- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മെഗാ തിരുവാതിര കളി ഒഴിവാക്കാമായിരുന്നു; ധീരജിന്റെ വീട് സന്ദർശിച്ച ശേഷം വീണ്ടുവിചാരത്തോടെ കോടിയേരിയുടെ വാക്കുകൾ; തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ മെഗാതിരുവാതിരയും വിളംബര ജാഥയും സംഘടിപ്പിച്ചത് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ എന്നും പരാതി
കണ്ണൂർ: സിപിഐ.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മെഗാ തിരുവാതിരക്കളി ഒഴിവാക്കാമായിരുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കണ്ണൂരിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകനും ഇടുക്കി എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിയുമായ ധീരജിന്റെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു കോടിയേരി.
ഇടുക്കിയിലെ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയുടെ സമയത്ത് തന്നെ സി.പി..എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മെഗാ തിരുവാതിരക്കളിക്കെതിരെ വിമർശനമുയർന്നിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തിന്റെ പേരിലും തിരുവാതിരക്കെതിരെ വിമർശനമുയർന്നു. സിപിഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സിപിഐ.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരുവാതിര അരങ്ങേറിയത്.
അതേസമയം ധീരജിനെ അപമാനിക്കുന്ന പരാമർശം നടത്തിയ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ കോടിയേരി വിമർശിച്ചു.'രക്തസാക്ഷി ധീരജിനെ ഇനിയും അപമാനിക്കരുത്. കെപിസിസി പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ട കാര്യമല്ല അത്. രക്തസാക്ഷികൾക്ക് നമ്മുടെ നാട്ടിൽ ഒരു ആദരവുണ്ട്.
കലാലയങ്ങളിൽ കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഇത്തരം പരാമർശങ്ങളിലൂടെ നടക്കുന്നത്. അതിൽ നിന്നും കോൺഗ്രസ് നേതൃത്വം പിന്തിരിയുകയാണ് വേണ്ടത്. ഇനിയെങ്കിലും ഇത്തരം സമീപനം സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ധീരജിന്റെ കൊലപാതകം സിപിഎം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമാണെന്ന് കെ. സുധാകരൻ പറഞ്ഞിരുന്നു.
'ഈ പ്രകോപനത്തിൽ സിപിഐ.എമ്മുകാർ വീഴരുത്. അവരുടെ ഓഫീസുകൾ ആക്രമിക്കുക, കൊടികൾ തകർക്കുക എന്നീ പ്രവർത്തനങ്ങളിലേർപ്പെടരുത്. സംയമനം പാലിച്ച് ഇവരെ ഒറ്റപ്പെടുത്തണം. കൊലപാതകം നടത്തിയാണോ സെമികേഡറായി മാറുന്നത്,' കോടിയേരി ചോദിച്ചു.
തിരുവാതിര മാത്രമല്ല
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മെഗാതിരുവാതിര നടത്തിയത് ഏറെ വിവാദമായി. എന്നാൽ തിരുവാതിര മാത്രമല്ല, കഥാപ്രസംഗവും ചെണ്ടമേളവും റോളർ സ്കേറ്റിങും സ്ത്രീകളുടെ ബൈക്ക് റാലിയുമൊക്കെ കൊണ്ട് നിറഞ്ഞതായിരുന്നു സമ്മേളനകൊഴുപ്പെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സമ്മേളനത്തിന് മുന്നോടിയായുള്ള വിളംബര ജാഥയിലാണ് ചെണ്ടമേളവും റോളർ സ്കേറ്റിങും സ്ത്രീകളുടെ ബൈക്ക് റാലിയുമൊക്കെ അവതരിപ്പിച്ചത്. കൊച്ചുകുട്ടികളടക്കം പങ്കെടുത്ത വിളംബരജാഥയിലും മെഗാതിരുവാതിരയ്ക്ക് സമാനമായി മാസ്കടക്കം കോവിഡ് സുരക്ഷകളൊന്നും പാലിച്ചിരുന്നില്ലെന്നും പരാതിയുണ്ട്. മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ആയിരത്തോളംപേർ പ്രകടനം നടത്തിയപ്പോഴും പൊലീസ് കാഴ്ച്ചക്കാരായി നോക്കിനിന്നു.
വൈകുന്നേരം നടന്ന വസന്തകുമാർ സാംബശിവന്റെ കഥാപ്രസംഗവും എംഎ ബേബി പങ്കെടുത്ത സെമിനാറും കാണാൻ ഇരുന്നൂറിലേറെപേർ അടച്ചിട്ട ഹാളിൽ ഉണ്ടായിരുന്നു. സാമൂഹ്യ അകലമോ മാസ്കോ ഇവർക്കാർക്കും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ സ്വന്തം നിയോജകമണ്ഡലമാണ് പാറശാല. 2011 ൽ അദ്ദേഹം ഇവിടെ മൽസരിക്കുകയും ചെയ്തിരുന്നു. വർഷങ്ങൾക്ക് ശേഷം പാറശാലയിലെത്തുന്ന ജില്ലാ സമ്മേളനം പരമാവധി വർണാഭമാക്കണമെന്ന തീരുമാനമാണ് ആനാവൂരിനും ടീമിനുമുള്ളത്. കോവിഡോ പാർട്ടി പ്രവർത്തകന്റെ മരണമോ മൂലം ആഡംബരം കുറയ്ക്കാൻ അവർ തയ്യാറല്ലെന്നാണ് ഇന്നലത്തെ മേളകൊഴുപ്പ് വ്യക്തമാക്കുന്നത്.
