ന്യൂയോർക്ക്: ഒക്ടോബർ 28-നു ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിട്രോഡ ന്യൂയോർക്കിൽ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് ഒരു മണിക്ക് ഫിനാൻസ് ചെയർമാൻ രവി ചോപ്ര- ഷാലു ചോപ്ര ദമ്പതികളുടെ വസതിയിൽ ചേർന്ന പൊതുയോഗത്തിൽ ദേശീയ പ്രസിഡന്റ് മൊഹീന്ദർ സിംഗിന്റെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹർബജൻ സിങ് എല്ലാവരേയും സ്വാഗതം ചെയ്തു. ഐ.ഒ.സി ചെയർമാൻ സാം പിട്രോഡ നരേന്ദ്ര മോദി സർക്കാരിന്റെ ഭരണം ജനാധിപത്യത്തെ താഴ്‌ത്തിക്കെട്ടിയും. മതേതരത്വത്തെ ചോദ്യം ചെയ്തും ഭാരതത്തെ അപകടത്തിലേക്ക് നയിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു.

കോൺഗ്രസ് പാർട്ടി എപ്പോഴും എല്ലാവരേയും ഉൾക്കൊണ്ടുകൊണ്ട് സമാധാനത്തിനും ഐക്യത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന വസ്തുത കോൺഗ്രസ് നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. പാർലമെന്റ് ഇലക്ഷൻ മാസങ്ങൾക്കകം നടക്കുന്നതുകൊണ്ട് ഈ സമയം വളരെ പ്രാധാന്യം അർഹിക്കുന്നതാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശ ഭാരതീയർ കോൺഗ്രസിനെ വീണ്ടും ഭരണത്തിലേക്ക് കൊണ്ടുവരുന്നതിന് ആത്മാർത്ഥമായി പ്രവർത്തിക്കണമെന്ന് പറയുകയുണ്ടായി. കോൺഗ്രസിന്റെ ആദർശങ്ങളായ സമത്വം, അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം ആദിയായവ വീണ്ടെടുക്കാൻ വീണ്ടും കോൺഗ്രസ് ഭരണത്തിലേക്ക് വരേണ്ടത് ജനാധിപത്യ വിശ്വാസികളായ നമ്മുടെ എല്ലാവരുടേയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്ത്യൻ ഓവർഗീസ് കോൺഗ്രിസിനെ കൂടുതൽ അംഗത്വം എടുത്തു ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള സർക്കാരിന്റെ പോളിസികളും നയങ്ങളും ജനങ്ങളുടെ ഇടയിൽ അപ്രീതി സമ്പാദിച്ചുകഴിഞ്ഞു.തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം, ഇത്യാദി മേഖലകളിലെ പ്രശ്നങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്നു.

രാഹുൽ ഗാന്ധി അനുയായികൾക്കൊപ്പം ചേർന്ന് ശക്തമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹം വിജയിച്ചുവന്ന് വലിയ മാറ്റങ്ങൾ നടത്തുന്നതു കാണുവാൻ ജനങ്ങൾ ഉറ്റുനോക്കുന്നു. ബോർഡ് ചെയർമാൻ ജോർജ് ഏബ്രഹാം എല്ലാവർക്കും നന്ദി പറഞ്ഞു. സീനിയർ വൈസ് പ്രസിഡന്റുമാരായ ഫുമൻ സിങ്, റ്റി.ജെ. ഗിൽ, ചരൺസിങ് (പഞ്ചാബ് ചാപ്റ്റർ പ്രസിഡന്റ്), ഡോ. നായ്ക് (കർണ്ണാടക ചാപ്റ്റർ പ്രസിഡന്റ്), സ്വരൺ സിങ് (ഹരിയാന ചാപ്റ്റർ പ്രസിഡന്റ്), രാജേന്ദ്രർ സിച്ചിപ്പള്ളി (സെക്രട്ടറി), ഗുർമിത് സിങ് കാന്നപെയിൻ (കമ്മിറ്റി ചെയർമാൻ), ലീല മാരേട്ട് (വനിതാ ഫോറം ചെയർപേഴ്സൺ), ജയചന്ദ്രൻ (കേരള ചാപ്റ്റർ പ്രസിഡന്റ്), അംഗം നന്ദകുമാർ, അമ്മു നന്ദകുമാർ, കോശി ഉമ്മൻ, വർഗീസ് സഖറിയ, തങ്കമ്മ തോമസ്, ഉഷ ബേബി എന്നിവർ കേരള ചാപ്റ്ററിനെ പ്രതിനിധീകരിച്ച് സന്നിഹിതരായിരുന്നു. സ്നേഹവിരുന്നോടെ വൈകുന്നേരം നാലിനു യോഗം സമാപിച്ചു