- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇടയ്ക്ക് ഉറക്കം ഞെട്ടിയപ്പോൾ അയാൾ എന്നെ ഉമ്മ വെയ്ക്കുകയാണ്; അയാളുടെ കാലുകൾ എന്റെ മേൽ വരിഞ്ഞു കിടക്കുന്നു; അയാൾ ലിംഗം തളരുവോളം എന്നെ ഉപയോഗിച്ചു'; ബാല താരമാവാൻ പോയി ലൈംഗിക ചൂഷണത്തിന് ഇരയായ അനുഭവം പങ്കുവെച്ച് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ്
കോഴിക്കോട്: നടിയ ആക്രമിച്ച കേസിനൊപ്പം നടൻ വിജയ്ബാബുവിന്റെ ബലാത്സംഗക്കേസുകൂടി വന്നതോടെ, മലയാള സിനിമയിലെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള വലിയ ചർച്ചകൾ നടക്കുന്ന സമയമാണിത്. എന്നാൽ സ്ത്രീകൾ മാത്രമല്ല കുട്ടികളും കൗമാരക്കാരുമൊക്കെ ചലച്ചിത മോഹത്തിന്റെ പേരിൽ വലിയതോതിൽ ചൂഷണം ചെയ്യപ്പെടാറുണ്ടെന്ന് സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാട്ടുകയാണ് സോഷ്യൽ മീഡിയ ആക്റ്റീവസ്റ്റ് ദിപിൻ ജയദീപ്. ബാലതാരമാവാൻ വേണ്ടിയുള്ള ശ്രമത്തിനിടെ തന്നെ ചിലർ ഹീനമായ പീഡിപ്പിച്ച അനുഭവമാണ് ദിപിൻ പങ്കുവെച്ചത്.
കുട്ടിയായ തനിക്ക് അത് ആരോടും അന്ന് പറയാൻ കഴിഞ്ഞില്ലെന്നും, 'റേപ്പ് ചെയ്യപ്പെട്ടാൽ എന്തുകൊണ്ട് അപ്പോൾ പരാതി പറഞ്ഞില്ല' എന്ന ചോദ്യം അസ്ഥാനത്താണെന്നും ദിപിൻ എഴുതുന്നു. സ്ത്രീകൾ മാത്രമല്ല സിനിമയിൽ ചൂഷണം അനുഭവിക്കുന്നത്. ''ഗുജറാത്തിൽ നിന്നുള്ള മോഡൽ ആയ യുവാവ് മുംബൈയിൽ ക്രൂരമായി കൂട്ട ബലാൽസംഗത്തിന് ഇരയായ വാർത്ത വായിച്ചത് ഓർക്കുന്നു. നമ്മുടെ നാട്ടിൽ തന്നെ ഒരു യുവ നടനെ നിർമ്മാതാവ് ലൈംഗിക ചൂഷണം ചെയ്തതും ഈയിടെ കേട്ടിരിക്കുന്നു. കയ്യൂക്കും പ്രിവിലേജും ഉള്ളവർ എപ്പോഴും വേട്ടക്കാർ ആയിരിക്കും. അല്ലാത്തവർ ഇരയും. ഇരു ഭാഗത്തും ജൻഡർ നോക്കി സാമാന്യ വൽക്കരിക്കേണ്ട കാര്യവും ഇല്ല.''- ഫേസ്‌ബുക്ക് പോസ്റ്റിൽ ദിപിൻ ചൂണ്ടിക്കാട്ടുന്നു.
സിനിമാ മോഹത്തിന്റെ പേരിൽ കൊടിയ ചൂഷണം
ദിപിൻ ജയദീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.
''സിനിമ ലോകത്തെ മീ ടൂ വിവാദങ്ങൾ ഓരോന്നും പുറത്തു വരുമ്പോഴും ഞാൻ ഓർക്കുന്ന എന്റെ ഉള്ളിൽ ഉണങ്ങാതെ കിടക്കുന്ന ചില മുറിവുകൾ ഉണ്ട്.
