കൊച്ചി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച് നടി മീര ജാസ്മിൻ. പത്തു കൽപനകൾ എന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കവെയാണു മീര ദേഷ്യത്തോടെയും വികാരഭരിതയുമായി പ്രതികരിച്ചത്. കൊച്ചി പ്രസ്‌ക്ലബിൽ വച്ചായിരുന്നു മീരയുടെ പ്രതികരണം.

ചെറിയ ഇടവേളയ്ക്കുശേഷം മീര ജാസ്മിൻ പ്രമുഖമായ റോളിലെത്തുന്ന സിനിമയാണ് പത്തു കൽപനകൾ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായി ശബ്ദിക്കുന്ന പൊലീസ് ഓഫിസറായാണ് മീര എത്തുന്നത്. സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾക്കു രാജ്യത്തുനിലനിൽക്കുന്ന നിയമവും അതു നൽകുന്ന ശിക്ഷയും മതിയായതല്ലെന്ന സന്ദേശമാണു ചിത്രം നൽകുന്നത്. അതേ അഭിപ്രായമാണ് ചിത്രത്തിലെ നായിക മീര ജാസ്മിനും പ്രകടിപ്പിച്ചത്.

ഇരയനുഭവിച്ച വേദന പ്രതിയും അറിഞ്ഞു തന്നെ വേണം ശിക്ഷ വിധിക്കാനെന്ന് മീര പറഞ്ഞു. ആ വേദന അറിഞ്ഞാൽ പിന്നെ ഒരാളും പെണ്ണിനെ ഉപദ്രവിക്കാൻ തയാറാകില്ല. സൗമ്യ, ജിഷ സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ ലിംഗഛേദം ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ പ്രതികൾക്കു നൽകണമെന്നും നടി മീരാ ജാസ്മിൻ പറഞ്ഞു.

ഇന്ത്യൻ നിയമസംവിധാനം പൊളിച്ചെഴുതേണ്ട സമയമാണെന്നാണ് നടൻ അനൂപ് മേനോൻ അഭിപ്രായപ്പെട്ടത്. നിരവധി പേരുടെ ജീവിതമാണ് കോടതികളിൽ ഹോമിക്കപ്പെടുന്നത്. സ്ത്രീകളെ ആക്രമിക്കുന്നവർക്ക് സമൂഹ മനസാക്ഷി നൽകുന്ന ശിക്ഷയെക്കുറിച്ചാണ് ഈ സിനിമ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം മീര ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പത്ത് കൽപ്പനകൾ കാലിക പ്രസക്തിയുള്ള സംഭവമാണ് സിനിമ ചർച്ച ചെയ്യുന്നത്. ഡോൺ മാക്‌സാണ് ചിത്രത്തിന്റെ സംവിധായകൻ.

സൗമ്യ, ജിഷാ സംഭവങ്ങൾക്ക് മുൻപെ താൻ എഴുതിയ കഥയാണ് ചിത്രത്തിന്റേതെന്ന് ഡോൺ മാക്‌സ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജിഷയുടെ അമ്മ രാജേശ്വരി, സഹോദരി ദീപ എന്നിവരും സന്നിഹിതരായിരുന്നു. തന്റെ മകളെ കൊന്നവന്റെ മരണശിക്ഷ കാണാൻ താൻ കാത്തിരിക്കുകയാണെന്ന് രാജേശ്വരി പറഞ്ഞു. നിയമത്തിന് അവനെ കൊല്ലാൻ കഴിയില്ലെങ്കിൽ തനിക്ക് വിട്ടുതരണമെന്നും പൊതുജനത്തെ ഉപയോഗിച്ച് അവന് ശിക്ഷ കൊടുക്കാൻ തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു. പ്രശസ്ത ചിത്രസംയോജകൻ ഡോൺ മാക്‌സ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്തു കൽപനകൾ. നടി ഋതികയും അണിയറപ്രവർത്തകരും വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.