തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി  'മീറ്റ് ദി മേയർ' പ്രോഗ്രാം  സംഘടിപ്പിക്കുന്നു. നാലിന് വൈകുന്നേരം അഞ്ചിനു ടെക്‌നോപാർക്കിലെ പാർക്ക് സെന്ററിലെ മലബാർ ഹാളിൽ വച്ചാണ് പരിപാടി നടക്കുന്നത്. ടെക്‌നോപാർക്കും അതുമായി ബന്ധപ്പെട്ടിട്ടുള്ള കഴക്കൂട്ടത്തെ വികസനത്തെ കുറിച്ച് ടെക്‌നോപാർക്കിലെ ജീവനക്കാരുമായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആദരണീയനായ വി കെ പ്രശാന്തുമായി നേരിട്ടുള്ള തുറന്ന ചർച്ചക്കാണ് പ്രതിധ്വനി വഴിയൊരുക്കിയത്.
 
ഏഷ്യയിലെ ഏറ്റവും വലിയ ഐ ടി പാർക്ക് ആണ് കഴകൂട്ടത്ത് സ്ഥിതി ചെയ്യുന്ന ടെക്‌നോപാർക്ക്. നിലവിൽ ഏകദേശം അൻപതിനായിരം ഐ ടി ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു. ഇതിൽ 2025% ശതമാനം പേർ ഇവിടെ തന്നെ വീട് വാങ്ങുകയോ ഫ്‌ലാറ്റ് വാങ്ങുകയോ ഒക്കെ ചെയ്തു കഴകൂട്ടം പ്രദേശത്ത് സ്ഥിര താമസം ആയവരാണ്. ബാക്കിയുള്ളവർ  ഇവിടെ തന്നെ വാടക വീടുകളിലും ഹോസ്റ്റലുകളിലും കഴിയുന്നു. ഒരു ഐ ടി നഗരത്തിനു വേണ്ട സൗകര്യങ്ങളോ വികസന പ്രവർത്തനങ്ങളോ ഇവിടെ ഇത് വരെ ഉണ്ടായിട്ടില്ല.

പാർക്കിനു ചുറ്റുമുള്ള ഇടവഴികളിലെ തെരുവ് വിളക്കുകൾ കത്തിക്കുക,  റോഡുകൾ കൃത്യമായി മൈന്റ്‌റെനൻസ് ചെയ്യുക, കഴക്കൂട്ടത്ത്  കുട്ടികൾക്കായി പാർക്കുകൾ, ടെക്‌നോപാർക്ക് ഫ്രന്റ് ഗേറ്റ്   കഴക്കൂട്ടം, ടെക്‌നോപാർക്ക് ബാക്ക് ഗേറ്റ്  കാര്യവട്ടം  എന്നിവിടങ്ങളിൽ നല്ല  നടപ്പാതകൾ, കഴക്കൂട്ടത് സാംസ്‌കാരിക പരിപാടികൾക്കായി ഓപ്പൺ എയർ ഓഡിറ്റോറിയം,  പാർക്കിനുള്ളിൽ കൂടി  കൂടുതൽ ബസ് സർവിസുകൾ, കഴകൂട്ടത് ബസ് ടെർമിനൽ, ടെക്‌നോപർക്കിനു മുന്നിൽ  ഹൈ-ടെക്ക് ബസ് സ്‌റ്റോപ്പ്,
 സദാചാര പൊലീസിങ്, തെരുവ് നായ്ക്കളുടെ ശല്യം തുടങ്ങി നിരവധി കാര്യങ്ങളിൽ കോർപ്പറേഷന് ശ്രദ്ധിക്കാനും നിലവിലെ സ്ഥിതിയിൽ മാറ്റം വരുത്താനും കഴിയുമെന്ന് പ്രതിധ്വനി അറിയിച്ചു.
 
കഴക്കൂട്ടം വികസനം സംബന്ധിച്ചു നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി പ്രതിധ്വനി 2015 നവംബർ 25 നു കാമ്പയിൻ തുടങ്ങിയിരുന്നു. കാമ്പയിനിന്റെ ഭാഗമായി ടെക്‌നോപാർക്കിലെ ജീവനക്കാരിൽ നിന്ന്  വാട്‌സാപ്പിലൂടെയും ഫേസ് ബൂക്കിലൂടെയും ഇ-മെയിൽ വഴിയും നിരവധി ക്രിയാത്മകമായ നിർദേശങ്ങളാണ് പ്രതിധ്വനിക്കു ലഭിച്ചത്. അങ്ങനെ  ലഭിച്ച നിർദേശങ്ങൾ അന്നേ ദിവസം തന്നെ മേയർക്കു സമർപ്പിക്കുന്നതായിരിക്കും. മേയറുമായുള്ള തുറന്ന ചർച്ചയിൽ ജീവനക്കാർ ഉന്നയിക്കുന്ന നിർദ്ദേശങ്ങളും, ആവശ്യങ്ങളും പ്രതിധ്വനി  രേഖപ്പെടുത്തുകയും അതിന്റെ തുടർ നടപടിക്കു വേണ്ടിയുള്ള ശ്രമങ്ങളും നടത്തുന്നതായിരിക്കും.