- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരുന്ന് തീർന്നിട്ട് രണ്ട് ദിവസം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം; മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത് 18 പേർ
കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ടാം ദിവസവും ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് ക്ഷാമം. ഇന്നലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കണ്ണൂരിൽ നിന്നും മരുന്ന് എത്തിച്ചാണ് രോഗികൾക്ക് നൽകിയത്. ഇന്ന് ചികിത്സിക്കാൻ മരുന്ന് സ്റ്റോക്കില്ല.
18 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ലാക്ക് ഫംഗസ് രോഗ ചികിത്സയിലുള്ളത്. രണ്ടാം ദിവസവും മരുന്നില്ല. ലൈപോസോമൽ ആംഫോടെറിസിൻ, ആംഫോടെറിസിൻ എന്നീ രണ്ട് മരുന്നുകളും ഞായറാഴ്ച രാത്രി തന്നെ തീർന്നിരുന്നു. 50 വയൽ ലൈപോസോമൽ ആംഫോടെറിസിനാണ് ദിവസവും വേണ്ടത്. ആംഫോടെറിസിൻ ആകട്ടെ ചുരുങ്ങിയത് 12 വയൽ വേണം. മരുന്നില്ലാതെ ചികിത്സ എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്ന ആശങ്കയിലാണ് ആശുപത്രി അധികൃതർ.
ഇന്നലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കണ്ണൂരിൽ നിന്നും മരുന്ന് എത്തിച്ചാണ് ചികിത്സ തുടർന്നത്. സ്വകാര്യ ആശുപത്രിയിൽ നിന്ന് ആറ് വയൽ ആഫോംടെറസിൻ എമൽഷനും കണ്ണൂരിലെ ഗോഡൗണിൽ നിന്ന് 20 വയൽ ആംഫോറെടസിനും എത്തിക്കുകയായിരുന്നു.
മരുന്ന് ലഭിക്കാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം തങ്ങൾ സമീപിക്കുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ വ്യക്തമാക്കി. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അടക്കമുള്ളവയെ ദിവസങ്ങൾക്ക് മുമ്പേ വിവരം അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതുവരേയും മരുന്ന് എപ്പോൾ ലഭിക്കുമെന്ന് വ്യക്തതയില്ല.
കഴിഞ്ഞ ആഴ്ചയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് തീർന്നതിനെ തുടർന്ന് ചികിത്സ തടസപ്പെട്ടിരുന്നു. അന്ന് ലൈപോസോമൽ ആംഫോടെറിസിൻ മരുന്ന് മാത്രമായിരുന്നു സ്റ്റോക്കില്ലാതിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