സ്‌ക്കൂളിൽ നാലാം തരത്തിൽ പഠിക്കുമ്പോൾ മോണോആക്ട്ന് ജില്ലാ ബാലകലോത്സവത്തിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും കിട്ടിയപ്പോൾ മുതൽ എനിക്ക് തന്നെ എന്റെ ഉള്ളിൽ ഒരു അഭിനയ സാധ്യത ഉണ്ടെന്ന് ഒക്കെ തോന്നിയിരുന്ന കാലം. അതുവരെ എന്റെ മത്സരം കാണാൻ പോലും വീട്ടിൽ നിന്ന് ആരും വരാറില്ലായിരുന്നു. എന്റെ മലയാളം മാഷും അദ്ദേഹത്തിന്റെ ഭാര്യയും ആയിരുന്നു എനിക്ക് ഒപ്പം പാരന്റ്സ് ആയി കൂടെ വരാറുള്ളത്. സമ്മാനം ഒക്കെ കിട്ടിയപ്പോൾ മാഷ് അമ്മമ്മയോട് എന്നെ അഭിനയം ഒക്കെ പഠിപ്പിക്കണം എന്നൊക്കെ പറഞ്ഞു. അങ്ങനെ പുള്ളിക്കാരി ഒരു മാഷിനെ ഏർപ്പാട് ആക്കി.നാട്ടിലെ ഒരു നാടക നടൻ. ഫുൾ ടൈം കള്ളും സിഗരറ്റും മണക്കുന്ന അയാളെ ഒരാഴ്ച കൊണ്ട് എനിക്ക് മടുത്തു. ഇനി വീട്ടിൽ വരേണ്ട എന്ന് ഞാൻ അയാളോട് പറഞ്ഞു.
ആ സംഭവം ഒക്കെ കഴിഞ്ഞിട്ടും അഭിനയ മോഹം എന്റെ ഉള്ളിൽ തെളിഞ്ഞു കിടന്നു. രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ മാതൃഭൂമി ക്ലാസിഫൈഡ് പേജിൽ 'ബാല താരങ്ങളെ ആവശ്യമുണ്ട്' എന്ന ഒരു പരസ്യം കണ്ടു. അതിൽ ഒരു ഫോൺ നമ്പറും ഉണ്ടായിരുന്നു. ഞാൻ അതിൽ വിളിച്ചു നോക്കി, അവർക്ക് വീട്ടിലെ മുതിർന്നവരോട് സംസാരിക്കണം എന്ന് പറഞ്ഞു. ഞാൻ അമ്മമ്മയേ കൊണ്ട് വീണ്ടും വിളിപ്പിച്ചു. അവരുടെ പുതിയ സിനിമയിൽ അഭിനയിക്കാൻ പുതുമുഖ ബാല താരങ്ങൾ വേണം എന്നും അടുത്ത ആഴ്ച തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോവിൽ വച്ച് കൂടിക്കാഴ്‌ച്ച ഉണ്ടാവും എന്നും പറഞ്ഞു. വീട്ടിലെ ഫോൺ നമ്പറും അവർ വാങ്ങി എന്തെങ്കിലും ഉണ്ടെങ്കിൽ തിരികെ വിളിക്കാം എന്നും പറഞ്ഞു.
തിരുവനന്തപുരം പോകാൻ വേണ്ടി ഞാൻ വാശി പിടിച്ചപ്പോൾ വീട്ടിൽ സമ്മതിച്ചു. ഇടയ്ക്ക് അവരുടെ വിളി വന്നു, സെലക്ഷൻ കഴിഞ്ഞാൽ കുറച്ചു പൈസ ചെലവ് ഉണ്ടാകും എന്നും പതിനായിരം രൂപ കയ്യിൽ കരുതണം എന്നും പറഞ്ഞു. ഞാൻ ആകെ ത്രിൽ അടിച്ച മൂഡിൽ ആയിരുന്നു. അയൽപക്കത്ത് ഒക്കെ എല്ലാവരോടും കാര്യം പറഞ്ഞു. അവരുടെ അസൂയ കലർന്ന നോട്ടം കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി. ഞാൻ ഒരു നടൻ ആകാൻ പോകുന്നു!
