കൊച്ചി: ദേശീയ അവാർഡ് ലഭിച്ചതിനു പിന്നാലെയും മലയാള സിനിമയിൽ കൈനിറയെ ചിത്രങ്ങളുമായി നിന്നപ്പോഴുമെല്ലാം അഹങ്കാരിയായെന്നും സംവിധായകരെ അനുസരിക്കുന്നില്ലെന്നുമെല്ലാം പരാതികൾ കേട്ട മീരാജാസ്മിൻ ഇപ്പോഴൊരു മാലാഖയെപ്പോലെയാണ്. പത്തുകൽപനകൾ എന്ന പുതിയ ചിത്രത്തിന്റെ സെറ്റിൽ നടിയുടെ പെരുമാറ്റംകണ്ട് എല്ലാവരും അന്തംവിട്ടിരിക്കുകയാണ്. 

മുമ്പ് സംവിധായകൻ കമൽതന്നെ കുറ്റപ്പെടുത്തിയതോടെയാണ് മീരാജാസ്മിൻ അഹങ്കാരിയാണെന്ന പ്രചാരണം സിനിമാലോകത്ത് സജീവമായത്. അതോടെ മലയാളത്തിൽ മീരയ്ക്ക് സിനിമകളും കുറഞ്ഞു. വെറുതെ വയ്യാവേലി വലിച്ചുവയ്‌ക്കേണ്ടെന്നു കരുതി മീരയ്ക്ക ആരും വേഷങ്ങൾ നൽകാതായി. എങ്കിലും നല്ല അഭിനേത്രിയെന്ന മേന്മയിൽ ചില ചിത്രങ്ങൾ മീരയെ തേടിവന്നു. പക്ഷേ, അവ സാമ്പത്തിക നേട്ടമുണ്ടാക്കാതിരുന്നതോടെ നിർമ്മാതാക്കളും മീരയെ വേണ്ടെന്ന നിലയിലേക്കെത്തി. അതോടെ ഔട്ടായ മീര വിവാഹിതയുമായി. ഇപ്പോൾ ഒന്നര വർഷക്കാലം സിനിമാരംഗത്തുനിന്ന് വിട്ടുനിന്നതോടെ മീര ഇനി അഭിനയിക്കാനില്ലെന്ന മട്ടിലും പ്രചരണങ്ങളുണ്ടായി.

എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ടാണ് നടി ഇപ്പോൾ പത്തുകൽപനകളിൽ പുതിയവേഷവുമായി തിരിച്ചുവരവ് നടത്തുന്നത്. നടിക്ക് വലിയ മാറ്റമുണ്ടെന്നും അഹങ്കാരത്തിന്റെ കണികപോലും ഇല്ലാത്ത പുതിയ നടിയാണ് മീരയെന്നുമാണ് സെറ്റിലെ പ്രധാന സംസാരവിഷയം. മീരതന്നെ ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. 'ഞാൻ പുതിയ മീരാ ജാസ്മിനാണ്. പഴയതെല്ലാം മറന്ന് നിങ്ങൾ എന്നെ സ്വീകരിക്കണം'.

മീരാ ജാസ്മിൻ പൊലീസ് വേഷത്തിലെത്തുന്ന സിനിമയാണ് പത്തുകൽപ്പനകൾ. എഡിറ്റർ ഡോൺ മാക്‌സിന്റെ ആദ്യ സംവിധായക സംരംഭമായ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയത് ഡോൺ മാക്‌സ് തന്നെ. കരിയറിൽ ആദ്യമായാണ് മീര പൊലീസ് വേഷത്തിലെത്തുന്നത്. അനൂപ് മേനോനും മുരളി ഗോപിയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. കൂടെ കനിഹയും. നീണ്ട ഒരു ഇടവേളയ്ക്കുശേഷമാണ് നായികയായി മീര തിരികെ എത്തുന്നത്. അതിനാൽ മീരയ്ക്ക് പത്തു കൽപനകൾ നിർണായകവുമാണ്.

മീരയുടെ ഉയരമാണ് ഈ ചിത്രത്തിലേക്ക് മീരയെ തെരഞ്ഞെടുക്കാൻ കാരണമെന്ന് ഡോൺ മാക്‌സ് അഭിപ്രായപ്പെട്ടിരുന്നു. മീരയ്ക്ക് ഒരു രണ്ടാം വരവ് ഉണ്ടാകുമോയെന്നതിന് ഒരു ഉത്തരംകൂടിയാകും പത്തുകൽപനകൾ. ബോളിവുഡ് നടനും മലയാളിയുമായ പ്രശാന്ത് നാരായണൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ജോജു ജോർജ്, തമ്പി ആന്റണി, ബിനു അടിമാലി, സ്വാമി, സേതുലക്ഷ്മി, കവിതാ നായർ, ഷിബിൻ, കുളപ്പുള്ളി ലീല, ജോസുട്ടി (മൺസൂൺ മാംഗോസ് ഫെയിം), റിഥിക എന്നിവരും പ്രധാനതാരങ്ങളാണ് .