ലണ്ടൻ: മുത്തച്ഛന്റെ മരണമെങ്കിലും കൊച്ചുമക്കൾക്കിടയിലെ കലഹം അലിയിച്ചില്ലാതെയാക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ രാജകുടുംബത്തെ സ്നേഹിക്കുന്നവരും അഭ്യൂദയകാംക്ഷികളും. ഹാരിയും വില്യമും തോളോടുതോൾ ചേർന്ന് മുത്തച്ഛന്റെ മൃതദേഹത്തെ അനുഗമിക്കും. അടുത്ത ശനിയാഴ്‌ച്ച ഫിലിപ്പ് രാജകുമാരന്റെ അന്ത്യയാത്ര ഒരുപക്ഷെ ബ്രിട്ടീഷ് രാജകുടുംബത്തെ സംബന്ധിച്ച് അതിപ്രധാനമായ ഒന്നായി മാറിയേക്കാം. വിവാദ അഭിമുഖത്തിനു ശേഷം ഏറ്റവും മോശം നിലയിലേക്ക് വന്ന, കൊട്ടാരവുമായുള്ള ബന്ധം വീണ്ടും കെട്ടി;പ്പടുക്കാൻ നല്ലൊരു സന്ദർഭമാണ് ഇപ്പോൾ കൈവന്നിരിക്കുന്നതെന്നാണ് കൊട്ടാരം നിരീക്ഷകർ പറയുന്നത്.

വിദഗ്ദോപദേശം ലഭിച്ചതിനാൽ പൂർണ്ണഗർഭിണിയായ മേഗൻ മെർക്കൽ യാത്ര ഒഴിവാക്കുകയാണ്. അതുകൊണ്ടുതന്നെ ശവസംസ്‌കാര ചടങ്ങുകളിൽ അവർ പങ്കെടുക്കില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്‌ച്ച ഫിലിപ്പ് രാജകുമാരന്റെ ഭൗതികാവശിഷ്ടം അദ്ദേഹം കൂടി ചേർന്ന് രൂപകല്പന ചെയ്ത ഒരു ലാൻഡ് റോവറിലായിരിക്കും വിൻഡ്സർ കാസിലിലെ സെയിന്റ് ജോർജ്ജ് ചാപ്പലിലേക്ക് കൊണ്ടുപോവുക. അവിടെ മൂന്ന് സൈനിക വിഭാഗങ്ങളും അദ്ദേഹത്തിന് ഔദ്യോഗികമായി അന്തിമോപചാരം അർപ്പിക്കും.

ഈ ലാൻഡ് റോവറിന് തൊട്ടു പിന്നിലായി ചാൾസ് രാജകുമാരനും, ഫിലിപ്പ് രാജകുമാരന്റെ മറ്റ് മക്കളും കാൽനടയായി അനുഗമിക്കും. ഇക്കൂട്ടത്തിൽ വില്യമും ഹരിയും ഉൾപ്പടേ ഫിലിപ്പ് രാജകുമാരന്റെ മറ്റ് കൊച്ചുമക്കളും പങ്കെടുക്കും. ഒരു വർഷത്തിനു ശേഷമുള്ള സഹോദരന്മാരുടെ സംഗമം ഒരുപക്ഷെ കാര്യങ്ങളെല്ലാം നേർഗതിയിലേക്ക് കൊണ്ടുവന്നേക്കാം എന്നണ് രാജകുടുംബാംഗങ്ങളും പ്രതീക്ഷിക്കുന്നത്.

ഹാരി തന്റെ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പൂർണ്ണമായും കോവിഡ്-19 പ്രോട്ടോക്കോൾ അനുസരിച്ചുള്ള സന്ദർശനമായിരിക്കും ഹാരിയുടേത്. കൊട്ടാരം വിട്ടിറങ്ങിയതിനുശേഷമുള്ള, ഹാരിയുടെ ആദ്യ സന്ദർശനമാണിത്. ഇംഗ്ലണ്ടിൽ എത്തിയാൽ ഹാരി എവിടെയായിരിക്കും താമസിക്കുക എന്നത് വ്യക്തമായിട്ടില്ല. നേരത്തെ ഹാരിയും മേഗനും താമസിച്ചിരുന്ന ഫ്രോഗ്മോർ ഹൗസ്യൂജിനി രാജകുമാരിക്കും ഭർത്താവ് ജാക്ക് ബ്രൂക്ക്സ്ബാങ്കിനും താമസിക്കാൻ വിട്ടുകൊടുത്തിരിക്കുകയാണ്. അവിടെയായിരിക്കും ഹാരി താമസിക്കുക എന്നുള്ള അഭ്യുഹങ്ങളുണ്ട്.

ഫിലിപ്പ് രാജകുമാരന്റെ മരണം കുടുംബത്തെ ഒന്നിപ്പിക്കാൻ സഹായിക്കും എന്നാണ് കൊട്ടാരത്തിനകത്തുള്ളവരും പ്രത്യാശിക്കുന്നത്. ഇരുഭാഗത്തും ആഴത്തിലുള്ളാ മുറിവുകൾ ഉണ്ടായിട്ടുണ്ട്, എന്നിരുന്നാലും നല്ലത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാനുള്ള വകകളുമുണ്ട് എന്നാണ് അവർ പറയുന്നത്. മുത്തശ്ശിയായ എലിസബത്ത് രാജ്ഞിക്ക് എല്ലാ പിന്തുണയും ഈ അവസരത്തിൽ നൽകാൻ ഇരുവരും അതിയായി ആഗ്രഹിക്കുന്നുണ്ട്. അതൊന്നുമാത്രം മതി അവരെ യോജിപ്പിക്കാൻ എന്നാണ് ഒരു കൊട്ടാരം ജീവനക്കാരൻ പറഞ്ഞത്.