അങ്ങനെ ഞാനും അമ്മമ്മയും അച്ഛാച്ചനും കൂടി പരശുറാം എക്സ്പ്രസ്സിൽ തിരുവനന്തപുരത്തേക്ക് തിരിച്ചു. തീരെ പരിചയം ഇല്ലാത്ത സ്ഥലം ആണ്. അവിടെ അമ്മമ്മയുടെ സുഹൃത്ത് ഒരു ഡോക്ടർ ഉണ്ടായിരുന്നു. അവരുടെ ഭർത്താവ് ശിവ സേന പാർട്ടിയുടെ എന്തോ ചുമതല ഒക്കെ ഉള്ള ആൾ ആയിരുന്നു. ഞങ്ങൾ ആദ്യമേ അദ്ദേഹത്തോട് കാര്യം ഒന്നും പറഞ്ഞിരുന്നില്ല. നേരെ ചിത്രാഞ്ജലി സ്റ്റുഡിയോവിൽ പോയി. അവിടെ തിരക്കിയപ്പോൾ സെക്യൂരിറ്റി ചേട്ടൻ പറഞ്ഞു നിങ്ങളെ ഏതോ ഫ്രോഡ് ടീം പറ്റിച്ചതാണ് എന്ന്. അവിടെ അങ്ങനെ ഒരു ഇന്റർവ്യൂ ഒന്നും നടക്കുന്നില്ലത്രേ.
ആകെ തകർന്നു പോയി അപ്പോൾ. ആകെ ചതി പറ്റി തിരികെ നാട്ടിൽ ചെല്ലുന്ന കാര്യം ഓർത്തപ്പോൾ ഭൂമി പിളർന്നു അങ്ങ് വീണാൽ മതി എന്ന് തോന്നി. ഏതായാലും ഞങ്ങൾ അമ്മമ്മയുടെ സുഹൃത്തിനൊപ്പം ശിവസേനയുടെ ഓഫിസിൽ പോയി അവിടെ നിന്നും അദ്ദേഹം പരസ്യത്തിൽ കണ്ട നമ്പറിൽ ഫോൺ ചെയ്തു. അവരോട് പാർട്ടിക്കാർ ആണെന്ന് പറഞ്ഞ ഉടൻ ഫോൺ കട്ട് ചെയ്തു. പിന്നെ വിളിച്ചപ്പോൾ ഫോൺ ഡിസ്‌കണക്ട് ആയിരുന്നു.
പതിനൊന്നാം വയസ്സിൽ സിനിമ മോഹിച്ചു പോയ എനിക്ക് കിട്ടിയ വൻ ചതി!
നാട്ടിൽ വന്നപ്പോൾ നാട്ടുകാരുടെ പരിഹാസവും കൂട്ടുകാരുടെ കൂവലും കൊണ്ട് ആകെ മടുത്തപ്പോൾ വീണ്ടും പത്രത്തിൽ കാണുന്ന സകല പരസ്യത്തിലും വീട്ടിൽ അറിയാതെ ഞാൻ എഴുത്ത് അയക്കാൻ തുടങ്ങി.
