മേയ് 19 ന് ഹാരി രാജകുമാരനെ വിവാഹം കഴിച്ചതോടെ മാർകിൾ മേഗൻ എന്ന യുഎസ് അഭിനേത്രി ഇന്ന് ലോകമാകമാനം താരമായി മാറിയിരിക്കുകയാണല്ലോ. ഇതോടെ കഴിഞ്ഞ വർഷം ജനുവരിയിൽ മേഗൻ മുംബൈ സന്ദർശിച്ചതും ഇപ്പോൾ വീണ്ടും വാർത്തയാവുകയാണ്. അന്ന് സാരിയുടുത്തും ബിന്ദി തൊട്ടും സുന്ദരിയായ മേഗൻ ഡയാനയെ ഓർമിപ്പിച്ചിരുന്നുവെന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. ഇത്തരത്തിൽ പരമ്പരാഗത ഇന്ത്യൻ വസ്ത്രത്തിൽ തിളങ്ങിയിരുന്ന മേഗന്റെ ചിത്രങ്ങൾ വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. 

1992ൽ ഡയാന ഇന്ത്യയിലെത്തിയപ്പോൾ ഇത്തരത്തിൽ സാരിയും ബിന്ദിയും ധരിച്ചിരുന്നതിന്റെ ചിത്രങ്ങളും ഇതോടൊപ്പം ഇന്ത്യൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. '' മേഗൻ പ ുതിയ ഡയാന ആണോ...?'' എന്ന ചോദ്യവും ഇന്ത്യൻ മാധ്യമങ്ങൾ ഉയർത്തുന്നുണ്ട്. മുംബൈയിലെ പ്രശസ്തമായ മൈന മഹിളാ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ കാണുന്നതിനായിരുന്നു മേഗൻ 2017 ജനുവരിയിൽ മുംബൈയിൽ എത്തിയിരുന്നത്. മൈന മഹിള ഫൗണ്ടഷേന്റെ സ്ഥാപക സുഹാനി ജലോട്ടയടക്കമുള്ള സംഘാടകരെ തന്റെ വിവാഹത്തിന് ക്ഷണിച്ചായിരുന്നു ഈ ചാരിറ്റിയോടുള്ള തന്റെ പ്രതിബദ്ധത മേഗൻ വെളിപ്പെടുത്തിയിരുന്നത്.

ഇന്ത്യയിലെ സ്ത്രീകൾക്ക് സാനിറ്ററി ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിന് മുൻകൈയെടുക്കുന്ന സന്നദ്ധ സംഘടനയാണ് മൈന മഹിളാ ഫൗണ്ടേഷൻ. ആർത്തവകാലത്തെ ശുചിത്വം പോലുള്ള വിഷയങ്ങൾ മാതൃകാപരമായി കൈകാര്യം ചെയ്യാൻ സ്ത്രീകൾക്ക് വഴികാട്ടാനും ഈസംഘടനം മുന്നിലുണ്ട്. തങ്ങൾക്ക് വിവാഹത്തിന് ലഭിക്കുന്ന സമ്മാനങ്ങൾ കൈമാറാനായി മേഗനും ഹാരിയും ലോകമെമ്പാട് നിന്നും തെരഞ്ഞെടുത്ത് ഏഴ്ചാരിറ്റികളിൽ ഒന്നാണീ ഫൗണ്ടേഷൻ. മൈന മഹിളാ ഫൗണ്ടേഷന് വേണ്ടി താന് കൂടുതൽ സമയം ചെലവഴിക്കാനെത്തുമെന്ന് വിവാഹവേളയിൽ തന്നോട് വാഗ്ദാനം ചെയ്തിരിക്കുന്നത് കടുത്ത പ്രതീക്ഷയാണ് ജനിപ്പിക്കുന്നതെന്നാണ് ജലോട്ട വെളിപ്പെടുത്തുന്നത്.

മുംബൈയിലെ നാഗരിക ചേരികളിലെ സ്ത്രീകളുടെ ശാക്തീകരണത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് മൈന മഹിളാ ഫൗണ്ടേഷൻ .വിശ്വാസ്യയോഗ്യമായ നെറ്റ് വർക്കുകൾ അവർക്ക് പ്രദാനം ചെയ്തുകൊണ്ടാണിത് സാധ്യമാക്കുന്നത്. സ്ത്രീകളെ വ്യക്തിപരമായും തൊഴിൽപരമായും ഈ സംഘടന സഹായിക്കുന്നുണ്ട്. ഇതിലൂടെ നിരവധി പേരെ വ്യക്തിപരമായും സംരംഭകരായും വരെ വളർത്താൻ ഫൗണ്ടേഷന് സാധിച്ചിട്ടുണ്ട്.

സ്ത്രീകൾക്ക് തങ്ങളുടെ വീടിനോട് ചേർന്ന് സ്ഥിരമായ തൊഴിൽ ലഭ്യത ഉറപ്പ് വരുത്തുന്ന നിരവധി പ്രവർത്തനങ്ങൾ ഈഫൗണ്ടേഷൻ നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കിൽ സാനിറ്ററി പാഡുകൾ പോലുള്ളവ ഇവ സ്ത്രീകൾക്ക് നൽകി അവരുടെ ശുചിത്വം ഉറപ്പാക്കുന്നുമുണ്ട്. ഇത്തരം പാഡുകൾ ഈ സമൂഹങ്ങളിലെ സ്ത്രീകൾ തന്നെയാണ് നിർമ്മിക്കുന്നത്.2015ൽ സുഹാനി ജലോട്ട സ്ഥാപിച്ച ഈ ഫൗണ്ടേഷൻ സ്ത്രീകൾക്ക് പലവിഷയങ്ങളിൽ ട്രെയിനിങ് നൽകിയും ശാക്തീകരണം നടത്തുന്നു.