കൊച്ചി: നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ദേ പുട്ട് റസ്റ്റോറന്റിൽ നടന്ന ഭാഗ്യനറുക്കെടുപ്പിൽ അതിഥിയായി മകൾ മീനാക്ഷി എത്തി. ഡൈൻ വിത്ത് സ്റ്റാർ എന്ന പരിപാടിയുടെ നറുക്കെടുപ്പാണ് മീനാക്ഷി നടത്തിയത്. മഞ്ജു വാര്യരുമായുള്ള ബന്ധം പിരിഞ്ഞ ശേഷം മീനാക്ഷി ദിലീപിനൊപ്പമാണ് താമസം. ഫേസ്‌ബുക്കിലൊന്നും മറ്റ് താരങ്ങളെ പോലെ അത്ര സജീവമല്ല ദിലീപ് എങ്കിലും മകളുടെ പുതിയ ചിത്രം കിട്ടിയതോടെ ആരാധകർ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയും ചെയ്തു. ഇരുവരും പൊതുവേദിയിൽ ഒരുമിച്ച് എത്തുന്നത് തന്നെ അപൂർവ്വമായാണ്.

എന്തായാലും മീനാക്ഷിയും ദിലീപുമൊന്നിച്ചുള്ള ചിത്രം സോഷ്യൽമീഡിയയിൽ ചർച്ചയായി കഴിഞ്ഞു. ഫോട്ടോകൾ ഇട്ടും സ്റ്റാറ്റസുകൾ മാറ്റിയും സാമൂഹിക പ്രശ്‌നങ്ങളിൽ പ്രതികരണങ്ങളൊക്കെയായി മറ്റു താരങ്ങൾ ഫേസ്‌ബുക്കിൽ സജീവമാകുമ്പോൾ ദിലീപ് ഇതിനൊന്നും മിനക്കെടാറില്ല. നേരത്തെ മീനാക്ഷിയുടെ പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് തുടങ്ങിയത് വാർത്തയായിരുന്നു. ഇതിനെതിരെ ദിലീപ് പ്രതികരിച്ചിരുന്നു.