ദോഹ: ഖത്തറിൽ 76 ഇനത്തിലുള്ള 400 മരുന്നുകളുടെ വിലകുറച്ചത് ഇന്നുമുതൽ പ്രാബല്യത്തിൽ വരും. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ചുള്ള അറിയിപ്പ് പുറത്തുവിട്ടത്.

വില കുറക്കേണ്ട മരുന്നുകളുടെ നിലവിലുള്ള വിലയും പുതിയ വിലയും സൂചിപ്പിക്കുന്ന പട്ടികയും സുപ്രീം ആരോഗ്യ കൗൺസിലിന് കീഴിലെ ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഫാർമസികൾക്ക് നൽകുകയാണ് ചെയ്യുക. തുടർന്ന് ഇതനുസരിച്ചുള്ള വിലയാകും മരുന്നുകൾക്ക് ഈടാക്കുക

സന്ധിവാതം, ചർമ്മരോഗം, രക്തസമ്മർദം, പ്രമേഹം, കണ്ണ് രോഗം തുടങ്ങിയ രോഗങ്ങൾക്കുള്ള 76 ഇന മരുന്നുകൾക്കാണ് വില കുറയുക. 82.93 മുതൽ 0.24 ശതമാനം വരെയായിരിക്കും വിലക്കുറവ്.

ജി.സി.സി രാജ്യങ്ങളിൽ മരുന്നുവില ഏകോപിപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് ഖത്തറിലും വില കുറച്ചിരിക്കുന്നത്. ഇതിനുള്ള നടപടികൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇതിനു ശേഷം കഴിഞ്ഞ മൂന്നു തവണയായി വില കുറച്ചതിലൂടെ 2,873 മരുന്നുകളുടെ വിലയിൽ കുറവുണ്ടായിരുന്നു. നടപടിയുടെ ആദ്യഘട്ടമായ 2014 സെപ്റ്റംബറിൽ മുന്നൂറോളം മരുന്നുകൾക്കും രണ്ടാം ഘട്ടമായ 2015 ജനുവരി 23 മുതൽ 700 ഓളം മരുന്നുകൾക്കും വില കുറഞ്ഞിരുന്നു.