ഒടുവിൽ എറണാകുളത്ത് നിന്ന് ഒരാൾ തിരികെ എഴുതി. ചെറിയ ബജറ്റ് സിനിമ ആണ്, താല്പര്യം ഉണ്ടെങ്കിൽ ചെല്ലാൻ പറഞ്ഞു. വീണ്ടും ഞാൻ ഒറ്റക്കാലിൽ നിൽപ്പായി കൊച്ചിയിൽ പോകാൻ വേണ്ടി. ഒടുവിൽ അതും വീട്ടുകാർ സമ്മതിച്ചു. അങ്ങനെ ചേരാനെല്ലൂർ ഉള്ള സനൽ എന്ന് പേരുള്ള ഒരാളുടെ വീട്ടിൽ പോയി. അയാൾ ആയിരുന്നു പ്രൊഡ്യുസർ. മനുരാജ് എന്ന സിനിമ നടനും ജൂനിയർ ആര്ടിസ്റ് ആയി ഒരുപാട് സിനിമകളിൽ ഒക്കെ കാണുന്ന ദേവി എന്ന നടിയും ആയിരുന്നു നായകനും നായികയും. മനു രാജിന്റെ കുട്ടിക്കാലം ആയിരുന്നു എന്റെ വേഷം. എളമക്കര ഉള്ള സൈൻവേൾഡ് എന്ന സ്റ്റുഡിയോ നടത്തുന്ന ഗോപിനാഥ് എന്ന ആൾ ആയിരുന്നു സംവിധാനം. ഇതൊക്കെ ശരിക്കുള്ള പേരൊക്കെ ആണൊ എന്ന് ആർക്കറിയാം?
എന്തൊക്കെയോ കുറെ സീനുകൾ ഷൂട്ട് ചെയ്തു. നായികയല്ലാതെ ഒരു പെൺകുട്ടി ഉണ്ടായിരുന്നു അവളുടെ കുളി സീൻ ആയിരുന്നു അതിൽ ഹൈ ലൈറ്റ്. രണ്ടു ദിവസം ഭക്ഷണം ഒക്കെ അവരുടെ വക ആയിരുന്നു. പക്ഷെ ചെലവ് എന്നും പറഞ്ഞു അഭിനയിക്കാൻ വന്ന എല്ലാവരോടും അയ്യായിരം രൂപ വച്ചു വാങ്ങി. ഒടുവിൽ ആ സിനിമ ഇറങ്ങുന്നത് എന്നാണ് എന്നറിയാൻ കാത്തിരിപ്പായി. ബന്ധുക്കൾ ഒക്കെ ചോദിക്കാൻ തുടങ്ങി. ഇപ്പോൾ വെറും പതിനെട്ട് കൊല്ലം ആയിട്ടേ ഉള്ളൂ, ചിലപ്പോ ഇരുപതുകൊല്ലം തികയാൻ അവർ കാത്തിരിക്കുന്നത് ആവും.
രണ്ടു കൊല്ലത്തിന് ശേഷം എട്ടാം ക്ലാസിൽ ഉള്ളപ്പൊ മൂന്നാമതും ഞാൻ അഭിനയിക്കാൻ പോയി. ഇക്കുറി നാട്ടിൽ തന്നെ, കണ്ണൂർ കക്കാട് യത്തീം ഖാനയുടെ സമീപം ഉള്ള 'മുഹമ്മദ് കക്കാട് ' എന്നയാൾ ആയിരുന്നു അടുത്ത ഫ്രോഡ്. അയാൾ അന്തരിച്ച പ്രശസ്ത ഗായകൻ എരഞ്ഞോളി മൂസയും ആയി ചേർന്ന് മുസ്ലിം ഡിവോഷണൾ ആൽബം ഒക്കെ ഇറക്കിയിരുന്നു. അയാളുടെ മൂന്നാമത്തേ ആൽബം ആയിരുന്നു ഞാൻ അഭിനയിക്കാൻ പോയത്. പുലർച്ചെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലും പയ്യാമ്പലം ബീച്ചിലും ഷൂട്ടിങ് ഉണ്ടെന്ന് പറഞ്ഞു. കണ്ണൂർ ഉള്ള ഏതോ ഒരു ഹോട്ടലിൽ മുറി എടുത്തു. എന്നെ പോലെ മാർഷൽ എന്നൊരു പയ്യനും വന്നിട്ടുണ്ടായിരുന്നു. അവന്റെ പപ്പയും അവനും അതേ ഹോട്ടലിൽ ഞാൻ താമസിച്ച മുറിയുടെ തൊട്ട് അടുത്ത മുറിയിൽ ആണ് താമസിച്ചത്. എന്റെ മുറിയിൽ മുഹമ്മദും ഉണ്ടായിരുന്നു. ഞാൻ ഉറക്കം വന്നപ്പോൾ കിടന്നു. അയാൾ ആരെയൊക്കെയോ ഫോണിൽ വിളിച്ചു കൊണ്ട് ഇരിപ്പായിരുന്നു. ഇടയ്ക്ക് ഉറക്കം ഞെട്ടിയപ്പോൾ അയാൾ എന്നെ ഉമ്മ വെയ്ക്കുകയാണ്. അയാളുടെ കാലുകൾ എന്റെ മേൽ വരിഞ്ഞു കിടക്കുന്നു. ഞാൻ ചാടി എണീറ്റപ്പോൾ അയാൾ എന്നെ ബലമായി പിടിച്ചു ബെഡിൽ കിടത്തി. ഞാൻ എഴുന്നേറ്റ് അടുത്ത മുറിയിൽ അവരുടെ ഒപ്പം കിടന്നോളാം എന്നും പറഞ്ഞു കരഞ്ഞു.
