തൃശൂർ: പുഴയ്ക്കലിലെ തോടിനു സമീപം പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത കേസിൽ പിടിയിലായ അവിവാഹിതയായ അമ്മയും കാമുനും കുറ്റ സമ്മതം നടത്തുമ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. . മൃതദേഹം കത്തിക്കാനുള്ള നീക്കം പാളിയതോടെയാണ് തോട്ടിൽ ഒഴുക്കിയതെന്നാണ് മൊഴി. വെള്ളത്തിൽ മുക്കിയതും തലയ്ക്ക് ക്ഷതമേറ്റതുമാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.

കേസിൽ തൃശൂർ വരടിയം മമ്പാട്ട് വീട്ടിൽ മേഘ (22), കാമുകൻ വരടിയം ചിറ്റാട്ടുകര വീട്ടിൽ മാനുവൽ (25), സുഹൃത്ത് വരടിയം പാപ്പനഗർ കോളനി കുണ്ടുകുളംവീട്ടിൽ അമൽ (24) എന്നിവർ കഴിഞ്ഞദിവസം പിടിയിലായിരുന്നു. മേഘയുടെ വസതിയിലാണ് ആദ്യം തെളിവെടുത്തത്. കുഞ്ഞിനെ മുക്കിക്കൊന്ന ബക്കറ്റ് പൊലീസ് കണ്ടെടുത്തു. വീട്ടുകാർ അറിയാതെയാണ് കുഞ്ഞിനെ പ്രസവിച്ചത്. ഇതു മറയ്ക്കാനാണ് കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊന്നത്. മേഘ സ്ഥിരമായി ഉപയോഗിക്കുന്ന ഹാൻഡ് ബാഗിലാണ് മൃതദേഹം കൊടുത്തുവിട്ടത്.

പ്രസവം മുതലുള്ള മുഴുവൻ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു. വീട്ടുകാർ അറിയാതെയാണ് പ്രസവിച്ചതെന്ന മേഘയുടെ അവകാശവാദത്തിൽ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു. എന്നാൽ വീട്ടുകാർക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രസവിക്കും മുമ്പ് മേഘ കുഞ്ഞിനെ വധിക്കാൻ പദ്ധതിയിട്ടു. പ്രസവിച്ചയുടനെ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിലിട്ടു കൊന്നതും മുൻനിശ്ചയ പ്രകാരമാണ്. പിറ്റേന്ന് മാനുവലിനെ മൃതദേഹം ഏൽപ്പിച്ചു.

മുണ്ടൂരിലെ പെട്രോൾപമ്പിൽനിന്നു മൃതദേഹം കത്തിച്ചുകളയാൻ 150 രൂപയുടെ ഡീസൽ വാങ്ങിയതു സംബന്ധിച്ചും തെളിവ് ശേഖരിച്ചു. മൃതദേഹവുമായി പേരാമംഗലം പാടത്തേക്കാണ് ആദ്യം പോയത്. പിന്നീടാണ് തോട്ടിൽ ഒഴുക്കിയത്. കത്തിക്കാൻ വാങ്ങിയ ഡീസൽ മാനുവലിന്റെ വസതിയിൽനിന്നു പൊലീസ് കണ്ടെടുത്തു. മൃതദേഹവുമായി പോയ സ്‌കൂട്ടറും പരിശോധിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ട് യുവാക്കൾ ബൈക്കിൽ സഞ്ചി ഉപേക്ഷിച്ച് പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

പ്രസവം നടന്ന മുറിയും കുഞ്ഞിനെ മുക്കി കൊന്ന ബക്കറ്റും മേഘ പൊലീസിനു കാണിച്ചു കൊടുത്തത് മേഘ കുറ്റബോധമൊന്നും പ്രകടിപ്പിക്കാതെയാണ്. കുഞ്ഞിനെ പൊതിഞ്ഞു ഇമ്മാനുവേലിന് കൈമാറിയ ബാഗും കണ്ടെടുത്തു. തുടർന്ന് ഇമ്മാനുവേലിന്റെ വീട്ടിലെത്തിച്ചും തെളിവെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി മേഘയുടെയും ഇമ്മാനുവലിന്റെയും ഡിഎൻഎ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ മൂന്നു പേരാണ് അറസ്റ്റിലായത്. ഡിഎൻഎ പരിശോധനയിലൂടെ കുട്ടിയും മാതൃത്വം ഉറപ്പിക്കും. ഇത് കേസിൽ നിർണ്ണായകമാകും.

എംകോം ബിരുദധാരിയായ മേഘ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ്. ഇമാനുവൽ പെയ്ന്റിങ് തൊഴിലാളിയാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മേഘ പ്രസവിച്ചത്. കുഞ്ഞു കരയുന്നത് പുറത്തു കേൾക്കാതിരിക്കാൻ കട്ടിലിന്റെ അടിയിൽ സൂക്ഷിച്ച ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നു എന്നാണ് മേഘയുടെ മൊഴി. പിറ്റേന്ന് രാവിലെ വരേ കട്ടിലിനടിയിൽ സൂക്ഷിച്ച മൃതദേഹം പിന്നീട് കാമുകന് നൽകി.

താൻ ഗർഭിണിയായ വിവരം മേഘ കുടുംബത്തെ അറിയിച്ചിരുന്നില്ല. തനിച്ച് മുറിയിൽ കഴിഞ്ഞിരുന്നതിനാൽ സംഭവിച്ചതൊന്നും കുടുംബം അറിഞ്ഞിരുന്നില്ലെന്നും മേഘ പറയുന്നു