മലയാള സിനിമയ്ക്ക് പല കാലങ്ങളിൽ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ സിനിമ നേരിടുന്ന പ്രതിസന്ധികളെത്തുടർന്ന് മലയാള നടിമാർ ചലച്ചിത്രരംഗത്തുനിന്നു വിട പറയുകയാണെന്നാണ് പുതിയ വാർത്തകൾ. ഏറ്റവുമൊടുവിലായി നടി മീര നന്ദനാണ് സിനിമാലോകത്തോടു വിട പറഞ്ഞ് പുതിയ ലാവണം തേടിപ്പോയതെന്നാണ് റിപ്പോർ്ട്ടുകൾ പുറത്തുവരുന്നത്.

ദുബായിൽ റേഡിയോ ജോക്കി ആയി ജോലി നോക്കിപ്പോല മീര സിനിമ ഉപേക്ഷിക്കുന്നുവെന്ന തരത്തിലാണ് വാർത്തകൾ പുറത്തുവരുന്നത്. ദുബായിലെ റേഡിയോ റെഡ് 94.7 എന്ന എഫ്എം സ്‌റ്റേഷനിലാണ് മീര ജോലി ചെയ്യുന്നത്. ആഴ്ചാവസാനം ആറ് മണി മുതൽ പത്ത് മണിവരെ പ്രക്ഷേപണം ചെയ്യുന്ന ബി കമ്പനി എന്ന ഷോയാണ് മീര അവതരിപ്പിക്കുന്നത്.

മീര സിനിമ ഉപേക്ഷിച്ചാലും ഇല്ലെങ്കിലും മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന മിക്ക നടിമാരും മറ്റു പല മാർഗങ്ങളും തേടുകയാണിപ്പോൾ. ചിലർ വീണ്ടും പഠിക്കാൻ ആരംഭിച്ചിട്ടുണ്ട്. കാവ്യ, ഭാമ, നമിത അങ്ങനെ എല്ലാവരും പഠിത്തം തുടരുകയാണ്. ഭാവിയിൽ സിനിമയിൽ നിന്ന് പുറത്തുപോയാലും പഠനം ഉപകാരപ്പെടുമെന്ന നിലപാടാണ് കാവ്യ മാധവന്.

നാലോ അഞ്ചോ സിനിമകളിൽ അഭിനയിക്കുമ്പോഴേക്കും പുതിയ നടിമാർ രംഗപ്രവേശം ചെയ്യുന്നുണ്ട്. ഇത് ചുരുക്കം നടിമാർ ഒഴികെ മറ്റുള്ളവർക്ക് സ്ഥിരമായി മലയാള സിനിമയിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കുന്നുണ്ട്. ശക്തമായ നായിക കഥാപത്രങ്ങൾ മലയാളത്തിൽ ഉണ്ടാവാത്തതാണത്രെ മിക്ക നടിമാരും സിനിമ ഉപേക്ഷിക്കാനുള്ള കാരണം.

ചിത്രീകരണം പൂർത്തിയായിരിക്കുന്ന നിരവധി സിനിമകൾ റിലീസ് ചെയ്യാതെ കിടക്കുന്നതും പലതും പാതിവഴിയിൽ ഉപേക്ഷിക്കുന്നതും സാറ്റ്‌ലൈറ്റ് റൈറ്റ്‌സ് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളും മലയാള സിനിമാരംഗത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് നടിമാരും സിനിമ ഉപേക്ഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.