ഞാൻ കുതറി മാറുന്നത് അയാൾക്ക് കൂടുതൽ ഹരം ആയി. സിഗരറ്റ് മണക്കുന്ന അയാളുടെ വൃത്തികെട്ട ചുണ്ട് കൊണ്ട് എന്നെ ചുംബിച്ചു. ഞാൻ അയാളെ മാന്തുകയും കടിക്കുകയും ഒക്കെ ചെയ്തിട്ടും കാര്യം ഉണ്ടായില്ല. അയാളുടെ ലിംഗം തളരുവോളം എന്നെ ഉപയോഗിച്ചു. എന്നോട് തന്നെ വെറുപ്പ് തോന്നിയ ദിവസം ആയിരുന്നു. ആരോടും പറയാൻ ധൈര്യം ഇല്ലാതേ സ്വയം ഉള്ളിൽ ഒതുക്കി നിന്ന രഹസ്യം. അയാൾ എനിക്ക് ഒരു വലിയ മാറ്റം ഉണ്ടാക്കി, ക്യാമറക്ക് മുന്നിൽ വരാൻ ഉള്ള എന്റെ മോഹം അതോടെ എട്ടായി മടക്കി പെട്ടിയിൽ വച്ചു പൂട്ടി.
സിനിമ മേഖല ഇങ്ങനെ ഒക്കെയാണ്, ചൂഷണവും ചതിയും വഞ്ചനയും കൊണ്ട് പണിതുയർത്തിയ ചീട്ടു കൊട്ടാരങ്ങളാണ് പല പ്രമുഖരുടെയും സാമ്രാജ്യം. ആദ്യം പണി കിട്ടിയിട്ടും ഞാൻ നിർത്തിയില്ല, അടുത്ത തവണ എങ്കിലും എന്റെ സിനിമ മോഹം പൂവണിയും എന്ന് ആഗ്രഹിച്ചു. അതാണ് പലർക്കും പറ്റുന്നത്.
'റേപ്പ് ചെയ്യപ്പെട്ടാൽ എന്തുകൊണ്ട് അപ്പോൾ പരാതി പറഞ്ഞില്ല?'എന്ന ഊള ചോദ്യം തെറ്റാണ്. സാഹചര്യം, മാനസിക അവസ്ഥ ഒക്കെ പ്രധാനമാണ്. എപ്പോൾ പറയുന്നു എന്നതിനേക്കൾ പറയുന്നതിൽ വാസ്തവം ഉണ്ടോ എന്നതിന് ആണ് പ്രാധാന്യം. അതിനെ പറ്റി അല്ലേ ചർച്ച ചെയ്യേണ്ടത്. നിലവിലെ സാങ്കേതിക വിദ്യ ഒക്കെ വച്ചു കൊണ്ട് ഏതൊരു മീറ്റൂ ആരോപണവും സത്യമോ അല്ലയോ എന്നത് 24 മണിക്കൂർ കൊണ്ട് കണ്ടെത്താൻ പൊലീസിന് സാധിക്കില്ലേ? എന്നിട്ടും പലതും നീർക്കുമിള പോലെ വീർത്തു പൊട്ടി ഒന്നും ആകാതെ കിടക്കുന്നത് പ്രതികൾക്ക് സ്വാധീനം ഉള്ളതുകൊണ്ട് ആണ്.
