ഹാരി രാജകുമാരന്റെ ഭാര്യയായി ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് വലം കാൽ വച്ച് കയറുന്ന മേഗൻ മെർകിൾ എന്ന യുവതിയുടെ ജീവിതകഥ സിനിമയെ വെല്ലുന്ന നാടകീയതകൾ നിറഞ്ഞതാണ്. ടെലിവിഷൻ ലൈറ്റ് ബോയ് ആയിരുന്ന തോമസ് മെർകിളിന്റെയും ഭാര്യ ഡോറിയ റാഗ് ലാൻഡ് എന്ന ക്ലിനിക്കൽ തെറാപ്പിസ്റ്റിന്റെയം മകളായി 1981 ഓഗസ്റ്റ് നാലിനായിരുന്നു ജനിച്ചത്. അമ്മ വഴി ആഫ്രിക്കൻ ബന്ധമുണ്ട് മേഗന്. ഡീൽ ഓർ നോ ഡീൽ പരിപാടിയിലെ സ്യൂട്ട് ഗേളായിരുന്നു ഈ പെൺകുട്ടി. കുറച്ച് കാലം അമേരിക്കയിലെ ചെറിയിൽ താമസിച്ച പരിചയം മേഗനുണ്ട്. ബ്രിട്ടീഷ് രാജകുമാരിയായി മാറുന്ന പെൺകുട്ടിയുടെ പൂർവകാല ചരിത്രം ഇത്തരത്തിൽ ആരെയും ആകർഷിക്കുന്നതാണ്.

ഹോളിവുഡിൽ ടിവി ലൈറ്റ് ഡയറക്ടറായിരുന്നു തോമസ്. അതിനാൽ മേഗൻ ലോസ് ഏയ്ജൽസിലെ ഹോളിവുഡ് ലിറ്റിൽ റെഡ് സ്‌കൂൾഹൗസ് എന്ന പ്രൈവറ്റ് പ്രൈമറിയിലായിരുന്നു തന്റെ ആദ്യകാല വിദ്യാഭ്യാസം നിർവഹിച്ചിരുന്നത്. തുടർന്ന് മേഗൻ ആൾഗേൾ കത്തോലിക്ക് ഹേർട്ട് ഹൈ സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. മേഗന് ആറ് വയസുള്ളപ്പോൾ അച്ഛനമ്മമാർ വിവാഹമോചനം നേടി ഇരു വഴിക്കും പോയിരുന്നു. സ്‌കൂൾ സമയം കഴിഞ്ഞ് ഓരോ ദിവസവും മേഗൻ ടിവി ഷോയുടെ സെറ്റുകളിൽ പോവാറുണ്ടായിരുന്നു. അവിടെ തന്റെ പിതാവ് ലൈറ്റ് ഡയറക്ടറായി പ്രവർത്തിച്ചതിന്റെ ബ ലത്തിലായിരുന്നു ഈ സന്ദർശനം. ചെറുപ്പത്തിലേ സിനിമയിലും അഭിനയത്തിലും മേഗന് താൽപര്യം ജനിപ്പിക്കാൻ ഒരു പരിധി വരെ ഇത് വഴിയൊരുക്കിയിരിക്കാം.

ലോസ് ഏയ്ജൽസിലെ സെന്റ് ഫ്രാൻസിസ് ഹൈസ്‌കൂളിലും മേഗൻ പഠിച്ചിരുന്നു. റേച്ചൽ മേഗൻ മെർകിൾ എന്ന പേര് ഈ സമയത്തെ ചില രേഖകളിൽ ഉപയോഗിച്ചിരിക്കുന്നതായി കാണാം. മേഗന്റെ പിതാവ് ജർമൻ ഇംഗ്ലീഷ് പാരമ്പര്യം പേറുന്നുവെങ്കിൽ അമ്മ ആഫ്രിക്കൻഅമേരിക്കൻ പാരമ്പര്യമുള്ളയാളാണ്. നോർത്ത് വെസ്‌റ്റേൺ യുണിവേഴ്‌സിറ്റിയിൽ നിന്നും തിയേറ്ററിലും ഇന്റർനാഷണൽ റിലേഷൻസിലുമായിരുന്നു മേഗൻ ഗ്രാജ്വേഷൻ നേടിയിരുന്നത്. തുടർന്ന് സിനിമയിൽ അവസരം തേടി ഓഡിഷനുകളിൽ പങ്കെടുത്തു. അതിനിടെ ജീവിക്കാനായി ഫ്രീലാൻസ് കാലിഗ്രാഫറായും പ്രവർത്തിച്ചു.

