ഡബ്ലിൻ: 'ഒരിക്കൽ നീ ചിരിച്ചാൽ' എന്ന മെഗാ ഷോയുടെ ലോഗോയിൽ സൂചിപ്പിക്കുന്നതുപോലെ, സംഗീതവും നൃത്തവും ഹാസ്യവും ഒരുമിച്ചു ചേരുന്ന സംഗീത നൃത്ത ഹാസ്യ മെഗാ ഷോയ്ക്കുവേദിയാകുന്നത് കൗണ്ടി ലൗത്തിലെ ആർഡി പാരിഷ് സെന്ററാണ്. ഒക്ടോബർ മൂന്ന് തിങ്കളാഴ്‌ച്ചവൈകിട്ട് 5 മണിമുതലാണ് കേരളത്തിലെ പ്രമുഖ സംഗീത ഹാസ്യ സിനിമാ താരങ്ങൾ ഒരുമിക്കുന്ന' ഒരിക്കൽ നീ ചിരിച്ചാൽ' സംഗീത നൃത്ത ഹാസ്യ കലാപ്രകടനം ആരംഭിക്കുന്നത്.

പ്രശസ്ത പിന്നണി ഗായകൻ ഫ്രാങ്കോ, ഐഡിയ സ്റ്റാർ സിങ്ങർ താരങ്ങളായ ഡോ. ബിനീത രഞ്ജിത്, നിഖിൽ രാജ്, ഗായിക രമ്യ വിനയ്, കീബോർഡിൽ മാസ്മരിക സംഗീതം വിരിയിക്കുന്ന വില്യം ഫ്രാൻസിസ് തുടങ്ങിയ സംഗീത കലാകാരന്മാരും, പ്രശാന്ത് പുന്നപ്ര (അയ്യപ്പ ബൈജു), നോബി മാർക്കോസ്, മിത്ര കുര്യൻ തുടങ്ങിയ ഹാസ്യ, സിനിമാ താരങ്ങളും 'ഒരിക്കൽ നീചിരിച്ചാൽ' കലാ സന്ധ്യയിൽ ഒരുമിച്ചുചേരുന്നു.

നിറസന്ധ്യ എന്ന പേരിൽ യുകെയിൽ നിരവധി വേദികളിൽ വിജയകരമായി നടത്തി വരുന്ന സ്റ്റേജ്‌ഷോ പരമ്പരകളുടെ തുടർച്ചയെന്നോണമാണ് 'ഒരിക്കൽ നീ ചിരിച്ചാൽ' എന്ന പേരിൽ അയർലണ്ടിൽ, കെട്ടിലും മട്ടിലും നിരവധി പുതുമകളുമായി ഈ ഹാസ്യ ഗാന കലാ സന്ധ്യ അവതരിപ്പിക്കപ്പെടുന്നത്.

ജാതി, മത, ദേശ, സംഘടനാ ഭേദമന്യേ സകല സഹൃദയ കലാസ്നേഹികളേയും കൗണ്ടി ലൗത്തിലെ ആർഡീ പാരീഷ് സെന്ററിൽ അരങ്ങേറുന്ന'ഒരിക്കൽ നീ ചിരിച്ചാൽ', ഹാസ്യ, സംഗീത, നൃത്ത മെഗാ ഷോയിലേക്ക്. സ്വാഗതംചെയ്യുന്നതായും. സംഘടനകൾക്കും, സമുദായങ്ങൾക്കും, ദേശങ്ങൾക്കും അതീതമായി എല്ലാവരും കൂട്ടായി പ്രവർത്തിക്കുവാൻ അവസരമുണ്ടാക്കാനുള്ള ഉദ്യമമെന്നനിലയിൽ ഏവരുടേയുംപങ്കാളിത്തമുണ്ടാകണമെന്നും, പ്രവർത്തനോത്സുകതയും, നേതൃപാടവവും, സാമൂഹികപ്രതിബദ്ധതയുമുള്ളവർ സഹായ സഹകരണങ്ങളും നിർദ്ദേശങ്ങളുമായി മുന്നോട്ടു വരണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.