ലണ്ടൻ: ഹാരിയുടെ വധുവായി കെൻസിങ്ടൺ പാലസിലേക്ക് കയറിയത് മുതൽ മേഗൻ മാർകിൾ തന്റെ കുടുംബക്കാരെ പ്രത്യേകിച്ചും കഷ്ടപ്പെട്ട് വളർത്തിയ പിതാവ് തോമസ് മാർകിളിനെ തിരിഞ്ഞ് നോക്കുന്നില്ലെന്ന ആരോപണം നേരത്തെ തന്നെ ഉയർന്ന കാര്യമാണ്. ഇപ്പോൾ അതിന് അടിവരയിടുന്ന കൂടുതൽ വെളിപ്പെടുത്തലുമായി തോമസ് രംഗത്തെത്തിയിരിക്കുകയാണ്. രാജകുമാരിയായി മാസങ്ങൾ കഴിഞ്ഞിട്ടും മേഗന് അച്ഛനെ കുറിച്ച് ഒരാലോചനയുമില്ലെന്നാണ് ഇപ്പോൾ ആരോപണം ശക്തിപ്പെട്ടിരിക്കുന്നത്. താൻ എല്ലാ ദിവസവും മകൾക്ക് എസ്എംഎസ് അയക്കാറുണ്ടെങ്കിലും ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് പിതാവ് തോമസ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ ഐടിവിയുടെ ഗുഡ് മോണിങ് ബ്രിട്ടൻ പരിപാടിയിൽ പങ്കെടുക്കവെയാണ് തോമസ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ മേഗനെ കുറിച്ച് നടത്തിയിരിക്കുന്നത്. താനുമായി മേഗനും ഹാരിക്കുമുള്ള അകൽച്ച ഇല്ലാതാക്കുന്നതിനായി രാജ്ഞി ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തോമസ് പറയുന്നു. എപ്പോഴും സ്വയം നിയന്ത്രിക്കുന്ന വ്യക്തിത്വമുള്ളയാളാണ് മേഗനെന്നും ഒരിക്കലും പരുഷമായി പെരുമാറാറില്ലെന്നും എന്നാൽ ഇപ്പോൾ തന്നെ കണ്ട ഭാവം നടിക്കുന്നില്ലെന്നും തോമസ് ആരോപിക്കുന്നു.

താൻ ദിവസവും മകൾക്ക് എസ്എംഎസ് അയക്കാറുണ്ടെന്നും കെൻസിങ്ടൺ പാലസിലേക്ക് കത്തുകൾ അയക്കാറുണ്ടെന്നും എന്നാൽ മകൾ ഒരിക്കൽ പോലും മറുപടിയയച്ചിട്ടില്ലെന്നും തോമസ് പരിതപിക്കുന്നു. താൻ മകളെ ഏറെ സ്നേഹിക്കുന്നുണ്ടെങ്കിലും തന്നോട് അവൾ ഇത്തരത്തിൽ പ്രതികരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്നും തോമസ് പറയുന്നു.ഐടിവിക്ക് നൽകിയ വിശദമായ ഇന്റർവ്യൂവിൽ മുൻ ഹോളിവുഡ് ലൈറ്റ്നിങ് എൻജിനീയർ കൂടിയായ തന്റെ വിങ്ങിപ്പൊട്ടുന്ന മനസാണ് തുറന്നിരിക്കുന്നത്.

ഹൃദ്രോഗ ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുകയാണെന്ന കാരണം പറഞ്ഞ് കഴിഞ്ഞ മെയ്‌ മാസത്തിൽ നടന്ന ഹാരി-മേഗൻ വിവാഹത്തിന് തോമസ് എത്തിയിരുന്നില്ല. തുടർന്ന് മകളുമായി ബന്ധപ്പെടാൻ തോമസ് പലവട്ടം ശ്രമിച്ചെങ്കിലും മേഗൻ പ്രതികരിക്കാതിരിക്കുകയായിരുന്നു. അതിനിടെ മേഗൻ കുടുംബസ്നേഹമില്ലാത്തവളും വന്ന വഴി മറന്നവളും തങ്ങളെ വിവാഹത്തിന് പോലും ക്ഷണിക്കാത്തവളുമാണെന്ന കടുത്ത ആരോപണം ഉന്നയിച്ച് മേഗന്റെ സഹോദരൻ ജൂനിയർ മാർകിളും സഹോദരി സാമന്തയും രംഗത്തെത്തിയിരുന്നു. ഗർഭിണിയായ മേഗൻ ഹാരിയുടെ സഹോദരൻ വില്യമിന്റെ ഭാര്യ കേയ്റ്റുമായി കടുത്ത അഭിപ്രായ വ്യത്യാസത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്ന് കൊണ്ടിരിക്കെയാണ് പിതാവും മേഗനെതിരെ രംഗത്തെത്തിയിരിക്കുന്നത്.