ലണ്ടൻ: വില്യം രാജകുമാരന്റെ പത്നി കേയ്റ്റുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെയും തന്റെ കുടുംബക്കാരുമായുള്ള ഇടയലിന്റെയും പേരിൽ വിവാദ നായികയായി മാറിക്കൊണ്ടിരിക്കുന്നതിനിടയിലും ഹാരിയുടെ പത്നി മേഗൻ മാർകിൾ തന്റെ സാമൂഹിക പ്രവർത്തനങ്ങൾ അവിരാമം മുന്നോട്ട് കൊണ്ടു പോകുന്നുവന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം താനുമായുള്ള വിവാദങ്ങൾ ഒരു ഭാഗത്ത് കത്തിപ്പടരുമ്പോഴും വികസ്വരരാജ്യങ്ങളിലെ സ്ത്രീകളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി ജീവിതം മാറ്റി വച്ചിറങ്ങിത്തിരിച്ചിരിക്കുകയാണ് മേഗൻ. ആഫ്രിക്കൻ രാജ്യങ്ങളിലും ഇന്ത്യയിലും ഈ സന്ദേശം പടർത്താൻ രാജകുമാരി ഓടി നടക്കുമെന്നും റിപ്പോർട്ടുണ്ട്.

വികസ്വരരാജ്യങ്ങളിലെ സ്ത്രീകൾക്ക് വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്ന പ്രവർത്തനങ്ങളായിരിക്കും തന്റെ സാമൂഹിക പ്രവർത്തനത്തിന്റെ ഹൃദയമെന്ന് അടുത്ത വർഷം നടത്തുന്ന തന്റെ ആദ്യത്തെ റോയൽ പാറ്റ്റനിജ് അഥവാ രാജകീയ രക്ഷാകർതൃത്വ പ്രഖ്യാപനം നടത്തുന്ന വേളയിൽ മേഗൻ വെളിപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. കാംപയിൻ ഫോർ ഫീമെയിൽ എഡ്യുക്കേഷൻ അഥവാ കാംഫെഡ് പോലുള്ള നിരവധി സംഘടനകളുമായി താൻ പ്രവർത്തിക്കാൻ പോകുന്നുവെന്ന രഹസ്യ സൂചന മേഗൻ നൽകിയിട്ടുണ്ട്. സാംബിയ, അടക്കമുള്ള നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ സ്ത്രീകളുടെ വിദ്യാബ്യാസത്തിന് വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് കാംഫെഡ്. സാംബിയയിൽ കഴിഞ്ഞ വാരം ഹാരി രാജകുമാരൻ സന്ദർശിക്കുകയും ചെയ്തിരുന്നു.

സ്ത്രീകളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി കോമൺവെൽത്ത് യൂത്ത് അംബാസിഡർമാരെന്ന നിലയിൽ പ്രവർത്തിക്കാൻ ഹാരിക്കും മേഗനും കടുത്ത താൽപര്യമുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. കാംഫെഡുമായി ഒത്ത് ചേർന്ന് പ്രവർത്തിക്കാൻ മേഗന് അതിയായ താൽപര്യമുണ്ടെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകൾക്ക് ലഭ്യമാക്കുന്ന വിദ്യാഭ്യാസത്തിലൂടെ അസമത്വവും ദാരിദ്ര്യവും തുടച്ച് നീക്കാൻ സാധിക്കുമെന്നാണ് കാംഫെഡ് വിശ്വസിക്കുന്നത്. സബ് സഹാറൻ ആഫ്രിക്കയിലെ മൂന്ന് മില്യണടുത്ത് പെൺകുട്ടികളുടെയും യുവതികളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിന് കാംഫെഡിന് ഇപ്പോൾ തന്നെ സാധിക്കുന്നുണ്ട്.

കാംഫെഡ് സാംബിയ, സിംബാബ്‌വെ, ഘാന, ടാൻസാനിയ, മലാവി എന്നീ രാജ്യങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് മേഗനെയും ഹാരിയെയും പറഞ്ഞ് മനസിലാക്കുന്നതിനായി പ്രതിനിധിയെ ഈ വർഷം ആദ്യം കെൻസിങ്ടൺ പാലസിലേക്ക് അയച്ചിരുന്നുവെന്നാണ് കാംഫെഡിന്റെ സിഇഒയും സാംബിയൻ കിരീടാവകാശിയുമായ ലൂസി ലേക്ക് വെളിപ്പെടുത്തിയിരിക്കുന്നത്. സിംബാബ്‌വെയിൽ ജനിച്ച ആൻജെലിന മുരിമിർവയെയും ഹാരിയും മേഗനും കണ്ടിരുന്നു. കാംഫെഡിന്റെ സഹായത്തോടെ സെക്കൻഡറി സ്‌കൂളിൽ പോകാൻ സാധിച്ച ആദ്യത്തെ പെൺകുട്ടികളിലൊരാളാണിവർ.നിലവിൽ കാംഫെഡിന്റെ ആഫ്രിക്കൻ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ആൻജെലിന.കാംഫെഡിന് പുറമെ മറ്റ് നിരവധി രാജ്യങ്ങളിൽ സ്ത്രീ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന മറ്റ് ചില സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനും മേഗൻ ഒരുങ്ങുന്നുവെന്നും സൂചനയുണ്ട്.