ദുബായ്: പ്രണയവും വിരഹവും സൗഹൃദവുമെല്ലാം ഗസലിന്റെ ഇളംതെന്നലായി സദസ്സിൽ പരന്നൊഴുകി. മീഡിയ വൺഅസറ്റ് ഹോംസ് 'മെഹ്ഫിൽ രാവ്' ദുബായ്ക്ക്ക്ക് തികച്ചും വേറിട്ട അനുഭവമാവുകയായിരുന്നു. അൽബുസ്താൻ റൊട്ടാന ഹോട്ടലിൽ വെള്ളിയാഴ്ച ക്ഷണിക്കപ്പെട്ട സദസ്സിന് മറക്കാനാവാത്ത രാവായി അത്. മീഡിയവൺ ചാനലിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഖയാൽ പരിപാടിയുടെ ആദ്യ സ്‌റ്റേജ് ഷോ എന്ന നിലയ്ക്കും ശ്രദ്ധേയമായി മെഹ്ഫിൽ രാവ്.

മെഹ്ദി ഹസൻ, ഗുലാം അലി, ജഗജിത് സിങ്, കെ.എസ്. ചിത്ര, ഉമ്പായി, ലതാ മങ്കേഷ്‌കർ, ബീഗം അക്തർ, ആബിദ പർവീൻ, ഹരിഹരൻ തുടങ്ങി ഗസൽ മേഖലയിലെ അതികായരുടെ ശ്രദ്ധേയ ഗാനങ്ങൾ കോർത്തിണക്കിയായിരുന്നു മെഹ്ഫിൽ രൂപപ്പെടുത്തിയത്. വേദിയിൽ കെ.എസ്. ചിത്ര, ഉമ്പായി, റൂണാ റിസ്വി, ഗായത്രി, വീത് രാഗ്, രഞ്ജിനി ജോസ്, ജിതേഷ് സുന്ദരം എന്നിവർ മനം നിറഞ്ഞ് പാടി. ഉത്തരേന്ത്യൻ പ്രഗല്ഭരാണ് തബല ഉൾപ്പെടെ സംഗീത ഉപകരണങ്ങൾ കൈകാര്യംചെയ്തത്. വേദിയിലുണ്ടായിരുന്ന നടി കാവ്യ മാധവനും ഗാനമാലപിച്ചു.

ഉമ്പായിയുടെ ഗാനാലാപനത്തോടെയാണ് മെഹ്ഫിൽ രാവിന് തുടക്കമായത്. പിന്നീട് ചിത്രയും റൂണയും വീത് രാഗും ജിതേഷും ഗായത്രിയും ജിതേഷും മാറിമാറി സദസ്സിനെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. മീഡിയവൺ പ്രോഗ്രാം മേധാവി ഷിബു ചക്രവർത്തിയാണ് മെഹ്ഫിൽ അണിയിച്ചൊരുക്കിയത്. ക്രിസ് അവതാരകനായി. നിർമ്മാണ മേഖലയിൽ പേരുകേട്ട അസറ്റ് ഹോംസുമായി ചേർന്നാണ് മീഡിയവൺ യു.എ.ഇ ആസ്വാദകർക്കു വേണ്ടി വേറിട്ട സംരംഭം ആവിഷ്‌കരിച്ചത്. ഷാർജ സർവകലാശാല വൈസ് ചാൻസലർ മാജിദ് മുഹമ്മദ് അൽജർവാൻ ഉദ്ഘാടനം നിർവഹിച്ചു.

മീഡിയവൺ എം.ഡി ഡോ. അബ്ദുസ്സലാം അഹ്മദും അസറ്റ് ഹോംസ് എം.ഡി വി. സുനിൽകുമാറും അതിഥികളെ സ്വാഗതംചെയ്തു. എറണാകുളം ഉൾപ്പെടെ കേരളത്തിലെ ഏഴു ജില്ലകളിൽ അസറ്റ് ഹോംസിന്റെ പുതിയ സംരംഭങ്ങളുടെ വിളംബരം ചടങ്ങിൽ നടന്നു. ഗൾഫ് മാദ്ധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, ഡി.എം ഹെൽത്ത് കെയർ മേധാവി ഡോ. ആസാദ് മൂപ്പൻ, ജോയ് ആലുക്കാസ് മേധാവി ജോയ് ആലുക്ക, കല്യാൺ സിൽക്‌സ് മേധാവി പട്ടാഭിരാമൻ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.