- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടിക്കൊണ്ടു വന്നതാണെന്ന് മെഹുൽ ചോക്സിയുടെ അഭിഭാഷകർ; ഹാജരായത് വീൽചെയറിൽ, ആന്റിഗ്വയിൽനിന്ന് അനുമതിയില്ലാതെ ഡൊമിനിക്കയിൽ പ്രവേശിച്ച കേസിൽ ജാമ്യം നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി; ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി
ന്യൂഡൽഹി: ഡൊമിനിക്കയിൽ അറസ്റ്റിലായ വിവാദ വ്യവസായി മെഹുൽ ചോക്സിക്ക് ജാമ്യം നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി. ആന്റിഗ്വയിൽനിന്ന് അനുമതിയില്ലാതെ ഡൊമിനിക്കയിൽ പ്രവേശിച്ച കേസിലാണ് ജാമ്യം നിഷേധിച്ചത്.
സഹോദരീപുത്രൻ നീരവ് മോദിയുമായി ചേർന്ന് പഞ്ചാബ് നാഷനൽ ബാങ്കിനെ കബളിപ്പിച്ച് 13,500 കോടി രൂപ തട്ടിയെടുത്ത് ഇന്ത്യയിൽനിന്ന് കടന്ന ചോക്സി ആന്റിഗ്വയിലായിരുന്നു. ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാറില്ലാത്ത രാജ്യങ്ങളിലൊന്നാണ് ആന്റിഗ്വ. അവിടെനിന്ന് ഡൊമിനിക്കയിലെത്തിയപ്പോഴാണ് ചോക്സിയെ അറസ്റ്റ് ചെയ്തത്.
വീൽചെയറിൽ നീല ടീ ഷർട്ടും കടുംനീല ഷോർട്സും ധരിച്ചാണ് മജിസ്ട്രേറ്റ് കോടതിയിൽ ചോക്സി ഹാജരായത്. ആന്റിഗ്വയിൽനിന്ന് തന്നെ തട്ടിക്കൊണ്ടുവന്നതാണെന്ന നിലപാടാണ് ചോക്സി സ്വീകരിച്ചത്.
സമാന കേസിൽ ഡൊമിനിക്കയിൽ നിരവധിപ്പേർക്കു ജാമ്യം ലഭിച്ചിട്ടുണ്ട്. അതിനാൽ ചോക്സിക്കും ജാമ്യം വേണമെന്ന് അഭിഭാഷകൻ വാദിച്ചു. എന്നാൽ ജാമ്യം അനുവദിക്കരുതെന്നാണ് ഡൊമിനിക്കൻ സർക്കാർ കോടതിയിൽ നിലപാടെടുത്തത്.
'ഡൊമിനിക്കയുമായി ഒരു ബന്ധവും ചോക്സിക്ക് ഇല്ല. ജാമ്യം നൽകിയാൽ അദ്ദേഹം രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കാനാകില്ല. ഇന്ത്യയിൽ 11 കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്. ഇന്റർപോൾ റെഡ് നോട്ടിസും ഇയാൾക്കെതിരെയുണ്ട്' സർക്കാർ കോടതിയിൽ പറഞ്ഞു. ഇതേത്തുടർന്നാണ് ജാമ്യം നിഷേധിച്ച് കോടതി ഉത്തരവിട്ടത്.
ചോക്സിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ചോക്സിക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
വായ്പ തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്ന് മുങ്ങിയ വജ്രവ്യാപാരിയായ മെഹുൽ ചോക്സി അനധികൃതമായി രാജ്യത്ത് പ്രവേശിച്ചെന്ന കേസിലാണ് അറസ്റ്റിലായത്.
ചോക്സിയെ വിട്ടുനൽകണമെന്ന ആവശ്യം ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഡൊമിനിക്കയിൽ നിന്ന് ചോക്സിയെ നേരിട്ട് ഇന്ത്യക്ക് കൈമാറണമെന്നാണ് ആന്റിഗ്വയുടെ നിലപാട്. ചോക്സിയെ വിട്ടുകിട്ടുന്നതിനായി സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഡൊമിനിക്കയിലെത്തിയിരിക്കുകയാണ്.
13,500 കോടി രൂപയുടെ പി.എൻ.ബി വായ്പ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 2018 മുതൽ ഇന്ത്യയിലെ വിവിധ ഏജൻസികൾ അന്വേഷിച്ചുകൊണ്ടിരുന്ന പ്രതിയാണ് ചോക്സി.
62കാരനായ ചോക്സി, 2018 മുതൽ കരീബിയൻ ദ്വീപ് രാഷ്ട്രമായ ആന്റിഗ്വയിൽ ഒളിവിൽ കഴിയുകയായിരന്നു. ഇതിനിടെ ആന്റിഗ്വ പൗരത്വവും നേടി. ദിവസങ്ങൾക്ക് മുമ്പ് ചോക്സിയെ ആന്റിഗ്വയിൽ കാണാതാവുകയും അയൽ രാജ്യമായ ഡൊമിനിക്കയിൽ പിടിയിലാവുകയുമായിരുന്നു.
ന്യൂസ് ഡെസ്ക്