- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആപെയിൽ എത്തിച്ച കരിക്ക് വെട്ടിവിറ്റതിന്റെ പേരിൽ സ്വാതന്ത്ര്യദിന തലേന്ന് ജയിലിലായി; പിന്നീട് മാലിന്യക്കേസിൽ കുടുക്കി; കരിക്കും കുലയും ചുമന്നെത്തി കരിക്ക് വെട്ടി പ്രതിഷേധിച്ച് മറുപടി നൽകൽ; ചീയപ്പാറയിൽ യൂത്ത് കോൺഗ്രസിന്റെ വ്യത്യസ്ത പ്രതിഷേധം; താരമായി മീരാൻ കുഞ്ഞും വർഗ്ഗീസും
അടിമാലി; ദേശീയ പാതയോരത്ത് കരിക്ക് വിൽപന നടത്തിയ മൂന്നുപേരെ അറസ്റ്റ് ചെയ്ത ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സമരപരിപാടിയിൽ താരമായത് വർഗീസും മീരാൻ കുഞ്ഞും. യൂത്ത് കോൺഗ്രസ് ഇരുമ്പുപാലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചീയപ്പാറയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.പാതയോരത്ത് സംഘടിച്ച് കരിക്ക് വെട്ടി പ്രതിഷേധിക്കുന്നതിനായിരുന്നു തീരുമാനം.
പ്രകടനമായിട്ടാണ് പ്രതിഷേധക്കാർ ചീയപ്പാറയിലേക്ക് എത്തിയത്. പ്രകടനത്തിന്റെ മുൻനിരയിൽ കരിക്ക് കുലയും ചുമന്ന് മീരാൻകുഞ്ഞും വർഗീസിന്റെ സഹോദരൻ സജിയും ഉണ്ടായിരുന്നു. ഹൃദയസംബന്ധമായ അസുഖ ബാധിതനായതിനാൽ കരിക്ക് കുലയും ചുമന്ന് പ്രകടനത്തിൽ പങ്കെടുക്കാൻ സന്നദ്ധനായി എത്തിയ വർഗീസിനെ സംഘാടകർ മാറ്റിനിർത്തുകയായിരുന്നു. തുടർന്നാണ്് സഹോദരൻ ദൗത്യം ഏറ്റെടുത്ത് പ്രകടനത്തിൽ പങ്കുചേരാൻ സജി സന്നദ്ധനായത്.സമരപരിപാടിക്കായി തിരഞ്ഞെടുത്തത് വെള്ളച്ചാട്ടത്തിന് തൊട്ടടുത്തുള്ള കലുങ്കും പരിസരപ്രദേശവുമായിരുന്നു.
പരിപാടി ആരംഭിച്ചതിന് പിന്നാലെ മീരാൻകുഞ്ഞും വർഗീസും കരിക്ക് വെട്ടൽ ആരംഭിച്ചു. തങ്ങൾ വലിയ സന്തോഷത്തിലാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇരുവരുടെയും മുഖഭാവങ്ങളും ചലനങ്ങളും.സഹായിയായി ഷാനവാസും സമീപത്ത് ഉണ്ടായിരുന്നു. കരിക്ക് വെട്ടിയതിന് പിടികൂടുകയും പിന്നെ ജയിൽവാസത്തിന് വഴിതെളിക്കുകയും ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഇങ്ങിനെങ്കിലും ഒരു മറുപിടികൊടുക്കാൻ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയും ഇവരുടെ സന്തോഷത്തിന് കാരണമായി.
ആപെയിൽ എത്തിച്ച കരിക്ക് വെട്ടിവിറ്റതിന്റെ പേരിൽ വാളറ പത്താംമൈൽ കീടത്തുകുടിയിൽ മീരാൻകുഞ്ഞ്, വാളറ ചാറ്റുമണ്ണിൽ വർഗീസ് ,ഉത്തർപ്രദേശ് സ്വദേശി ഷാനവാസ് എന്നിവരെ നേര്യംമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസറും സംഘവും ചേർന്ന് സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് അറസ്റ്റുചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. കേസ് എടുത്തിരുന്നത് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമായതിനാൽ മൂന്നുപേരും റിമാന്റിലായി.പിന്നീട് ജാമ്യമെടുത്താണ് ഇവർ പുറത്തിറങ്ങിയത്.സംഭവം പുറത്തറിയാതിരിക്കാൻ തന്റെ മൊബൈൽ ഉദ്യോഗസ്ഥർ പിടിച്ചുവാങ്ങിയെന്ന് മീരാൻകുഞ്ഞ് മറുനാടനോട് വെളിപ്പെടുത്തിയിരുന്നു.
രണ്ടുവട്ടം ഹൃദയാഘാതം ഉണ്ടായെന്നും ശാരീരിക അസ്വസ്ഥതകൾ ഇപ്പോഴും മാറിയിട്ടില്ലന്നും അതിനാൽ സ്റ്റേഷൻ ജാമ്യം നൽൽകി വിട്ടയക്കണമെന്നും താൻ കാലുപിടിച്ച് അപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥർ തെല്ലും കരുണകാണിച്ചില്ലന്ന് വർഗീസും വ്യക്തമാക്കിയിരുന്നു. ഇവരുടെ വാഹനവും അതിലുണ്ടായിരുന്ന കരിക്കും ഉൾപ്പടെ വനംവകുപ്പ് അധികൃതർ കസ്റ്റഡിയിൽ എടുത്തിരുന്നു. ഉപജീവനത്തിനായി വാഹനത്തിൽ ദേശീയപാതയോരത്ത് കരിക്കുവെട്ടി വിറ്റു എന്ന കാരണം പറഞ്ഞാണ് വനംവകുപ്പ് അധികൃതർ ഇവർ മൂവരെയും ചീയപ്പാറയിൽ നിന്നും കസ്റ്റഡിയിൽ എടുക്കുന്നത്.
പിന്നീട് വനത്തിൽ അതിക്രമിച്ചു കടന്നു,മാലിന്യം നിക്ഷേപിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങൾ ആരോപിച്ച് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.രാവിലെ 11 മണിയോടെ കസ്റ്റഡിയിൽ എടുത്ത ഇവരെ കോടതിയിൽ ഹാജരാക്കുന്നത് പിറ്റേന്ന് പുലർച്ചെ 7 മണിയോടുത്താണ്.അത്രയും സമയം നടപടികൾക്കായി വേണ്ടിവന്നു എന്നാണ് ഇക്കാര്യത്തിൽ അധികൃതരുടെ വാദം.
ഇത്രയും സമയം ആയപ്പോഴേക്കും വർഗീസ് മാനസീകമായും ശാരീകമായും തളർന്ന അവസ്ഥയിലായി.വിവരം തക്കസമയത്ത് അടുപ്പമുള്ളവരെ അറയിച്ച് ജാമ്യക്കാരെ സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ തങ്ങളുടെ ജയിൽവാസം ഒഴിവാക്കാൻ സാധിക്കുമായിരുന്നെന്നും ഇക്കാര്യം കോടതിയുടെ ഭാഗത്തുനിന്നുള്ള ഇടപെടലിൽ തങ്ങൾക്ക് വ്യക്തമായെന്നും മീരാൻ കുഞ്ഞും വർഗീസും പറയുന്നു. പറയുന്നു.
പ്രതിഷേധം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.എ അൻസാരി ഉൽഘാടനം ചെയ്തു. ഇരുമ്പുപാലം മണ്ഡലം പ്രസിഡണ്ട് ജോജി ജോൺ അധ്യക്ഷത വഹിച്ചു.
മറുനാടന് മലയാളി ലേഖകന്.