ഓരോ തവണയും മീറ്റൂ കഥകൾ വരുമ്പോഴും ഞാൻ ആലോചിച്ചത് ഇത്തരം മുഹമ്മദും സനലും ഒക്കെ തന്നെ ആണ് ഇപ്പോഴും പല പേരിൽ നിറഞ്ഞു നിൽക്കുന്നത്. ഇവന്മാരുടെ ഒക്കെ മുമ്പിൽ അഭിനയിക്കാനുള്ള കൊതി കൊണ്ടും പുറത്ത് പറയാൻ ഉള്ള പേടി കൊണ്ടും തുണി അഴിക്കേണ്ടി വരുന്നവർ ഒരുപാട് ഉണ്ടാകും. അതിൽ സഹികെട്ടവരും ഏറ്റവും ധൈര്യം ഉള്ളവരും മാത്രം ആയിരിക്കും പുറത്ത് പറയുന്നത്. അപ്പോഴും ഇരയ്ക്ക് നേരെ കുരയ്ക്കുന്ന രാഹുൽ ഈശ്വരനെ പോലുള്ള ചിലയിനം ജന്തുക്കൾ ഉണ്ടാകും ഇവിടെ. പുരുഷൻ എല്ലായിടത്തും വേട്ടക്കാരനും സ്ത്രീ ഇരയും ആണെന്ന അഭിപ്രായം ഒന്നും ഇല്ലെങ്കിലും പുരുഷന് ആധിപത്യം കൂടുതൽ ഉള്ളതും പെണ്ണ് എന്ന് കേട്ടാൽ ലിംഗം ഉദ്ധരിച്ചു വരുന്ന ഊളകൾ ഭൂരിപക്ഷം ഉള്ളതും ആയ നമ്മുടെ നാട്ടിൽ കൂടുതൽ സഹിക്കേണ്ടി വരുന്നത് എപ്പോഴും പെണ്ണിന് തന്നെ ആണെന്നതിൽ തർക്കം ഇല്ല.
ഗുജറാത്തിൽ നിന്നുള്ള മോഡൽ ആയ യുവാവ് മുംബൈയിൽ ക്രൂരമായി കൂട്ട ബലാൽസംഗത്തിന് ഇരയായ വാർത്ത വായിച്ചത് ഓർക്കുന്നു. നമ്മുടെ നാട്ടിൽ തന്നെ ഒരു യുവ നടനെ നിർമ്മാതാവ് ലൈംഗിക ചൂഷണം ചെയ്തതും ഈയിടെ കേട്ടിരിക്കുന്നു. കയ്യൂക്കും പ്രിവിലേജും ഉള്ളവർ എപ്പോഴും വേട്ടക്കാർ ആയിരിക്കും. അല്ലാത്തവർ ഇരയും. ഇരു ഭാഗത്തും ജൻഡർ നോക്കി സാമാന്യ വൽക്കരിക്കേണ്ട കാര്യവും ഇല്ല.
ഒരു വിഷയം മറനീക്കി പുറത്തു വരും വരെ ഞാൻ അഭിപ്രായം പറയുന്നത് ശരിയല്ല. എന്നാലും പറഞ്ഞിടത്തോളം അറിഞ്ഞിടത്തോളം ആ പെണ്ണിന്റെ ഒപ്പം നിൽക്കാൻ ആണ് എനിക്ക് തോന്നുന്നത്.''- ഇങ്ങനെയാണ് ജയദീപ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഈ പോസ്റ്റിനെ തുടർന്ന് വലിയ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