- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും പഠിച്ചിറങ്ങിയ മിടുക്കി; വിനോദ സഞ്ചാരികളുടെ സ്വർഗ്ഗമായ കരീബിയയിലെ വസ്തു ഇടപാടുകളിലെ ഇടനിലക്കാരി; ആഡംബര നൗകയിൽ അടിച്ചുപൊളി ജീവിതം നയിക്കുന്ന സ്വപ്ന സുന്ദരി; മെഹുൽ ചോക്സിയുടെ കാമുകിയെന്നും ഹണിട്രാപ്പ് ഗേളെന്നും മാധ്യമങ്ങൾ പറയുന്നത് ബാർബറ ജാറബിക്കയെന്ന യുവതിയെ കുറിച്ച്
ന്യൂഡൽഹി: ഇന്ത്യൻ ബാങ്കുകളിൽ നിന്നും 13,500 കോടി രൂപയും അടിച്ചുമാറ്റി ഇന്ത്യൻ ഡയമണ്ട് വ്യാപാരി മെഹുൽ ചോക്സി കരീബിയയിലേക്ക് മുങ്ങിയത് അടപൊളി ജീവിതം ലക്ഷ്യമിട്ടു തന്നെയായിരുന്നു. ഇപ്പോൾ ഡൊമിനിക്കയിൽ വെച്ച് പിടിയിലായതോടെ അദ്ദേഹം ആഗോള പാപ്പരാസികളുടെ തന്നെ താരമാണ്. കാരണം ആന്റിഗ്വ പ്രധാനമന്ത്രി ചോക്സിയുടെ അറസ്റ്റിനെ കുറിച്ച് പറയുമ്പോൾ വെളിപ്പെടുത്തിയത് ഒരു കരീബിയൻ സുന്ദരിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു എന്നു പറഞ്ഞു കൊണ്ടായിരുന്നു. ഈ യുവതി ചോക്സിയുടെ കാമുകിയാണെന്നും അതല്ല വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കിയതാണെന്നും രണ്ട് വാദങ്ങൾ ഉയരുന്നുണ്ട്.
ഇങ്ങനെ രണ്ട് വാദങ്ങൽ ഉയരുന്നത് ബാർബറ ജാറബിക്ക എന്ന കരിബീയൻ സുന്ദരിയെ കുറിച്ചാണ്. ചോക്സിയുടെ ദൂരുഹ കാമുകി എന്നാണ് ഈ യുവതിയെ കുറിച്ച് ഇന്ത്യൻ മാധ്യമങ്ങളും റിപ്പോർട്ടു ചെയ്യുന്നത്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും പഠിച്ചു പുറത്തിറങ്ങിയ യുവതിയാണ് ബാർബറ എന്നാണ് ഡിഎൻഎ ഇവരെ കുറിച്ചു വ്യക്തമാക്കുന്നത്. കരീബിയൻ ദ്വീപു രാജ്യങ്ങളിലെ പ്രോപ്പർട്ടി ഇൻവെസ്റ്റ്മെന്റ് കൺസൽട്ടന്റ് എന്നാണ് ഇവരെ കുറിച്ചു പുറത്തുവരുന്ന വിവരങ്ങൾ. കരീബിയൻ മാധ്യമങ്ങളും ബാർബറയെ കുറിച്ചു റിപ്പോർട്ടു ചെയ്യുന്നത് ആഡംബരങ്ങളിൽ ജീവിക്കുന്ന മിടുക്കിയെന്ന നിലയിലാണ്.
ആഡംബര യാനങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ബാർബറ എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഇന്ത്യൻ വ്യവസായിയുടെ കോടികൾ കണ്ട് ഒപ്പം കൂടിയതാണോ എന്ന സംശയങ്ങളും മാധ്യമങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ യാച്ചുകളിലും ഹെലികോപ്ടറുകളിലും കറങ്ങി നടക്കുന്ന ബാർബറയുടെ ചിത്രങ്ങളുണ്ട്. കരീബിയയിലെ ഉന്നത ലക്ഷ്വറി ഹോട്ടലുകളിലെ പാർട്ടികളിലുയം താരമാണ് ഈ നിഗൂഢ സുന്ദരി. കുറച്ചു കാലമായി തന്നെ ബാർബറയുമായി ചോക്സിക്ക് ബന്ധമുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.
