ന്നലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കപ്പെട്ട ശേഷം പുരസ്‌കാരങ്ങൾ ലഭിച്ച നടീ-നടന്മാരുടെയും സംവിധായകരുടെയും മികച്ച ചിത്രങ്ങൾക്ക് പിന്നണിയിൽ പ്രവർത്തിച്ചവരുടെയും എല്ലാം വീട്ടിൽ എന്തായിരിക്കും അവസ്ഥ? സംശയമെന്താ ആഘോഷം പൊടിപൊടിക്കുകയാകും എന്നായിരിക്കും ഉത്തരം ഇല്ലേ? സ്വാഭാവികമായും ഉത്തരവും ശരിയാണ്. എന്നാൽ മികച്ച ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ട ഒറ്റാൽ എന്ന ചിത്രത്തിന്റെ നായകൻ പട്ടിണി കിടക്കാതിരിക്കാനായി വള്ളം തുഴയുന്ന തിരക്കിലായിരുന്നു.

ഒറ്റാലിന്റെ നായകൻ മീശ വാസവൻ എന്ന കുമരകം സ്വദേശിയയാണ്. വാസവന്റെ വീട്ടിൽ താൻ ഒറ്റാലിന് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചതിലുള്ള ആഹഌദം ഏറെയുണ്ടെങ്കിലും അത് ആഘോഷിക്കാൻ വാസവന് കഴിയില്ല. ഒരു ദിവസം വള്ളത്തിൽ മീൻ പിടിക്കാൻ പോയില്ലെങ്കിൽ അടുപ്പിൽ തീ പുകയില്ലെന്ന് വാസവന് നന്നായി അറിയാം. നേരത്തെ ദേശീയ അവാർഡ് നേടിയ ചിത്രത്തിന് ഇപ്പോൾ സംസ്ഥാന അവാർഡും ലഭിച്ചതിൽ തെക്കുംഭാഗത്ത് പുളിക്കിയിൽ വാസവന് വാനോളം അഭിമാനമുണ്ട്. ഒപ്പം തന്നെ കാമറയ്ക്ക് മുന്നിൽ എത്തിച്ച ജയരാജിനോന് തീരാത്ത നന്ദിയും.

തനിക്ക് അവാർഡില്ലെങ്കിലും ഒറ്റാൽ ഉയരങ്ങൾ കീഴടക്കുന്നതിൽ സന്തോഷമുണ്ട്. എങ്കിലും ചെറുതല്ലാത്ത പരിഭവവുമുണ്ട്. സിനിമ അവാർഡുകൾ ഒന്നൊന്നായി നേടുമ്പോഴും തന്റെ ജീവിതം ദാരിദ്ര്യക്കയത്തിൽ മുങ്ങിത്താഴുകയാണ്. മുമ്പ് ചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോൾ ജീവിതത്തിന് പുതിയ വഴിത്തിരിവാകുമെന്ന് കരുതി. ഒന്നും സംഭവിച്ചില്ല. അഭിനന്ദിക്കാൻ എത്തിയവരെല്ലാം സന്തോഷം മാത്രം പങ്കുവച്ച് മടങ്ങിയെന്നും വേദനയോട് വാസവൻ പറയുന്നു.

മത്സ്യബന്ധന തൊഴിലാളിയായ വാസവൻ സ്വന്തം ഫൈബർ വള്ളം തകരാറായതോടെ ഉപജീവനത്തിന് ബുദ്ധിമുട്ടുകയാണ്. പുതിയ വള്ളം വാങ്ങാൻ ശേഷിയില്ല. മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന കൂലി വള്ളവും ഇക്കുറി കിട്ടിയില്ല. അതുകൊണ്ട് മീൻ പിടിക്കാനും പോകുന്നില്ല. പ്രാരാബ്ധങ്ങളിൽ നട്ടം കറങ്ങുകയാണ് സംസ്ഥാന അവാർഡ് നേടിയ സിനിമയിലെ നായകൻ. സംവിധായകൻ ജയരാജ് വിളിക്കുമെന്ന പ്രതീക്ഷയിലാണ് വാസവൻ ഇപ്പോൾ. രണ്ടു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ നോക്കാൻ വയസുകാലത്തും കുമരകം കായലിൽ വള്ളം തുഴയുകയാണ് മികച്ച ചിത്രത്തിലെ നായകൻ.

ഒറ്റാലിൽ കളഞ്ഞുകിട്ടിയ മകനെ വളർത്താൻ രാപ്പകൽ അദ്ധ്വാനിക്കുന്ന താറാവു കർഷകന്റെ മുഴുനീള വേഷമാണ് വാസവൻ ചെയ്തത്. തന്റെ പുതിയ ചിത്രത്തിലെ താറാവു കർഷകനായ നായകനെത്തേടിയിറങ്ങിയ ജയരാജിനു മുന്നിൽ യാദൃശ്ചികമായാണ് മൽസ്യത്തൊഴിലാളിയായ വാസവൻ വന്നുപെട്ടത്. വള്ളം തുഴഞ്ഞു പോകുന്ന കൊമ്പൻ മീശക്കാരനായ വാസവനിൽ കണ്ണുടക്കിയ ജയരാജ് പിന്നീട് നായകന് വേണ്ടി അന്വേഷിച്ചില്ല. സിനിമയെക്കുറിച്ചൊന്നുമറിയാതെ അഭിനയിച്ച വാസവൻ സംവിധായകനെപ്പോലും ഞെട്ടിച്ച പ്രകടനമാണ് ചിത്രത്തിൽ നടത്തിയത്. കുമരകത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് ചിത്രം ഷൂട്ടിങ്ങ് നടത്തിയത്.