കൊച്ചി: അച്ഛനും അമ്മയും അറിയപ്പെടുന്ന സിനിമാക്കാർ, രണ്ടാനമ്മ ആയാലും അഭിനയ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്തം. ചുറ്റുമുള്ളവരൊക്കെ സിനിമാക്കാർ. എന്നിട്ടും താരപുത്രിക്ക് ഇഷ്ടം ഡോക്ടർ എന്ന പ്രൊഫഷനോട്. പറഞ്ഞു വരുന്നത് ദിലീപ്-മഞ്ജു ദമ്പതികളുടെ ഏകമകൾ മീനാക്ഷിയെ കുറിച്ചാണ്. മീനാക്ഷിയുടെ മോഹം ഡോക്ടറാകണമെന്നാണ്. ആ മോഹത്തിന് എല്ലാവിധ പിന്തുണയും നൽകി രംഗത്തുള്ളത് പിതാവ് ദിലീപും. മെഡിക്കൽ ബിരുദ കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ ടെസ്റ്റ്(നീറ്റ്) പരീക്ഷ എഴുതിയിരിക്കയാണ് മീനാക്ഷി.

മകൾ പരീക്ഷ എഴുതിയതോടെ മറ്റെല്ലാ രക്ഷിതാക്കളെയും പോലെ ദീലീപും ആശങ്കയിലാണ്. തന്റെ ആശങ്ക അദ്ദേഹം ഒരു അഭിമുഖത്തിൽ പങ്കുവെക്കുകയും ചെയ്തു. ഒരു സാധാരണ അച്ഛന്റെ എല്ലാ ആകാംഷകളും പ്രതീക്ഷകളും ദിലീപ് ഒരു അഭിമുഖത്തിൽ പങ്കുവച്ചു. ദിലീപേട്ടാ, മീനാക്ഷി നീറ്റ് എക്‌സാം എഴുതിയെന്നു കേട്ടല്ലോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. 'അവൾ നീറ്റ് ആയി എഴുതി എന്നായിരുന്നു ദിലീപിന്റെ മറുപടി. എല്ലാവരും പ്രാർത്ഥനയിലാണെന്നും കിട്ടുമെന്നു പ്രതീക്ഷിക്കുന്നതായും കരുതുന്നു. നമ്മൾ എപ്പോൾ റിട്ടയർ ചെയ്യണമെന്ന കാര്യത്തെക്കുറിച്ച് സ്വയം തീരുമാനമെടുക്കാവുന്ന മേഖലയിലാണ് ജോലി ചെയ്യുന്നത്. എന്നാൽ അവളുടെ കാര്യത്തിൽ പേരിന് മുന്നിലെ മിസ്റ്റർ ആൻഡ് മിസ്സിസൊന്നും വരില്ല, ഡോക്ടറേ വരൂ, അതുകൊണ്ട് തന്നെ അക്കാര്യത്തെക്കുറിച്ച് ശ്രദ്ധിക്കണമെന്ന് മകളോട് പറയാറുണ്ടെന്നും ദിലീപ് പറയുന്നു.

കാമറയ്ക്ക് മുന്നിൽ കൂടുതലായൊന്നും പ്രത്യക്ഷപ്പെടാറില്ലെങ്കിലും ദിലീപിന്റെയും മഞ്ജു വാരിയറുടെയും മകൾ മീനാക്ഷിക്ക് ആരാധകർ ഏറെയാണ്. സിനിമാകുടുംബത്തിൽ ജനിച്ച് വളർന്ന മീനാക്ഷി അച്ഛന്റെയും അമ്മയുടെയും വഴിയെ സിനിമയിലേക്ക് എത്തുമോയെന്നറിയാനായിരുന്നു ആരാധകർക്ക് ആകാംക്ഷ. എന്നാൽ സിനിമയിലെത്തുന്നതിനെക്കുറിച്ച് ഒരിക്കൽപോലും ഈ താരപുത്രി സൂചന നൽകിയിരുന്നുമില്ല.

ചുരുക്കത്തിൽ മകളെ സിനിമാ മേഖലയിലേയ്ക്ക് അയക്കാനില്ല, ഡോക്ടറാക്കാനാണ് തന്റെ തീരുമാനമെന്നാണ് ദിലീപ് നൽകുന്ന സൂചന. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളും കുതികാൽവെട്ടുകളെ കുറിച്ചും ശരിക്കും ബോധ്യമുള്ളതു കൊണ്ടാകും മകളെ സിനിമാക്കാരിയാക്കാൻ നടൻ താൽപ്പര്യപ്പെടാത്തത് എന്നാണ് സൂചന. അതേസമയം പഠിക്കേണ്ട സമയമാണ് ഇപ്പോഴെന്നും അല്ലാതെ സിനിമയെ കുറിച്ച് ചിന്തിക്കേണ്ട സമയമല്ല ഇപ്പോഴെന്നുമാണ് ദിലീപിന്റെ നിലപാട്. കമ്മാരസംഭവം സിനിമയുടെ ദുബായി റിലീസുമായി ബന്ധപ്പെട്ട് വിദേശത്താണ് ദിലീപ്.