ആന്റിഗ്വൻ പ്രധാനമന്ത്രി ബർബുഡ ഗസ്സ്റ്റൺ ബ്രൗൺ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത് ഡൊമനിക്കിയിൽ കാമുകിയെ കാണാൻ പോയപ്പോഴായിരുന്നു മെഹുൽ ചോക്സിയെ അറസ്റ്റു ചെയ്തത് എന്നായിരുന്നു. സ്വന്തം യാച്ചിൽ ബാർബറയെ കാണാൻ ചോക്സി പോകുകയായിരുന്നു. ബാർബറയെ കണ്ട് അത്താഴം കഴിച്ച് നല്ല സമയം ചിലവഴിച്ചു. അതിന് ശേഷമാണ് ചോക്സിയെ അറസ്റ്റു ചെയ്തത്. സംഭവത്തിന് ശേഷം ബാർബറയെ കാണാനില്ലെന്നും ആന്റിഗ്വൻ പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി.
അതേസമയം മെഹുൽ ചോക്സിയുടെ അറ്റോണിയും മറ്റുള്ളവരും ബാർബറയെ കുറിച്ച് പറയുന്നത് മറ്റൊരു കഥയാണ്്. ബാർബറ അദ്ദേഹത്തിന്റെ കാമുകി അല്ലെന്നാണ് ഇതിലെ പ്രധാന വിശദീകരണം. ചോക്സിയെ ആന്റിഗ്വയിൽനിന്ന് തട്ടിക്കൊണ്ടുപോയതാണെന്നും ഈ സംഘത്തിൽ ഉൾപ്പെട്ടയാളാണ് യുവതിയെന്നുമാണ് ഇവരുടെ വാദം. ഇതോടെയാണ് ബാർബറ ഹണിട്രാപ്പ് ഗോളാണെന്ന വാർത്തകളും വന്നത്.
മെയ് 23-നാണ് മെഹുൽ ചോക്സിയെ ആന്റിഗ്വയിൽനിന്ന് കാണാതായത്. അദ്ദേഹം ആന്റിഗ്വയിൽനിന്ന് മുങ്ങിയെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ മെഹുൽ ചോക്സിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ പറയുന്നത്. ഇന്ത്യൻ ബന്ധങ്ങളുള്ളവരാണ് തട്ടിക്കൊണ്ടുപോയതെന്നും ആന്റിഗ്വയിലെ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് ഇത് നടന്നതെന്നും ഇവർ വാദിക്കുന്നു. ചോക്സിയെ ഇവർ മർദിച്ചതായും പിന്നീട് ബോട്ടിൽ ഡൊമിനിക്കയിലേക്ക് കൊണ്ടുപോയെന്നുമാണ് അഭിഭാഷകരുടെ വാദം.
ചോക്സിയുടെ ബാർബറ നീണ്ട പരിശ്രമത്തിനൊടുവിലാണ് അദ്ദേഹവുമായി പരിചയം സ്ഥാപിച്ചത്. രാവിലെയും വൈകിട്ടും നടക്കാനിറങ്ങുന്ന ചോക്സിയെ അവർ സ്ഥിരമായി നേരിട്ടു കണ്ട് സംസാരിച്ചു. മെയ് 23-ാം തീയതി യുവതി തന്റെ അപ്പാർട്ട്മെന്റിലേക്ക് ചോക്സിയെ ക്ഷണിച്ചു. ഇതനുസരിച്ച് അപ്പാർട്ട്മെന്റിലെത്തിയ ചോക്സിയെ അവിടെ കാത്തിരുന്ന ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നാണ് അഭിഭാഷകർ പറയുന്നത്.
കാമുകിക്കൊപ്പമാണ് ചോക്സി ഡൊമിനിക്കയിലേക്ക് പോയതെന്ന് ആന്റിഗ്വൻ പ്രധാനമന്ത്രി ഗസ്സ്റ്റൺ ബ്രൗൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പിടിയിലായ ചോക്സിയെ ഇന്ത്യയിലേക്ക് നാടു കടത്താനും അദ്ദേഹം ഡൊമിനിക്കയോട് അഭ്യർത്ഥിച്ചു. ഈ പ്രസ്താവന വന്ന് മണിക്കൂറുകൾക്കകമാണ് ചോക്സിയെ കെണിയൊരുക്കി തട്ടിക്കൊണ്ടുപോയതാണെന്നും ഈ സംഘത്തിന് ഇന്ത്യൻ ബന്ധമുണ്ടെന്നുമുള്ള ആരോപണങ്ങളും ഉയരുന്നത്.
എന്തായാലും 13,500 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ രത്നവ്യാപാരിയുടെ കരീബിയൻ ജീവിതം അറിയാനുള്ള ആകാംക്ഷയിലാണ് ഇന്ത്യൻ മാധ്യമങ്ങളും. ആന്റിഗ്വയിലേക്ക് പൗരത്വം നേടിയിരുന്നു ചോക്സി. ഇതിനിടെയാണ് നാടകീയമായ സംഭവവികാസങ്ങൾക്കൊടുവിൽ ഡൊമിനിക്കയിൽവെച്ച് പിടിയിലായത്.
മറുനാടന് ഡെസ്ക്