- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്ന് കൊല്ലം തുടർച്ചയായി യു കെയിൽ ജീവിക്കണമെന്ന നിയമം തെറ്റിച്ചു; മേഗന് ബ്രിട്ടീഷ് പാസ്സ്പോർട്ടിന് അപേക്ഷിക്കാനുള്ള യോഗ്യത നഷ്ടമായി; ഹാരി രാജകുമാരന്റെ ഭാര്യയ്ക്ക് അമേരിക്കകാരിയായി തന്നെ തുടരാം
ലണ്ടൻ: ഹാരി രാജകുമാരന്റെ ഭാര്യയ്ക്ക് ബ്രിട്ടീഷ് പൗരയാകാനുള്ള അവസരം നഷ്ടപ്പെട്ടിരിക്കുന്നു. 2018-ൽ വിൻഡസർ കാസിലിൽ നടന്ന വിവാഹത്തിന് ശേഷം ഒരു പൂർണ്ണ ബ്രിട്ടീഷുകാരിയായി മാറുവാനായിരുന്നു മേഗൻ മെർക്കൽ ആഗ്രഹിച്ചിരുന്നത്. എന്നാൽ, ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കുന്നതിന് മുൻപായി ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും ബ്രിട്ടനിൽ താമസിച്ചിരിക്കണം എന്ന ഒരു വ്യവസ്ഥയുണ്ട്. ബ്രിട്ടീഷ് പാസ്സ്പോർട്ട് ലഭിക്കുവാനും ഈ വ്യവസ്ഥയാണുള്ളത്. പൗരത്വത്തിന് മേഗൻ അപേക്ഷിക്കുമെന്നും അന്ന് കൊട്ടാരവൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.
എന്നാൽ 2020 ജനുവരിയിലെ മെഗ്സിറ്റ് കാര്യങ്ങളെല്ലാം തകിടം മറിച്ചു. വളരെ കർശനമായ അഭ്യന്തര നിയമങ്ങൾ പ്രകാരം, 2017 നവംബർ 21 ന് ആദ്യമായി ബ്രിട്ടനിലെത്തിയ മേഗന് 2020 നവംബർ 21 ന് പൗരത്വത്തിന് അപേക്ഷിക്കാമായിരുന്നു. എന്നാൽ, ഇക്കാലയളവിൽ ബ്രിട്ടന് പുറത്ത് താമസിക്കുന്ന ദിവസങ്ങളുടെ എണ്ണത്തിന് പരിമിതിയുണ്ട്. മേഗൻ അത് ലംഘിച്ചതിനാൽ ഇപ്പോൾ അപേക്ഷിക്കാൻ കഴിയില്ല. ഇനി ഒരിക്കൽ ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കണമെന്നാൽ കാലതാമസം എടുക്കും.
2017-ൽ മേഗൻ ബ്രിട്ടീഷ് പൗരത്വം എടുക്കണമെന്ന കാര്യത്തിൽ കൊട്ടാരത്തിന് നിർബന്ധമായിരുന്നു. എന്നാൽ, അതിനായി ഫാസ്റ്റ് ട്രാക്ക് നടപടികളിലേക്കൊന്നും നീങ്ങാതെ സാധാരണ രീതിയിൽ, നിയമപ്രകാരം അത് എടുക്കണമെന്നായിരുന്നു കൊട്ടാരം നിർദ്ദേശിച്ചതും. ഒരാൾ ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കുവാനുള്ള യോഗ്യത നേടണമെങ്കിൽ അയാൾക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം.ഒരു ബ്രിട്ടീഷ് പൗരനേയോ പൗരയേയോ വിവാഹം കഴിക്കുകയോ സിവിൽ പാർട്നർഷിപ്പിൽ ഉണ്ടായിരിക്കുകയോ ഉണ്ടെങ്കിൽ നിയമപരമായി പൗരത്വം ലഭിക്കാൻ അർഹതയുണ്ട്.
ഈ നിബന്ധന അനുസരിച്ച് ഹാരിയെ വിവാഹം കഴിച്ച മേഗന് ബ്രിട്ടീഷ് പൗരത്വം ലഭിക്കാൻ അർഹതയുണ്ട്. എന്നാൽ, അപേക്ഷിക്കുന്നതിനു മുൻപ് കുറഞ്ഞത് മൂന്ന് വർഷമെങ്കിലും അപേക്ഷകൻ ബ്രിട്ടനിൽ താമസിച്ചിരുന്നിരിക്കണം. ഈ ഒരു നിബന്ധനയാണ് ഇപ്പോൾ മേഗന് പാരയായി വന്നിരിക്കുന്നത്. ഇത്തരത്തിൽ ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കുന്നവരിൽ മിക്കവരുടെയും അപേക്ഷ തള്ളിപ്പോകുന്നത് ഇതേ നിബന്ധന മൂലമാണെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നതും.
ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലാൻഡ്, നോർത്തെൺ അയർലൻഡ്, ഐൽ ഓഫ് മാൻ അല്ലെങ്കിൽ ചാനൽ ദ്വീപ്സമൂഹം എന്നിവിടങ്ങളിൽ എവിടെയെങ്കിലും അപേക്ഷകൻ മൂന്നു വർഷം താമസിച്ചിരിക്കണം. മാത്രമല്ല ഈ മൂന്ന് വർഷക്കാലത്തിനിടയിൽ 270 ദിവസത്തിൽ അധികം ബ്രിട്ടന് വെളിയിൽ കഴിഞ്ഞിട്ടുണ്ടാകാൻ പാടില്ല. അതുപോലെ അപേക്ഷ സമർപ്പിക്കുന്നതിന് 12 മാസം മുൻപുള്ള സമയത്ത് 90 ദിവസത്തിൽ അധികം ബ്രിട്ടന് വെളിയിൽ കഴിഞ്ഞിട്ടുണ്ടാകാൻ പാടില്ല. എന്നാൽ, വിവാഹത്തിന് മുൻപ് തന്നെ മേഗന് ബ്രിട്ടനിലെ പെർമനന്റ് റെസിഡന്റ് സ്റ്റാറ്റസ് ലഭിച്ചിരുന്നു.
മറുനാടന് ഡെസ്ക്