ധീരജിന്റെ ചിതയടങ്ങുംമുമ്പുള്ള ആഡംബരങ്ങൾക്കെതിരെ സിപിഎം പ്രവർത്തകർ ജില്ലാ സെക്രട്ടറിയുടെയുടെയും ജില്ലാ കമ്മിറ്റിയുടെയും പേജിൽ വിമർശനങ്ങളുമായി എത്തിയിരുന്നു. 'ഇന്ന് തന്നെ ഇത് വേണമായിരുന്നോ സഖാവെ' എന്നാണ് അവർ ഉയർത്തുന്ന ചോദ്യം. 'ആ ചിതയൊന്ന് അണഞ്ഞോട്ടെ ഔചിത്യബോധം നല്ലതാണ്.' എന്നാണ് മറ്റൊരു കമന്റ്. 'ഇന്നലെ പറഞ്ഞതാണ് അന്തമില്ലാത്ത പണിയാണ് ഈ കാണിക്കുന്നത് എന്ന്. പാർട്ടിയെ പ്രതിരോധത്തിലാക്കാൻ ഇതുപോലെ കുറച്ച് പേർ മതി' എന്നും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ പേജിൽ മറ്റൊരു പാർട്ടി അനുഭാവി കുറിച്ചു.
'സിപിഎമ്മിനെ വിദ്യാർത്ഥി സംഘടനയുടെ ഒരു സഖാവ് കൊലചെയ്യപ്പെട്ട് കിടക്കുമ്പോൾ മാറ്റി വെക്കാൻ കഴിയാത്ത അത്ര അത്യാവശ്യം ആയിരുന്നോ ഈ തിരുവാതിര' എന്നാണ് ഒരു സഖാവിന് സിപിഎം ജില്ലാ കമ്മിറ്റിയുടെ പേജിൽ ചോദിക്കാനുള്ളത്. 'ഇത് നടത്തിയത് വളരെ മോശം ആയി പോയി. വല്ല വിശദികരണം ഉണ്ടെങ്കിൽ അറിയിക്കുക. എനിക്ക് ഉണ്ടായത് തെറ്റ് ആണോ എന്ന് എനിക്ക് സ്വയം മനസ്സില്ലാകുവാൻ വേണ്ടി മാത്രം. രക്ത സാക്ഷികൾ സിന്ദാബാദ്' എന്നായിരുന്നു മറ്റൊരു സഖാവിന്റെ കമന്റ്.
'കോൺഗ്രസ് കൊലയാളികൾ കുത്തിക്കൊന്ന സഖാവിന്റെ ചിത കത്തിതീരുന്നതിന് മുമ്പേ പാർട്ടിയുടെ വക മെഗാ തിരുവാതിര. രക്തസാക്ഷികൾ സിന്ദാബാദ്', 'വളരെ മോശമായി പോയി ഇത് സഖാക്കളേ. ഇത്രയും കോവിഡ് കേസ് ഉള്ളത് പോട്ടെ കൂട്ടത്തിൽ ഒരാളുടെ ചോര പൊടിഞ്ഞ് ഇരിക്കുന്ന സമയത്ത് വേണോ ഈ കോണാത്തിലെ തിരുവാതിര കളി,' 'ഇടുക്കിയിൽ നിന്നുള്ള വിലാപയാത്രയിലെ തൊണ്ടപൊട്ടിയുള്ള മുദ്രാവാക്യം തിരുവനന്തപുരം വരെ കേക്കാതെ പോയ് എന്നു പറഞ്ഞു ആശ്വസിക്കാം. ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല.' ഇങ്ങനെ പോകുന്നു കമന്റുകൾ. ഉളുപ്പില്ലേ, നാണമില്ലേ എന്നുതുടങ്ങി നേതാക്കളേയും പേജ് അഡ്മിനെയും അസഭ്യം പറയുന്ന കമന്റുകൾ വരെ വന്നുതുടങ്ങിയപ്പോൾ ഓരോ കമന്റായി അഡ്മിൻ പാനൽ ഡിലീറ്റ് ചെയ്യുന്നുണ്ട്.
കുത്തനെ കോവിഡ് കേസുകൾ ഉയരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആൾക്കൂട്ടങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതിൽ പൊതുപരിപാടിക്ക് പരമാവധി 150 പേരെയാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിരയാണ് സിപിഎം സംഘടിപ്പിച്ചത്. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്. പാറശാല ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവാരക്കോണം സി എസ് ഐ സ്കൂൾ ഗ്രൗണ്ടിലായിരുന്നു മെഗാ തിരുവാതിര അവതരിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