ശ്രീനഗർ: താലിബാൻ അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാൻ വിഷയങ്ങളിൽ ബിജെപി വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് പിഡിപി പ്രസിഡന്റ് മെഹ്ബൂബ മുഫ്തി. ഏഴ് വർഷത്തെ ബിജെപി ഭരണം രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ തകർത്തു. ജമ്മു കശ്മീരിനെ നശിപ്പിച്ചുവെന്നും മെഹബൂബ ആരോപിച്ചു.

താലിബാൻ, അഫ്ഗാൻ, പാക്കിസ്ഥാൻ വിഷയങ്ങൾ ബിജെപി വോട്ടുകൾ നേടാനായി പ്രയോജനപ്പെടുത്തുകയാണ്. തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് മുൻപിൽ പാർട്ടി അഫ്ഗാനെയും താലിബാനെയും പിടിച്ചിടും. ഇതുകൊണ്ട് ഫലം കണ്ടില്ലെങ്കിലാണ് പാക്കിസ്ഥാനെക്കുറിച്ച് പറയുക. ഇത്തരത്തിൽ ആളുകളെ ഭയപ്പെടുത്തി വോട്ടുപിടിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും മെഹബൂബ പറഞ്ഞു.

ഹിന്ദുത്വമല്ല ഇന്ത്യൻ ജനാധിപത്യമാണ് ബിജെപിക്ക് കീഴിൽ അപകടത്തിലായത്. 70 വർഷത്തെ കോൺഗ്രസിന്റെ നല്ല ഭരണത്തിന് ശേഷം ബിജെപി രാജ്യത്തിന്റെ പൊതുസ്വത്തുക്കൾ വിൽക്കുകയും അവശ്യവസ്തുക്കളുടെ വില വർധിപ്പിക്കുകയും ചെയ്തു. ഇതിലൂടെ പ്രതിപക്ഷ നേതാക്കളെ വാങ്ങാനും ഭീഷണിപ്പെടുത്താനുമാണ് ബിജെപി ശ്രമിച്ചത്. കർഷക പ്രക്ഷോഭങ്ങളും വിലക്കയറ്റം എന്നീ പ്രധാനപ്പെട്ട വിഷയങ്ങളും ആരും ഇന്ന് ചർച്ച ചെയ്യുന്നില്ല. പിഡിപിയുടെ യൂത്ത് വിങ്ങിന്റെ റാലിക്കിടെയാണ് മെഹ്ബൂബയുടെ പ്രതികരണം.

പ്രചരണങ്ങൾ ജനശ്രദ്ധ ലഭിച്ചില്ലെങ്കിൽ പാക്കിസ്ഥാനും ഡ്രോണും പൊക്കിപ്പിടിച്ച് ബിജെപിയെത്തുമെന്നും മെഹ്ബൂബ പരിഹസിച്ചു. ലഡാക്കിലെ ചൈനയുടെ കടന്നുക്കയറ്റത്തെ കുറിച്ച് ബിജെപി ഒന്നും സംസാരിക്കില്ല. കാരണം അവർക്ക് വോട്ട് ലഭിക്കുകയില്ല. ജനങ്ങളെ ഭയപ്പെടുത്തണമെങ്കിൽ താലിബാനെക്കുറിച്ചും അഫ്ഗാനിസ്ഥാനെക്കുറിച്ചും പാക്കിസ്ഥാനെക്കുറിച്ചും സംസാരിക്കണമെന്നും മെഹ്ബൂബ വിമർശിച്ചു.