ലണ്ടൻ: വില്യം രാജകുമാരന്റെ ഭാര്യ കേയ്റ്റും സഹോദരൻ ഹാരി രാജകുമാരന്റെ ഭാര്യ മേഗനും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നതയുണ്ടെന്നും തൽഫലമായി രാജകുടുംബത്തിൽ അന്തച്ഛിദ്രം രൂക്ഷമാകുന്നുവെന്നുമുള്ള റിപ്പോർട്ടുകൾ ഇക്കഴിഞ്ഞ ദിവസങ്ങളിലായി പടർന്ന് കൊണ്ടിരിക്കുകയാണല്ലോ. എന്നാൽ മേഗനും കേയ്റ്റും തമ്മിലല്ല യഥാർത്ഥ പ്രശ്നമെന്നും മറിച്ച് വില്യവും മേഗനും തമ്മിലാണ് പ്രശ്നമെന്നും ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മേഗന്റെ ശത്രു കിരീടാവകാശിയായ വില്യമോ..? എന്ന ചോദ്യവും ഇതേ തുടർന്ന് ശക്തമാകുന്നുണ്ട്.

ക്രിസ്മസ് ദിവസം സാൻഡ്രിങ്ഹാമിലെ സെന്റ് മേരി മഗ്ദലന ചർച്ചിൽ പോയി വരുമ്പോഴാണ് വില്യവും മേഗനും തമ്മിലുള്ള അകൽച്ച വ്യക്തമാക്കുന്ന വീഡിയോയും ഫോട്ടോകളും പുറത്ത് വന്നിരിക്കുന്നത്. ഈ അവസരത്തിൽ വില്യമിനോട് സംസാരിക്കാൻ മേഗൻ ശ്രമിച്ചപ്പോൾ അത് ഗൗനിക്കാതെ അദ്ദേഹം കഴുത്തിലെ കോളർ ശരിയാക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. വില്യം രാജകുമാരന്റെ ഈ വീഡിയോ വൈറലാക്കി രാജഭക്തർ രംഗത്തെത്തിയിട്ടുമുണ്ട്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ പ്രകാരം മേഗൻ വില്യമിനോട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ അവരുടെ മുഖത്ത് പോലും നോക്കതെയാണ് വില്യം കോളർ ശരിയാക്കിക്കൊണ്ട് നിൽക്കുന്നത്.

രാജകുടുംബത്തിന് കയറാനുള്ള കാർ വരുന്നതിനായി കാത്ത് നിൽക്കുന്ന വേളയിലാണ് ഈ അപൂർവ വീഡിയോ പകർത്തപ്പെട്ടിരിക്കുന്നത്. വില്യമിന് മേഗനോടുള്ള അകൽച്ചയ്ക്ക് ഏറ്റവും വലിയ തെളിവാണീ വീഡിയോ എന്നാണ് ചിലർ വാദിക്കുന്നത്. മേഗൻ ഹാരിക്ക് യോജിച്ച ഭാര്യയാണോയെന്ന് ഇവരുടെ വിവാഹ ആലോചനാ വേളയിൽ വില്യം ചോദിച്ചതിന് ശേഷം ഹാരിയും വില്യവും തമ്മിലുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടിയിരുന്നുവെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. തന്റെ അനിയന് യോജിക്കുന്ന വധുവാണോ മേഗനെന്ന കാര്യത്തിൽ വില്യമിന് കടുത്ത ഉത്കണ്ഠയുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

വില്യമിന്റെ ഈ ഉത്കണ്ഠ രാജ്ഞിയുടെയും ഹാരിയുടെയും വരെ ചെവികളിൽ എത്തിയിരുന്നുവെന്നും ഇത് കുടുംബത്തിൽ കടുത്ത അസ്വസ്ഥതക്കും വിഭാഗീയതയ്ക്കും വഴിയൊരുക്കിയിരുന്നുവെന്നും ഊഹാപോഹങ്ങളുണ്ട്. മേഗനും കേയ്റ്റും തമ്മിലുള്ള പടലപ്പിണക്കങ്ങളാണ് രാജകുടുംബത്തിലെ അഭ്യന്തര വഴക്കിന് മൂലകാരണമെന്നായിരുന്നു അടുത്ത് വരെ പുറത്ത് വന്ന റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ മേഗനും വില്യവും തമ്മിലാണ് പ്രധാനമായും സ്വരച്ചേർച്ചയില്ലാത്തതെന്നാണ് പുതി വാർത്തകൾ എടുത്ത് കാട്ടുന്നത്. സാൻഡ്രംഗ്ഹാമിലെ ക്രിസ്മസ് ദിന ചർച്ച് സർവീസിൽ ഇരു കുടുംബങ്ങളും യോജിപ്പ് പ്രകടിപ്പിക്കണമെന്ന രാജ്ഞിയുടെ ഉത്തരവ് ലഭിച്ചിരുന്നുവെങ്കിലും ഇത് പൂർണമായി പാലിക്കപ്പെട്ടില്ലെന്നാണ് പുതിയ വീഡിയോ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.