മലപ്പുറം: മണിചെയിൻ മോഡൽ തട്ടിപ്പ് വീണ്ടും, പിടിയിലായത്് അന്തർ സംസ്ഥാന സംഘത്തിലെ പ്രധാനി. മണിചെയിൻ മോഡലിൽ തമിഴ്‌നാട്, ബംഗാൾ ,കേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് കോടികൾ തട്ടിയ തട്ടിപ്പു സംഘത്തിലെ മുഖ്യ കണ്ണിയായ തൃശ്ശൂർ തൃക്കൂർ തലോർ സ്വദേശി ഊട്ടോളി ബാബു എന്ന ഹരീഷ് ബാബു (50) എന്ന മീശ ബാബുവാണ് പിടിയിലായത്.

തൃശ്ശൂരിലെ ഒളിത്താവളത്തിൽ മറ്റൊരു പേരിൽ കമ്പനി നിർമ്മിച്ച് പണം തട്ടാൻ ഉള്ള പദ്ധതി നടത്തിവരവെയാണ് പ്രത്യേക അന്വോഷണ സംഘം ഇന്നലെ വൈകീട്ടോടെ കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ജൂൺ 13ന് കൊണ്ടോട്ടി സ്വദേശിയുടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അന്തർ സംസ്ഥാന തട്ടിപ്പു സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. തട്ടിപ്പ് 2020 ഒക്ടോബർ 15നാണ് തൃശ്ശൂരും കോഴിക്കോടും കേന്ദ്രീകരിച്ച് ആർ വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പാലക്കാട് പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയും ബാബുവും ചേർന്ന് തുടങ്ങുന്നത്.

മൾട്ടി ലവൽ ബിസിനസ് നടത്തുന്ന ചിലരെ കൂടെ കൂടി തട്ടിപ്പിന് വേഗം കൂട്ടി. കേരളത്തിലെ എല്ലാ ജില്ലകളിലും എക്സിക്യൂട്ടിവുമാരെ വൻ സാലറി കളിൽ നിയമിച്ചു. '11250 രൂപ കമ്പനിയിൽ അടച്ചു ചേരുന്ന ഒരാൾക്ക് 6 മാസം കഴിഞ്ഞ് 2 വർഷത്തിനുള്ളിൽ 10 തവണ കളായി 2,70, 000 രൂപ, കൂടാതെ ആർ.ബി ബോണസ്സായി 81 ലക്ഷം രൂപ കൂടാതെ റെഫറൽ കമ്മീഷനായി 20% വും ലഭിക്കും. ഒരാളെ ചേർത്താൽ 2000 രൂപ ഉടനടി അക്കൗണ്ടിൽ എത്തും 100 പേരെ ചേർത്താൽ കമ്പനിയുടെ സ്ഥിരം സ്റ്റാഫും വൻ സാലറിയും. കമ്പനിയുടെ മോഹന വാഗ്ദാനത്തിൽ വീണത് ഗൾഫിൽ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും കുടുംബശ്രീയിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെ 35000 ഓളം പേരാണ്.

പലർക്കും കമ്പനി പറഞ്ഞ ലാഭം കിട്ടാതായതും നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതും ആയതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പൊലീസ് സൈബർ ഡോമിന്റ പേരിൽ വ്യാജ ബ്രൗഷറുകൾ വിതരണം ചെയ്തും വിവിധ ബിസിനസ് മാസികകളിൽ സ്പോൺസേർഡ് ലേഖനങ്ങൾ പ്രസിദ്ധീകരിപ്പിച്ചും ആണ് പ്രതികൾ തട്ടിപ്പു നടത്തി വന്നത് . തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആഡബര വാഹനങ്ങൾ വാങ്ങുന്നതിനും ഫ്ലാറ്റുൾപ്പെടെ സ്ഥലങ്ങൾ വാങ്ങുന്നതിനും ഉപയോഗിച്ചതായും ക്രിപ്റ്റോ കറസിയാക്കി വിദേശത്തേക്ക് കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.

തൃശ്ശൂരിൽ വ്യാജ ചാരായം വില്പന നടത്തിവന്ന മീശ ബാബുവിന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു. ഇയാളുടെ പേരിൽ പുതുക്കാട്, ഒല്ലൂർ, ചാലക്കുടി എക്സൈസ് എന്നിവിടങ്ങളിൽ ചാരായം വില്പന നടത്തിയതിന് കേസ് ഉണ്ട്. ഇയാളെ പിടികൂടിയതറിഞ്ഞ് നിരവധി പേരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്‌പി അഷറഫിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ഇൻസ്പക്ടർ മനോജ് എസ്‌ഐ നൗഫൽ പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ പി.സഞ്ജീവ്, ഷബീർ ,രതീഷ് ഒളരിയൻ ,സബീഷ്, സുബ്രഹ്‌മണ്യൻ , പ്രശാന്ത് എന്നിവരാണ് പ്രതിയെ പിടികൂടി അന്വോഷണം നടത്തി വരുന്നത്.