അർജന്റീനയിലെ യുഎസ് എംബസിയിലും മേഗൻ ജോലി ചെയ്തിരുന്നു. തുടർന്നായിരുന്നു ഡീൽ ഓർ നോ ഡീൽ പരിപാടിയുടെ സ്യൂട്ട് ഗേളായി അവസരം ലഭിച്ചത്. 2002ൽമെഡിക്കൽ ഡ്രാമ ജനറൽ ഹോസ്പിറ്റലിന്റെ എപ്പിസോഡിലായിരുന്നു മേഗൻ ആദ്യമായി സ്‌ക്രീനിൽ ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് സിഎസ്‌ഐ, വിത്തൗട്ട് എ ട്രേസ്, കാസിൽ തുടങ്ങിയവയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2011 സെപ്റ്റംബറിലായിരുന്നു മേഗന്റെ ആദ്യ വിവാഹം. ഫിലിം പ്രൊഡ്യൂസറായ ട്രെവോർ ഈഗിൾസണായിരുന്നു വരൻ. ആറ് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.

2004ലായിരുന്നു ഇവർ ആദ്യമായി കണ്ട് മുട്ടിയിരുന്നത്. വിവാഹത്തിന് മുമ്പ് തന്നെ മേഗന് സിനിമയിൽ അവസരങ്ങൾ ലഭിച്ച് തുടങ്ങിയിരുന്നു. ഷൂട്ടിംഗിനായി ലോസ് ഏയ്ജൽസിൽ നിന്നും ടൊറന്റോയിലേക്ക് അവർ ഇടക്കിടെ പോവാനും തുടങ്ങി. വിവാഹജീവിതത്തിലെ താഴപ്പിഴകൾക്കൊടുവിൽ മേഗനും ആദ്യ ഭർത്താവും 2013ൽ വേർപിരിഞ്ഞു. ഗെറ്റ് ഹിം ടു ദി ഗ്രീക്ക്, റിമംബർ മി , ഹോറിബിൽ ബോസസ് തുടങ്ങിയ ശ്രദ്ധേയമായ ഹോളിവുഡ് ചിത്രങ്ങളിൽ തുടർന്ന് മേഗൻ വേഷമിട്ട് താരപദവിയിലേക്കുയരുകയായിരുന്നു. പിന്നീടായിരുന്നു 2011ൽ തന്റെ ഏറ്റവും ശ്രദ്ധേയമായ വേഷം ലീഗൽ സീരീസ് സ്യൂട്ട്‌സിൽ മേഗന് ലഭിച്ചത്. ഇതിൽ റേച്ചൽ സാനെ എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിച്ചത്. തുടർന്ന് അവർ ടൊറന്റോയിലേക്ക് താമസം മാറുകയും ചെയ്തു. സിനിമകൾ കൂടുതലും ഇവിടെയായതിനാലാണിത്. 2016 മെയ്‌ മാസത്തിൽ ഹാരി തന്റെ ഇൻവിക്ടസ് ഗെയിംസിന്റെ പ്രചാരണാർത്ഥം ടൊറന്റോ സന്ദർശിച്ചപ്പോഴാണ് ആദ്യമായി മേഗനെ കണ്ടുമുട്ടുന്നത്. അധികം വൈകാതെ അത് പ്രണയമായി മാറുകയായിരുന്നു.