ന് മരുന്നിന് ചാർജ് ഈടാക്കുന്നതിന് പിന്തുണ നൽകിക്കൊണ്ട് ഹവാലി സോൺ ഡയറക്ടർ ഡോ.ഫഹദ് അൽ ഫോദാരിയാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. പ്രവാസികളിൽ നിന്ന് മരുന്നിന്റെ തുക മുഴുവനോ അല്ലെങ്കിൽ ചെറിയൊരു ഭാഗമോ ഈടാക്കാവുന്നതാണെന്നാണ് ഡോ. ഫഹദ് അടുത്തിടെ വ്യക്തമാക്കിയത്.

ഹവാലി ഹെൽത്ത് സെന്ററിൽ എത്തുന്നവരിൽ ഭൂരിഭാഗം പേരും വിദേശികളാണെന്നാണ് ഡോ.ഫഹദ് പറയുന്നത്. മുബാറക് ഹോസ്പിറ്റലിൽ എത്തുന്ന രോഗികളിൽ 60 ശതമാനത്തോളം വിദേശികളാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. സർക്കാർ ആശുപത്രികളിൽ വിദേശികളായ രോഗികളിൽ നിന്ന് മരുന്നിന് പണം ഈടാക്കുമ്പോൾ സ്വകാര്യ മേഖലയിൽ മരുന്നുകളുടെ വില നിയന്ത്രിക്കുന്നത് സംവിധാനം വേണമെന്നും ഡോ.ഫഹദ് ആവശ്യപ്പെടുന്നു.

സ്വകാര്യമേഖലയെ ചികിത്സയ്ക്കായി ആശ്രയിക്കേണ്ടി വരുന്നവർക്ക് കൂടുതൽ പണം നൽകേണ്ട അവസ്ഥ ഉണ്ടാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യമേഖലയിൽ മരുന്നുകൾക്ക് കൃത്രിമമായി വില വർധിുപ്പിക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലെന്നും ഡോ. ഫഹദ് ഓർമപ്പെടുത്തി.